കൊച്ചി: 15.4 കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ. തിരുവനന്തപുരം ബാലരാമപുരം പെരിങ്ങമല, നെടിയവിളപുരക്കൽ വീട്ടിൽ അഭിഷേക് (30), തൃശൂർ ഇരിങ്ങാലക്കുട മുരിയാട് കോലേടത്ത് വീട്ടിൽ ബാബുവിൻെറ മകൻ അനന്തു ബാബു (22) എന്നിവരാണ് പാലാരിവട്ടം പൊലീസ് പിടിയിലായത്. സിറ്റി പൊലീസ് കമീഷണർ എസ്. സുരേന്ദ്രൻ നടപ്പാക്കുന്ന ഓപറേഷൻ കിങ് കോബ്രയുടെ ഭാഗമായി 'കണക്ട് ടു കമീഷണർ' ഓപറേഷൻ വഴി ലഭിച്ച രഹസ്യ വിവരത്തിൻെറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്. അസി. കമീഷണർ പി.എസ്. സുരേഷ്, ഇൻസ്പെക്ടർ പി.എസ്. ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുനിന്ന് ട്രെയിൻ മാർഗം മയക്കുമരുന്നുകൾ കേരളത്തിലേക്ക് വിദ്യാർഥികൾക്ക് വിൽക്കാനായി എത്തുന്നുവെന്ന രഹസ്യ വിവരത്തിൻെറ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. അവധിക്കാലം ആഘോഷിക്കാൻ എത്തുന്ന വിദ്യാർഥികളെ ലഹരിയിലേക്ക് ആകർഷിക്കാനാണ് ഇവർ കൊച്ചിയിൽ എത്തിയത്. നഗരത്തിലെ വിവിധ റിസോർട്ടുകൾ കേന്ദ്രീകരിച്ചും വ്യാപാരം നടത്തുകയായിരുന്നു ഉദ്ദേശ്യം. അവധിക്കാല ഡി.ജെ പാർട്ടികൾ ഇവരുടെ മുഖ്യ വ്യവഹാര മേഖലയാണ്. അവധിക്കാലത്ത് വീടുകളിൽ പോകാതെ കോളജ് ഹോസ്റ്റലുകളിൽ തങ്ങുന്ന വിദ്യാർഥികളെയും ഇവർ ലക്ഷ്യമിടുന്നുണ്ട്. വിശാഖപട്ടണത്തുനിന്ന് 4000 രൂപക്ക് ഒരു കിലോ കഞ്ചാവ് വാങ്ങി 40,000 രൂപക്കാണ് കൊച്ചിയിൽ വിൽക്കുന്നത്. 500 രൂപ വീതമുള്ള ചെറിയ പായ്ക്കറ്റുകൾ ആക്കിയാണ് കച്ചവടം. ട്രെയിനിൽ എത്തിയ സംഘം കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുന്ന സമയത്തായിരുന്നു അറസ്റ്റ്. സബ് ഇൻസ്പെക്ടർ വി.പി. സേവ്യർ, അസി. സബ് ഇൻസ്െപക്ടർ സുരേഷ്കുമാർ, സീനിയർ സിവിൽ ഓഫിസർമാരായ ജയകുമാർ, ഗിരീഷ്കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ മാഹിൻ അബൂബക്കർ, ശ്രീകാന്ത്, ടി.ആർ. രതീഷ്, പി.ബി. അനീഷ്, വിജിൽ വർഗീസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.