*ആ പോരാട്ടനാളിൽ--പ്രഫ. സാവിത്രി ലക്ഷ്മണൻ * 1989ലും 1991ലും മുകുന്ദപുരം ലോക്സഭ മണ്ഡലത്തിൽ മത്സരിച്ച് ജയിച്ച കോൺഗ്രസ് സ ്ഥാനാർഥി സാവിത്രി ലക്ഷ്മണൻ തെരഞ്ഞെടുപ്പ് കാലം ഓർക്കുന്നു... ഒരു തിങ്കളാഴ്ചയായിരുന്നു നോമിനേഷൻ കൊടുക്കേണ്ട അവസാന തീയതി. അതിന് തൊട്ടുമുമ്പുള്ള ബുധനാഴ്ചയാണ് രാജീവ് ഗാന്ധിക്ക് കൊടുക്കാൻ എൻെറ ബയോഡാറ്റ ചോദിച്ച് പാർട്ടി പ്രവർത്തകർ വരുന്നത്. അന്ന് ഞാനും ഭർത്താവും ഈ നൂലാമാലയിൽനിന്ന് എങ്ങനെ ഒഴിഞ്ഞുമാറണം എന്നതിനെക്കുറിച്ചാണ് ചിന്തിച്ചിരുന്നത്. ഞാൻ താൽപര്യം കാണിക്കാത്തത് കെ. കരുണാകരൻ അറിഞ്ഞു. ശനിയാഴ്ച ലീഡർ എന്നെ വിളിച്ചു. ''ഞാൻ നാളെ വിളിക്കും. അപ്പോൾ നോ പറയരുത്. ഫൈറ്റ് ചെയ്ത് വാങ്ങിയതാണ് ആ സീറ്റ് എന്നും പറഞ്ഞു. ബുധനിൽനിന്ന് ശനിയിലേക്ക് എത്തിയപ്പോഴേക്കും മാനസികമായി ഞാൻ തയാറായിരുന്നു.'' കോളജ് അധ്യാപികയിൽനിന്ന് സ്ഥാനാർഥിയിലേക്കും അവിടെനിന്ന് എം.പിയിലേക്കുമുള്ള യാത്ര തീർത്തും അപ്രതീക്ഷിതമായിരുന്നു. കെ. കരുണാകരനാണ് ഈ രംഗത്തേക്ക് എന്നെ കൊണ്ടുവന്നത്. പിതൃതുല്യൻ, ദൈവതുല്യൻ എന്നൊക്കെ പറയാവുന്ന വിശേഷണങ്ങളാണ് ലീഡറോടുണ്ട്. ഞാൻ എൻെറ കോളജിനെ സ്നേഹിച്ചപോലെ ലോക്സഭയെയും എൻെറ നിയോജകമണ്ഡലമായ മുകുന്ദപുരത്തെയും ആത്മാർഥമായി സ്നേഹിച്ചു. കോളജിൽ പല ക്ലാസെടുക്കാൻ പോകാറുണ്ട്. അതുപോലെ മുകുന്ദപുരത്തെ ഓരോ നിയോജകമണ്ഡലങ്ങളിലും ഞാൻ പോകുന്നു. അവിടെയുള്ള ആളുകളുമായി ഇടപഴകുന്നു. പിള്ളേരെ പരിചയപ്പെടുന്നതുപോലെ ആളുകളെ പരിചയപ്പെടുന്നു. പ്രശ്നങ്ങൾ മനസ്സിലാക്കുന്നു. അന്നൊന്നും സമയബന്ധിതമായിരുന്നില്ല പ്രചാരണം. ഒരുദിവസം വടക്കേക്കരയിൽ പ്രചാരണം തീർന്നത് പുലർച്ച മൂന്നരമണിക്കായിരുന്നു. അന്ന് ആറുമണിക്ക് പെരുമ്പാവൂരിലെ വേങ്ങൂരിൽ പ്രചാരണത്തിന് എത്തണം. ആളുകളുെട പ്രതികരണം തരുന്ന ഊർജം വളരെ വലുതായിരുന്നു. അമ്മമാരും സഹോദരിമാരും മണിക്കൂറുകളോളം കാത്തുനിന്ന് സ്വീകരണയോഗങ്ങളിൽ മാലയിടും. ഞങ്ങൾക്ക് ഒരു സ്ഥാനാർഥിയുടെ കൈപിടിക്കാൻ കിട്ടിയ അപൂർവ അവസരമാണിതെന്ന് അവർ പറയും. വടക്കേക്കര മൂത്തകുന്നം ഭാഗത്ത് പുലർച്ച രണ്ടര മണിക്ക് ഉറങ്ങുന്ന പിള്ളേരെയും തോളത്തെടുത്ത് അമ്മമാർ കാത്തുനിൽക്കുന്നത് ഇപ്പോഴും ഓർമയുണ്ട്. രണ്ടുതവണ മുകുന്ദപുരത്തുനിന്ന് ലോക്സഭയിലേക്കെത്തി. കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽനിന്ന് ലോക്സഭയിലേക്ക് പോകുന്ന വനിത എം.പിയായിരുന്നു ഞാൻ. രണ്ടുതവണ നിയമസഭയിലേക്കും ജയിച്ചു. 2006ലെ തെരഞ്ഞെടുപ്പിൽ തോറ്റു. തോൽക്കുമ്പോൾ സ്ഥാനാർഥികൾ പറയാറുള്ള എല്ലാ ന്യായീകരണങ്ങളും എനിക്കുമുണ്ടായിരുന്നു. പക്ഷേ, വോട്ടർമാർ വോട്ട് ചെയ്യാത്തതുകൊണ്ടാണ് തോറ്റത് എന്നതല്ലേ സത്യം. വോട്ടർമാർക്ക് വേണ്ടാത്ത സ്ഥാനത്തേക്ക് ഇനി ഇല്ല എന്ന് സ്വയം പിന്മാറുകയായിരുന്നു. പിന്നീട് സാഹിത്യത്തിലേക്ക് പതുക്കെ തിരിച്ചു. സജീവമായി പാർട്ടി പ്രവർത്തനങ്ങൾക്ക് ഇറങ്ങാറില്ലെങ്കിലും ബെന്നി ബഹനാൻെറ ചാലക്കുടി മണ്ഡലം കൺവെൻഷനും ടി.എൻ. പ്രതാപൻെറ യു.ഡി.എഫ് വനിത കൺവെൻഷനും പോയി. പാർട്ടിയോട് തീർത്താൽ തീരാത്ത നന്ദിയും കടപ്പാടുമുണ്ട്. മുൻ എം.പിയായി അറിയപ്പെടുന്നത് അവർ ഒരു അവസരം തന്നിട്ടാണ്. ജീവിതാന്ത്യം വരെയുള്ള കടപ്പാടാണത്. പി. ലിസി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.