മെട്രോയുടെ അമരത്തുനിന്ന്​ മുഹമ്മദ്​ ഹനീഷ്​ പുതിയ ദൗത്യത്തിലേക്ക്​

മെട്രോയുടെ അമരത്തുനിന്ന് മുഹമ്മദ് ഹനീഷ് പുതിയ ദൗത്യത്തിലേക്ക് blurb: മെട്രോ രണ്ടാം ഘട്ടമായ കലൂർ-കാക്കനാട് സർവിസിന് അനുമതിക്കുള്ള അന്തിമനടപടി കേന്ദ്രസർക്കാറിൻെറ പരിഗണനയിലാണെന്ന് ഹനീഷ് കൊച്ചി: രണ്ടരവർഷത്തോളം കൊച്ചിയുടെ വികസനമുഖത്തിനൊപ്പം കർമനിരതനായി നിന്ന എ.പി.എം. മുഹമ്മദ് ഹനീഷിന് ഇനി പുതിയ ദൗത്യം. വ്യവസായ വകുപ്പ് സെക്രട്ടറിയായി നിയമിക്കപ്പെട്ട ഹനീഷ് ഏൽപിക്കപ്പെട്ട ദൗത്യങ്ങൾ വിജയത്തിലെത്തിക്കാൻ കഴിഞ്ഞതിൻെറ ചാരിതാർഥ്യവുമായാണ് ചുമതലകൾ ഒഴിയുന്നത്. സപ്ലൈകോ ചെയർമാനും മാനേജിങ് ഡയറക്ടറുമായും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) മാനേജിങ് ഡയറക്ടറായും കേന്ദ്ര സ്മാർട്ട്സിറ്റി പദ്ധതിയുടെ ഭാഗമായ കൊച്ചിൻ സ്മാർട്ട്സിറ്റി മിഷൻ സി.ഇ.ഒ ആയും ആണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. മുമ്പ് എറണാകുളം കലക്ടറായി സേവനമനുഷ്ഠിച്ചിട്ടുള്ള മുഹമ്മദ് ഹനീഷ് രണ്ടരവർഷം മുമ്പ് സപ്ലൈകോ സി.എം.ഡിയായാണ് കൊച്ചിയിൽ മടങ്ങിയെത്തിയത്. ലോറികളും ഗോഡൗണുകളുമടക്കം റേഷൻ വിതരണശൃംഖല സപ്ലൈകോ ഏറ്റെടുത്തതും വിറ്റുവരവിൽ റെക്കോഡ് സൃഷ്ടിച്ചതും ഇക്കാലത്തായിരുന്നു. റേഷൻ കടകളിലെ ഇ-പോസ് മെഷീൻ അടക്കം സംവിധാനങ്ങൾ വിജയകരമായി നടപ്പാക്കുകയും ചെയ്തു. സപ്ലൈകോ സി.എം.ഡിയായിരിക്കെ ആറുമാസത്തോളം മെട്രോയുടെ അധികച്ചുമതല വഹിക്കുകയും പിന്നീട് സപ്ലൈകോയിൽനിന്ന് മാറ്റി മുഴുവൻ ചുമതല ഏൽപിക്കുകയുമായിരുന്നു. മെട്രോയുടെ വരുമാനം വർധിച്ച് ലാഭത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഈ ഘട്ടത്തിൽ ഏറെ അഭിമാനമുണ്ടെന്നും മുഹമ്മദ് ഹനീഷ് പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഓട്ടോറിക്ഷ സൊസൈറ്റി രൂപവത്കരിച്ച് മെട്രോയുടെ ഫീഡർ സർവിസാക്കി. മെട്രോയുടെ രണ്ടാംഘട്ടമായ കലൂർ-കാക്കനാട് സർവിസിന് അനുമതിക്കുള്ള അന്തിമനടപടി കേന്ദ്രസർക്കാറിൻെറ പരിഗണനയിലാണ്. മഹാരാജാസ് സ്റ്റേഷനിൽനിന്ന് തൈക്കൂടം വരെയുള്ള സർവിസ് ആഗസ്റ്റോടെ തുടങ്ങും. തൃപ്പൂണിത്തുറയിലേക്ക് നീട്ടാനും ഭരണാനുമതി ലഭിച്ചു. കാക്കനാട് മെട്രോ സിറ്റിക്ക് 17 ഏക്കർ ഭൂമി ഏറ്റെടുത്തു. സ്മാർട്ട് സിറ്റിയുടെ ഭാഗമായി പദ്ധതികൾ ടെൻഡർ ചെയ്തതായും ചിലത് നിർമാണം തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. എന്നാൽ, തൈക്കൂടത്തേക്ക് മെട്രോ സർവിസ് ഉദ്ഘാടനം ചെയ്യുന്നതിനുമുമ്പ് ചുമതല ഒഴിയേണ്ടിവരുന്നതിലുള്ള മാനസിക വിഷമവും ഇദ്ദേഹം മറച്ചുവെക്കുന്നില്ല. കൊച്ചി മെട്രോയിൽനിന്ന് വ്യവസായ വകുപ്പിലേക്ക് മാറ്റിയതായ ഉത്തരവിൽ അധികച്ചുമതലകളെക്കുറിച്ചൊന്നും പരാമർശമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.