കളമശ്ശേരി: മൂന്നുവയസ്സുകാരന് മർദനമേറ്റതിൻെറ വിശദാംശങ്ങൾ പൊലീസിന് ലഭിച്ചത് ഇതര സംസ്ഥാനക്കാരായ ദമ്പതികളെ മണ ിക്കൂറുകൾ ചോദ്യംചെയ്തതിലൂടെ. ഒറ്റക്കും ഒരുമിച്ചുമാണ് ഇരുവരെയും ചോദ്യംചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതി ഹന ഖാത്തൂനെ വ്യാഴാഴ്ച വൈകീട്ട് മൂന്നോടെ ഏലൂർ പുത്തലം റോഡിലെ വാടകവീട്ടിൽ തെളിവെടുപ്പിന് കൊണ്ടുവന്നു. തെളിവെടുപ്പും മണിക്കൂറുകൾ നീണ്ടു. ഏണിപ്പടിയിൽനിന്ന് വീണതാണെന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ പിതാവ് പറഞ്ഞത്. എന്നാൽ, തലച്ചോറിലെ പൊട്ടൽ അടുക്കളയിലെ മൂന്നടി ഉയരത്തിലുള്ള സ്ലാബിന് മുകളിൽ നിന്നുള്ള വീഴ്ചയിൽ ഉണ്ടായതാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. അതേസമയം, കുട്ടിയെ താൻ മർദിച്ചതായും അരക്ക് പിൻഭാഗത്തിന് കീഴെ ചട്ടുകംവെച്ച് പൊള്ളിച്ചതായും ഇവർ പൊലീസിനോട് സമ്മതിച്ചു. സാധാരണവീഴ്ചയിൽ ഉണ്ടാകാൻ സാധ്യതയില്ലാത്ത പരിക്കുകളാണ് കേസിൽ നിർണായക വഴിത്തിരിവായതും മാതാവിൻെറ അറസ്റ്റിലേക്ക് എത്തിച്ചതും. ഈ മാസം ഒന്നിനാണ് ഏലൂർ പുത്തലത്തെ മെട്രോയുടെ കോൺക്രീറ്റിങ് യാർഡിന് സമീപം മാടപ്പാട് വാടകക്ക് താമസിക്കാൻ കുട്ടിയുമൊത്ത് ദമ്പതികളെത്തിയത്. യാർഡിലെ പുള്ളർ ഡ്രൈവറാണ് പിതാവ്. മകനോട് ഏറെ വാൽസല്യമുള്ള പിതാവ് ബുധനാഴ്ച ഉച്ചഭക്ഷണത്തിന് വീട്ടിലെത്തിയപ്പോഴാണത്രേ പരിക്കേറ്റ് അവശനിലയിലായ കുട്ടിയെ കാണുന്നത്. ഉടൻ ഇയാൾതന്നെ ആശുപത്രിയിൽ എത്തിച്ചു. ഏലൂർ പൊലീസ് ആശുപത്രിയിൽ പിതാവിൽനിന്ന് മൊഴിയെടുത്തശേഷമാണ് വാടകവീട്ടിലെത്തി മാതാവിനെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ നാട്ടിലെ ബന്ധുക്കളിൽനിന്ന് തെളിവ് ശേഖരിക്കുന്നതിനൊപ്പം ആവശ്യമെങ്കിൽ ഡി.എൻ.എ പരിശോധന നടത്താനും പൊലീസ് ആലോചിക്കുന്നുണ്ട്. തെളിവെടുപ്പിന് പ്രതിയുമായി പൊലീസ് വാടകവീട്ടിലെത്തുമ്പോഴാണ് ക്രൂര മർദനത്തിൻെറ കഥ സമീപവാസികളും നാട്ടുകാരും അറിയുന്നത്. കുട്ടിയെ തങ്ങളാരും പുറത്ത് കണ്ടിട്ടില്ലെന്ന് അയൽവാസികൾ പറയുന്നു. ഏലൂർ സി.ഐ എം.സി ജിംസ്െറ്റെൽ, എസ്.ഐ കെ.ജെ. ജോബി എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.