ആലപ്പുഴ: നഗരസഭ ശതാബ്ദി മന്ദിര നിർമാണത്തിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷം നഗരസഭ കൗൺസിൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പ ോയി. വ്യാഴാഴ്ച രാവിലെ ചേർന്ന യോഗത്തിലാണ് വാക്കുതർക്കം നടന്നത്. നിർമാണം ടെൻഡർചെയ്യാതെ ഒരു കമ്പനിക്ക് നൽകിയെന്നും അഡ്വാൻസ് ഇനത്തിൽ കോടിക്കണക്കിന് രൂപ നൽകിയെന്നും പ്രതിപക്ഷനേതാവ് ഡി. ലക്ഷ്മണൻ ആരോപിച്ചു. നിർമാണം ഏറ്റെടുത്ത കമ്പനിയല്ല പ്രവൃത്തി നടത്തുന്നത്. മറ്റൊരാൾക്ക് സബ് കോൺട്രാക്റ്റ് നൽകി. ഇതാണ് ചോദ്യം ചെയ്യപ്പെടുന്നതെന്നും പ്രതിപക്ഷം പറയുന്നു. എൽ.ഡി.എഫ് പരാതി അനുസരിച്ച് വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെയാണ് നിർദിഷ്ട നിർമാണത്തിൽ മാറ്റം കൊണ്ടുവരാൻ ശ്രമിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. ശതാബ്ദി മന്ദിരം കെട്ടിടനിർമാണ പ്രവർത്തിക്ക് മാറ്റം വേണമെന്ന അജണ്ടയിലാണ് തർക്കവും പ്രതിഷേധവും അരങ്ങേറിയത്. അനുബന്ധ സ്ഥാപനമായ ജനസേവനകേന്ദ്രം തൽക്കാലം നിർമിക്കേണ്ടതില്ലെന്നും അത് പാർക്കിങ് ഏരിയയായി ഉപയോഗിക്കണമെന്നും നിർദേശം യോഗത്തിൽ ഉയർന്നു. പൊതുമേഖല സ്ഥാപനത്തിനാണ് നിർമാണ ചുമതല നൽകിയതെന്നും നിർമാണവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണം നേരിടാനും തയാറാണെന്നും നഗരസഭ ചെയർമാൻ തോമസ് ജോസഫ് വ്യക്തമാക്കി. ജില്ല പ്ലാനിങ് ബോർഡിൻെറ അംഗീകാരത്തോടെ കൗൺസിൽ പാസാക്കിയ പദ്ധതിയാണിത്. അന്നൊന്നും ആരും പരാതി ഉന്നയിച്ചിട്ടില്ല. 90 ശതമാനം നിർമാണവും നടപടി ക്രമങ്ങളും പാലിച്ചാണ് പൂർത്തിയാക്കിയത്. നിർദിഷ്ട പദ്ധതിയിൽ ഒരു രൂപപോലും കൂടുതൽ ചെലവാക്കാതെ ചില പരിഷ്കാരം നടത്തുന്നതിനാണ് ശ്രമിക്കുന്നത്. അഴിമതി ചൂണ്ടിക്കാണിച്ചാൽ നഗരസഭ ചെയർമാൻ സ്ഥാനം രാജിവെയ്ക്കാൻ തയാറാണ്. വിജിലൻസ് വരെ തള്ളിയ കേസാണ് പ്രതിപക്ഷം ഉയർത്തിക്കാണിക്കുന്നതെന്നും തോമസ് ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.