ആലപ്പുഴ: ശതാബ്ദിയുടെ നിറവിലെത്തിയ കെ.ആർ. ഗൗരിയമ്മയെ സാംസ്‌കാരിക, പട്ടികജാതി-വർഗ ക്ഷേമമന്ത്രി എ.കെ. ബാലൻ സന്ദർശിച്ചു. ഞായറാഴ്ച വൈകീട്ട് 3.30നാണ് ആരോഗ്യ വകുപ്പ് മുൻ ഡയറക്ടർ കൂടിയായ ഭാര്യ ഡോ. പി.കെ. ജമീലയോടൊപ്പം അദ്ദേഹം ചാത്തനാട്ടുള്ള ഗൗരിയമ്മയുടെ വീട്ടിലെത്തി പിറന്നാൾ ആശംസിച്ചത്. 37 വർഷത്തെ ആത്മബന്ധമാണ് താനും ഗൗരിയമ്മയുമായുള്ളതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. തൻെറ വിവാഹത്തിന് കാർമികത്വം വഹിച്ചത് ഗൗരിയമ്മയാണെന്ന കാര്യവും മന്ത്രി അനുസ്മരിച്ചു. പിന്നാക്ക വികസന കോർപറേഷൻ ചെയർമാൻ ടി.കെ. സുരേഷും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. തങ്ങളൊക്കെ ചെറുപ്പത്തിൽ ആവേശത്തോടെ കേൾക്കുന്ന മൂന്ന് പേരുകളായിരുന്നു ഇ.എം.എസ്, എ.കെ.ജി, ഗൗരിയമ്മ എന്നിവരെന്ന് മന്ത്രി പറഞ്ഞു. അന്ന് കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട ഒരു മുദ്രാവാക്യം ഉണ്ടായിരുന്നു: 'പറ്റൂല ഇനി പറ്റൂല... കുടിയിറക്കൽ ഇനി പറ്റൂല; കിട്ടൂല, ഇനി കിട്ടൂല പാട്ടവും വാരവും ഇനി കിട്ടൂല...' മന്ത്രി ഈ മുദ്രാവാക്യം ഉറക്കെച്ചൊല്ലിയപ്പോൾ ഗൗരിയമ്മ കേട്ടിരുന്നു. ഗൗരിയമ്മ തുടക്കമിട്ട ഈ മുദ്രാവാക്യത്തിൻെറ ഭാഗമായിരുന്നു കേരള ഭൂപരിഷ്‌കരണ നിയമമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.