ആലുവ/കളമശ്ശേരി: കളമശ്ശേരിയിൽ മൂന്നു വയസ്സുകാരന് ക്രൂരമായി മർദനമേറ്റ സംഭവത്തിൽ മാതാവ് അറസ്റ്റിൽ. ഝാർഖണ്ഡ് സ്വ ദേശി ഹന ഖാത്തൂനെയാണ് (28) ഏലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അനുസരണക്കേട് കാട്ടിയതിനാണ് കുട്ടിയെ മർദിച്ചതെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു. വധശ്രമത്തിനും ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരവുമാണ് കേസെടുത്തത്. തലച്ചോറിന് മാരക പരിക്കുമായി ആലുവ രാജഗിരി ആശുപത്രിയിൽ വൻെറിലേറ്ററിൻെറ സഹായത്തോടെ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. തലച്ചോറിൽ ക്ഷതവും ദേഹമാസകലം മർദനത്തിൻെറയും പൊള്ളലിൻെറയും പാടുകളുമായി ബുധനാഴ്ച ഉച്ചയോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പശ്ചിമബംഗാൾ സ്വദേശിയായ പിതാവാണ് കുട്ടിയെ കൊണ്ടുവന്നത്. ഏണിപ്പടിയിൽനിന്ന് വീണതാണെന്നാണ് ഇയാൾ പറഞ്ഞത്. ഡോക്ടർമാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച പൊലീസ് നടത്തിയ വിശദ ചോദ്യം ചെയ്യല്ലിൽ മാതാവ് കുറ്റം സമ്മതിച്ചു. ബുധനാഴ്ച രാത്രി കുട്ടിക്ക് മൂന്നു മണിക്കൂർ നീണ്ട അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതോടെ, തലച്ചോറിലെ രക്തസ്രാവം നിയന്ത്രണ വിധേയമായി. എന്നാൽ, തലച്ചോറിൻെറ പ്രവർത്തനം മന്ദഗതിയിലാണ്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ നിർദേശപ്രകാരം ന്യൂറോ സർജറി മേധാവി ഡോ. പി.കെ. ബാലകൃഷ്ണൻെറ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളജിലെ അഞ്ചു ഡോക്ടർമാരെ ഉൾപ്പെടുത്തി പ്രത്യേക മെഡിക്കൽ സംഘത്തിന് രൂപം നൽകി. ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്നും കുട്ടിയെ സാമൂഹികക്ഷേമ വകുപ്പ് ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു. കുട്ടിയുടെ ശരീരത്തിൻെറ പല ഭാഗത്തും മർദനമേറ്റതിൻെറയും ചട്ടുകം വെച്ച് പൊള്ളിച്ചതിൻെറയും പാടുണ്ട്. കുട്ടിക്ക് തുടർച്ചയായി മർദനം ഏൽക്കേണ്ടിവന്നതായും തടിക്കഷണം പോലെ കട്ടിയുള്ള വസ്തുകൊണ്ട് തലക്കടിച്ചതായുമാണ് പരിക്കുകളിൽനിന്ന് മനസ്സിലാകുന്നതെന്ന് പൊലീസ് പറഞ്ഞു. തലച്ചോറിൻെറ വലതുഭാഗത്തെ പരിക്ക് മാരകമാണെന്നും 48 മണിക്കൂറിന് ശേഷമേ എന്തെങ്കിലും പറയാനാകൂ എന്നും ഫോറൻസിക് മെഡിസിൻ മേധാവി ഡോ. എൻ. ജയദേവ് അറിയിച്ചു. ഝാർഖണ്ഡിൽനിന്ന് രണ്ടാഴ്ച മുമ്പാണ് കുട്ടിയുമായി അമ്മ കൊച്ചിയിൽ എത്തിയത്. കുടുംബത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി ഝാർഖണ്ഡ് പൊലീസിൻെറ സഹായം തേടിയിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമീഷണർ എസ്. സുരേന്ദ്രൻ അറിയിച്ചു. കൊച്ചിയിൽനിന്ന് പ്രത്യേക പൊലീസ് സംഘം അടുത്ത ദിവസം ഝാർഖണ്ഡിലേക്ക് പോകും. അയൽവാസികളുടെയും മൊഴിയെടുക്കും. അറസ്റ്റിലായ മാതാവിനെ രാത്രിയോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.