പെരുമ്പാവൂര്‍: തെരഞ്ഞെടുപ്പുചട്ടം ലംഘിച്ച് പെരുമ്പാവൂർ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയില്‍ സൂക്ഷിച്ച മാസിക പിടിച്ചെടുത്തു. ലോക്സഭ തെരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളിലും ഇടതുസ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന അഭ്യര്‍ഥനയുമായി തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ സി.ഐ.ടി.യു അച്ചടിച്ച മാസികയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് പിടിച്ചത്. വ്യാഴാഴ്ച രാത്രി സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയിലെ മേശക്കടിയില്‍ കെട്ടുകളാക്കി സൂക്ഷിച്ച 114 മാസികകളാണ് ഫ്ലൈയിങ് സ്‌ക്വാഡ് സംഘം പിടിച്ചെടുത്തത്. തിരുവനന്തപുരത്തുനിന്ന് രാത്രി 12ന് എത്തിയ ബസിലായിരുന്നു കെട്ടുകള്‍. ഇവ സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫിസില്‍ െവക്കുന്നത് ബി.എം.എസ് യൂനിയനിലെ ചില ജീവനക്കാര്‍ ചോദ്യംചെയ്യുകയായിരുന്നു. രാവിലെ മാറ്റുമെന്നും അതുവരെ ഓഫിസില്‍ ഇരിക്കട്ടെയെന്ന നിലപാടുമാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ സ്വീകരിച്ചത്. ബി.എം.എസ് യൂനിയന്‍ നേതാവ് തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. രാത്രിതന്നെ തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരും പൊലീസും പരിശോധന നടത്തി മാസിക പിടിച്ചെടുക്കുകയാണുണ്ടായത്. ഈ സമയം സുരേന്ദ്രന്‍ എന്ന ഉദ്യോഗസ്ഥനായിരുന്നു സ്റ്റേഷന്‍ മാസ്റ്ററുടെ ചുമതലയില്‍. ഇതിനിടെ മാസിക കൊണ്ടുപോകുന്നത് ചിലര്‍ തടയാന്‍ ശ്രമിച്ചതായും പറയുന്നു. റിപ്പോര്‍ട്ട് ഉടൻ ചാലക്കുടി മണ്ഡലത്തിലെ ഇലക്ഷന്‍ കമീഷണറുടെ ചുമതലയുള്ള എറണാകുളം ജില്ല കലക്ടര്‍ക്ക് കൈമാറുമെന്ന് അസിസ്റ്റൻറ് റിട്ടേണിങ് ഓഫിസര്‍ ഏല്യാമ്മ ജോണ്‍ പറഞ്ഞു. അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ ചുമതലയുള്ള ജില്ല ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ കെ.വി. അജി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.