പുത്തൻവേലിക്കരയിൽ രൂക്ഷ കുടിവെള്ളക്ഷാമം; പമ്പിങ് കാര്യക്ഷമമല്ലന്ന്

പറവൂർ: പുത്തൻവേലിക്കര പഞ്ചായത്തിൻെറ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. പമ്പിങ് കാര്യക്ഷമമല്ലാത ്തതാണ് കുടിവെള്ള ക്ഷാമം രൂക്ഷമാകാൻ കാരണമെന്ന ആക്ഷേപം ശക്തമാണ്. വാട്ടർ അതോറിറ്റിയുടെ നിസ്സംഗതയും അലസതയുമാണ് ഗ്രാമത്തിൻെറ വിവിധ ഭാഗങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകാൻ ഇടവരുത്തിയത്. ഇതേത്തുടർന്ന് ജലക്ഷാമം രൂക്ഷമായ സ്ഥലങ്ങളിൽ പഞ്ചായത്തിൻെറ നേതൃത്വത്തിൽ ടാങ്കർ ലോറികളിൽ വെള്ളമെത്തിക്കുകയാണ്. ചാലക്കുടിപ്പുഴയിൽ നിന്നാണ് പഞ്ചായത്തിൻെറ വിവിധ പ്രദേശങ്ങളിലേക്ക് വെള്ളം വിതരണം ചെയ്യുന്നത്. രണ്ട് ലോറികളിലായി ദിവസവും പന്ത്രണ്ടോളം തവണ കുടിവെള്ളമെത്തിക്കുന്നു. പൈപ്പ് പൊട്ടൽ, അടിക്കടിയുള്ള വൈദ്യുതി മുടക്കം, പമ്പിങ് സ്റ്റേഷനിലെ തകരാറുകൾ എന്നിവ കുടിവെള്ള വിതരണത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കൊടുംവേനലിൽ കിണറുകൾ വറ്റിയതോടെ കൂടുതൽ ആളുകൾ പൈപ്പ് വെള്ളത്തെയാണ് ആശ്രയിക്കുന്നത്. പമ്പിങ് നടത്തിയാലും ഉയർന്ന പ്രദേശങ്ങളായ മാനാഞ്ചേരിക്കുന്ന്, കൈതച്ചിറ, വാഴവളപ്പ്, തുരുത്തൂർ എന്നിവിടങ്ങളിലും പമ്പിങ് സ്റ്റേഷനിൽനിന്ന് ഏറെ അകലെയുള്ള പഞ്ഞിപ്പള്ള, തുരുത്തിപ്പുറം, വെള്ളോട്ടുംപുറം എന്നിവിടങ്ങളിലും കുടിവെള്ളമെത്തുന്നില്ല. ഓവർഹെഡ് ടാങ്ക് പ്രവർത്തനക്ഷമമായിരുന്നെങ്കിൽ പ്രശ്നത്തിന് ഒരുപരിധിവരെ പരിഹാരം കാണാൻ കഴിയുമായിരുന്നെന്നും ടാങ്കിൽ വെള്ളമുണ്ടെങ്കിൽ വൈദ്യുതി ഇല്ലെങ്കിലും കുടിവെള്ളം വിതരണം ചെയ്യാൻ കഴിയുമെന്നും പരിസ്ഥിതി പ്രവർത്തകനായ എം.പി. ഷാജൻ പറഞ്ഞു. പഞ്ചായത്തിൽ കൊടികുത്തിയകുന്നിലെ ടാങ്ക് ഉപയോഗശൂന്യമാണ്. പുത്തൻവേലിക്കര പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.