ആലപ്പുഴ കനാൽ നവീകരണം: ഒന്നാംഘട്ടം പൂർത്തിയാകുന്നു

ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ കനാലുകളുടെ നവീകരണത്തിൻെറ ഒന്നാംഘട്ടം പൂർത്തിയാവുന്നു. ഒമ്പത് പ്രധാന കനാലുകളുടെയ ും 15ൽപരം ചെറു കനാലുകളുടെയും നവീകരണമാണ് നടക്കുന്നത്. നാല് ഘട്ടമായി നടക്കുന്ന നവീകരണത്തിന് 108 കോടിയാണ് സർക്കാർ അനുവദിച്ചത്. ഉപ്പുട്ടി കനാലിൽനിന്ന് ആരംഭിച്ച പദ്ധതിയുടെ ഒന്നാംഘട്ടം 31ന് പൂർത്തിയാക്കും. കനാലുകൾ വറ്റിച്ച് ചെളി കോരി വൃത്തിയാക്കലാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. ഇതിനുശേഷം ഉപ്പുവെള്ളം കയറ്റി ശുദ്ധിയാക്കും. 33 കിലോമീറ്റർ ദൂരത്തിലാണ് പ്രധാന കനാലുകളുടെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. കനാൽ ശുചീകരണത്തിന് ശേഷവും മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. കൂടാതെ കനാലിലേക്ക് തുറന്നിരിക്കുന്ന എല്ലാ കുഴലുകളും അടക്കും. ജലസേചന വകുപ്പിൻെറ നേതൃത്വത്തിലാണ് നവീകരണ ജോലികൾ നടക്കുന്നത്. കനാലിലേക്ക് മാലിന്യം തള്ളുന്നത് തടഞ്ഞുകൊണ്ട് ആലപ്പുഴ നഗരസഭ ഹോട്ടലുകൾക്കും മറ്റും നോട്ടീസ് നൽകൽ ആരംഭിച്ചു. വാടക്കനാൽ, വാണിജ്യക്കനാൽ, വെസ്റ്റ് ജങ്ഷൻ കനാൽ, ഈസ്റ്റ് ജങ്ഷൻ കനാൽ, ഉപ്പൂട്ടിക്കനാൽ, മുറിഞ്ഞപുഴ തോട്, കൊട്ടാരംതോട്, ആലപ്പുഴ-ചേർത്തല കനാൽ (ഏകദേശം 18 കിലോമീറ്റർ), ആലപ്പുഴ-അമ്പലപ്പുഴ കനാൽ എന്നിവയാണ് നവീകരണ പദ്ധതി ഉൾപ്പെട്ട പ്രധാന കനാലുകൾ. ആദ്യഘട്ടത്തിൽ കനാലിൽ ബണ്ട് കെട്ടി വെള്ളം വറ്റിക്കും. പിന്നീട് നീക്കം ചെയ്യുന്ന ചളി ലോറിയിൽ മണ്ണഞ്ചേരിയിൽ എത്തിച്ച് ബാർജ് വഴി കുട്ടനാട്ടിലേക്ക് കൊണ്ടുപോകും. കുട്ടനാട്ടിലെ പാടങ്ങളുടെ പുറംബണ്ട് ശക്തിപ്പെടുത്താൻ ഈ ചെളി സൗജന്യമായി നൽകും. പടിഞ്ഞാറുനിന്നു കിഴക്കോട്ട് എന്ന രീതിയിൽ ആണ് ബണ്ടിൻെറ നിർമാണം. നീരൊഴുക്കിന് തടസ്സമായി നിൽക്കുന്ന ബണ്ടുകൾ നീക്കം ചെയ്യും. കനാലിലേക്ക് മറിഞ്ഞുകിടക്കുന്ന മരങ്ങളും മറിയാൻ സാധ്യതയുള്ള മരങ്ങളും മുറിച്ചുമാറ്റും. 48 കോടി വകയിരുത്തിയിരിക്കുന്ന രണ്ടാം ഘട്ടത്തിൽ നഗരസഭ വഴി അമൃത് പദ്ധതിയിലൂടെ ചെറുകനാലുകളുടെ നവീകരണമാണ് നടക്കുന്നത്. ശേഷം 145 പ്രോജക്ടുകളിലായി 36 കിലോമീറ്റർ കനാലുകളുടെ നവീകരണം നടത്തും. അയ്യപ്പൻ പൊഴി, തുമ്പോളി പൊഴി നവീകരണം എന്നിവയാണ് രണ്ടാം ഘട്ടത്തിൽ ചെയ്യുന്നത്. മൂന്നാംഘട്ടത്തിൽ ആദ്യ രണ്ട് ഘട്ടത്തിലും പെടാത്ത കനാലുകളുടെ നവീകരണം നടത്തും. നാലാം ഘട്ടത്തിൽ വൃത്തിയാക്കിയ കനാലുകളിൽ പോള ശല്യം ഒഴിവാക്കാനായി ഉപ്പുവെള്ളം കയറ്റി ശുദ്ധീകരണം നടത്തും. ഉപ്പൂട്ടി കനാലിലേക്ക് കടലിൽനിന്ന് മോട്ടോർ പമ്പ് ഉപയോഗിച്ചു വെള്ളം കയറ്റാനും ഇറക്കാനുമുള്ള പദ്ധതിയും വെള്ളം കായലിൽ എത്താതിരിക്കാൻ വാടക്കനാൽ, വാണിജ്യക്കനാൽ, ആലപ്പുഴ-അമ്പലപ്പുഴ കനാൽ, ചേർത്തല കനാൽ എന്നിവിടങ്ങളിൽ റെഗുലേറ്റർ സ്ഥാപിക്കൽ എന്നിവയും കനാലുകളുടെ സൗന്ദര്യവത്കരണവും നാലാംഘട്ടത്തിൽ നടക്കും. ടെസ്റ്റിനിടെ ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ തമ്മില്‍ അടിപിടി ചേര്‍ത്തല: ഡ്രൈവിങ് ലൈസന്‍സിനുള്ള ടെസ്റ്റ് നടക്കുന്നതിനിടയിൽ ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ തമ്മില്‍ അടിപിടി. ഒരാള്‍ക്ക് പരിക്കേറ്റു. ചേർത്തല ടി.ബിക്ക് സമീപം ടെസ്റ്റ് നടക്കുന്ന മൈതാനിയില്‍ വ്യാഴാഴ്ച രാവിലെ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സംഭവം. ഒരു വിഭാഗം സ്കൂൾ ഉടമകൾ പൊലീസിലും ഗതാഗതവകുപ്പ് അധികൃതർക്കും പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.