ഓട്ടോ സ്​റ്റാൻഡുകൾക്ക് അംഗീകാരം: നഗരസഭ നീക്കം പാളി

മൂവാറ്റുപുഴ: നഗരത്തിൻെറ വിവിധ ഇടങ്ങളിലെ ഓട്ടോ സ്റ്റാൻഡുകൾക്ക് അംഗീകാരം നൽകാനുള്ള നഗരസഭ നീക്കം പാളി. പ്രതിപക്ഷ നേതാവടക്കമുള്ള കൗൺസിലർമാരുടെ പരാതിയെത്തുടർന്ന് നഗരസഭ നൽകിയ പട്ടിക മോേട്ടാർ വാഹന വകുപ്പ് അധികൃതർ തടഞ്ഞുെവച്ചു. നിയമം ലംഘിച്ചും കൗൺസിലിൽ ചർച്ച ചെയ്യാതെയുമാണ് ഓട്ടോ സ്റ്റാൻഡുകൾക്കും എഴുനൂറോളം ഓട്ടോകൾക്കും അംഗീകാരം നൽകാനുള്ള തീരുമാനമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് കെ.എ. അബ്ദുൽ സലാമും ഉപനേതാവ് സി.എം. ഷുക്കൂറുമാണ് പരാതി നൽകിയത്. നഗരത്തിൽ നിലവിലുള്ള 36 ഓട്ടോ സ്റ്റാൻഡുകൾക്ക് അംഗീകാരം നൽകണമെന്നും ഓട്ടോകൾക്ക് ബോണറ്റ് നമ്പറും പെർമിറ്റ് നമ്പറും നൽകണമെന്നുമാവശ്യപ്പെട്ട് നഗരസഭ കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് നൽകിയത്. ഓട്ടോ സ്റ്റാൻഡുകൾ ആരംഭിക്കാൻ റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ അംഗീകാരം വേണം. എന്നാൽ, മൂവാറ്റുപുഴയിൽ ഇത്തരത്തിൽ അംഗീകാരം നേടിയ ഒന്നുപോലുമില്ല. ഓട്ടോ സ്റ്റാൻഡുകൾക്ക് പേരോ നമ്പറോ നഗരസഭ നൽകിയിട്ടില്ല. പാർക്കിങ് തടസ്സപ്പെടുത്തി വ്യാപാരമാന്ദ്യവും ഗതാഗതക്കുരുക്കും സൃഷ്ടിക്കുന്ന തരത്തിലുള്ള ഓട്ടോ സ്റ്റാൻഡുകൾ സൗകര്യമുള്ളിടങ്ങളിലേക്ക് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞവർഷം മർച്ചൻറ്സ് അസോസിയേഷൻ കോടതിയെ സമീപിച്ചിരുന്നു. അനധികൃത ഓട്ടോ സ്റ്റാന്‍ഡുകൾക്കെതിരെ നടപടി സ്വീകരിക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു. ഇത് മറികടക്കാനാണ് പുതുതായി ആരംഭിച്ച ഓട്ടോ സ്റ്റാന്‍ഡുകൾക്കുപോലും അംഗീകാരം നൽകണമെന്നാവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പിന് നഗരസഭ റിപ്പോർട്ട് നൽകിയതെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.