ആലപ്പുഴ: ജില്ലയിലെ ചില സർക്കാർ, എയിഡഡ് സ്കൂളുകളിൽ ഉച്ചഭക്ഷണത്തിൻെറ പേരിൽ വ്യാപക ക്രമക്കേടുകൾ. സാധനങ്ങളുടെ ബില്ലിലും ഭക്ഷണം കൊടുക്കാത്ത ദിവസങ്ങളിൽ കൊടുത്തതായി കാണിച്ചുമൊക്കെ വ്യാജരേഖകൾ നിർമിച്ചാണ് തട്ടിപ്പ്. ഒന്നുമുതൽ എട്ടാംക്ലാസ് വരെയും സർക്കാർ അംഗീകൃത പ്രീ പ്രൈമറി തലങ്ങളിലുമാണ് ഉച്ചഭക്ഷണ പദ്ധതി. കഞ്ഞി ഒഴിവാക്കി ഉച്ചക്ക് ഊണുതന്നെ നൽകണമെന്നാണ് കർശനനിർദേശം. ഇതിന് അരി കുട്ടികളുടെ എണ്ണത്തിനനുസരിച്ച് സർക്കാർതന്നെ നേരിട്ട് സ്കൂളുകളിൽ എത്തിക്കും. പാചകവാതകത്തിനും പച്ചക്കറിക്കും മറ്റും തുക ചെലവിനനുസരിച്ച് പിന്നീട് പ്രധാനാധ്യാപകന് അക്കൗണ്ട്വഴി കൈമാറും. സ്കൂളിലെ ഉച്ചഭക്ഷണ വിതരണത്തിൻെറ ചുമതല ഉച്ചഭക്ഷണ കമ്മിറ്റിക്കാണ്. പ്രധാനാധ്യാപകരും രണ്ട് അധ്യാപകരും അടങ്ങുന്നതാണ് ഉച്ചഭക്ഷണ കമ്മിറ്റി. ഓരോ മാസവും ഇവർ യോഗം ചേർന്ന് സ്കൂൾ നിരീക്ഷണ സമിതിയുടെകൂടി പിന്തുണയോടെ കണക്കുകൾ അവതരിപ്പിച്ച് അനുമതിതേടി ഉപജില്ല വിദ്യാഭ്യാസ ഒാഫിസർക്ക് സമർപ്പിക്കണം. എന്നാൽ, മിക്ക സ്കൂളുകളിലും ഇത് വേണ്ടരീതിയിൽ നടക്കാറില്ല. പല സ്കൂളുകളിലും സമിതികൾ ചേരാറുപോലുമില്ല. അവസാന സമയങ്ങളിൽ തട്ടിക്കൂട്ട് കണക്കുണ്ടാക്കി അനുമതി വാങ്ങുന്നു. കറികളിൽനിന്ന് രസവും അച്ചാറും പൂർണമായും ഒഴിവാക്കണമെന്നാണ് സർക്കാർ നിർദേശം. എന്നാൽ, പല സ്കൂളുകളും ഇത് പാലിക്കാറില്ല. രസവും അച്ചാറും വിളമ്പിയിട്ട് റിപ്പോർട്ടിൽ മറ്റ് കറികൾ ചേർത്തുവിടും. സ്കൂൾ പി.ടി.എയുടെയും അധ്യാപകരുടെയും സഹകരണത്തോടെ മികച്ച ഉച്ചഭക്ഷണം ഒരുക്കുന്ന സ്കൂളുകളും നിരവധിയാണ്. ആലപ്പുഴ മെഡിക്കൽ കോളജിന് സമീപമുള്ള സ്കൂളിൽ അയൽപക്കത്തെ മറ്റ് സ്കൂളുകളിലെ മിച്ചക്കറികൾ വിതരണം ചെയ്യുന്നതായി കുട്ടികൾതന്നെ പരാതിപറഞ്ഞിരുന്നു. കുട്ടികളുടെ എണ്ണം കുറവുള്ള സ്കൂളുകളിൽ അധ്യാപകർക്കുതന്നെ പലപ്പോഴും ഉച്ചഭക്ഷണം ബാധ്യതയാകുന്ന അവസ്ഥയുമുണ്ട്. അമ്പലപ്പുഴ സ്കൂളിൽ ക്രമക്കേടിനെത്തുടർന്ന് വിജിലൻസ് പരിശോധിച്ചതിനെക്കുറിച്ച് കൂടുതൽ അറിയില്ലെന്ന് അമ്പലപ്പുഴ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ദീപ റോസ് പറയുന്നു. പല ചെറുകിട കടകളിലും പച്ചക്കറിക്കും പലവ്യഞ്ജനത്തിനും ബില്ലുകൾ കാണില്ല. മുടക്കിയ തുക തിരികെ ലഭിക്കാൻ ബില്ലുകൾ നിർബന്ധമായതിനാൽ ഇതൊക്കെ പിന്നീട് അധ്യാപകർക്ക് കൃത്രിമമായി സംഘടിപ്പിക്കേണ്ടിവരും. അപ്പോൾ സംഭവിക്കുന്ന പിഴവുകളാകാം പിന്നിലെന്ന് അവർ സൂചിപ്പിച്ചു. എൽ.പി, യു.പി, ഹൈസ്കൂൾ എന്നിവ ഒരുമിച്ച് പ്രവർത്തിക്കുന്ന സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന് അർഹരല്ലാത്ത കുട്ടികൾക്കും ചിലപ്പോൾ ഭക്ഷണം െകാടുക്കേണ്ടി വരാറുണ്ടെന്നും ഇത് സ്കൂളുകൾക്ക് അധികബാധ്യതയാണെന്നും ചില അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.