കോടനാട് അഭയാരണ്യം: ആനകളെ മാറ്റാൻ വനംവകുപ്പ് നീക്കമെന്ന്

പെരുമ്പാവൂർ: കോടനാട് അഭയാരണ്യത്തിൽനിന്ന് മുഴുവൻ ആനകളെയും കടത്തിക്കൊണ്ടുപോകാൻ വനംവകുപ്പ് നീക്കംനടത്തുന്നെന്ന്. വനംവകുപ്പിൻെറ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. കഴിഞ്ഞ ദിവസം കോട്ടൂരിൽനിന്ന് ഇവിടെയെത്തിച്ച മൂന്ന് ആനകളുടെ മറവിൽ അഭയാരണ്യത്തിൽനിന്ന് കൂടുതൽ ആനകളെ കടത്തിക്കൊണ്ട് പോകാനാണ് വനംവകുപ്പിൻെറ ശ്രമമെന്ന് നാട്ടുകാർ പറയുന്നു. മൂന്ന് ആനകളിൽനിന്ന് രണ്ടാനകളെ കഴിഞ്ഞ ദിവസം കൊണ്ടുപോയി. സുന്ദരി എന്ന ആനയെ കൊണ്ടുപോകുന്നതിനൊപ്പം അഭയാരണ്യത്തിൽനിന്ന് അഞ്ജനയെന്ന ആനയെക്കൂടി കൊണ്ടുപോകാനാണ് ശ്രമമെന്നാണ് നാട്ടുകാരുടെ പരാതി. ഈ നീക്കത്തെ ചെറുക്കുമെന്ന അഭിപ്രായത്തിലാണ് നാട്ടുകാർ. ആനകളെ മാറ്റാൻ വനംവകുപ്പിൻെറ രണ്ട് ലോറികൾ സജ്ജമാക്കിയിട്ടുമുണ്ട്. ഒരാനയെ കൊണ്ടുപോകാൻ രണ്ട് ലോറികളുടെ ആവശ്യമെന്തെന്നാണ് പരിസരവാസികളുടെ ചോദ്യം. വനം വകുപ്പിൻെറ ആനപരിപാലന രംഗത്തെ ഡോക്ടർക്കെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം ഏറെയും. കോടനാട് ആനക്കൂടിൽനിന്ന് മാറ്റിയ എല്ലാ ആനകളും ഇപ്പോൾ അഭയാരണ്യത്തിലാണ്. ഇവിടെനിന്നാണ് ആനകളെ കൊണ്ടുപോകാൻ ശ്രമം നടത്തുന്നത്. ആനയടക്കം മൃഗങ്ങളെ കാണാനാണ് സഞ്ചാരികൾ എത്തുന്നത്. നാട്ടുകാരുടെ എതിർപ്പ് മറികടന്ന് നീലകണ്ഠനെന്ന ആനയെ കുങ്കിയാന പരിശീലനത്തിനായി ഇവിടെനിന്ന് വനംവകുപ്പ് തമിഴ്നാട്ടിലേക്ക് കൊണ്ടുപോയിരുന്നു. ഇതുവരെയും നീലകണ്ഠനെ കോടനാട്ടേക്ക് കൊണ്ടുവന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇപ്പോഴുള്ള ആനകളെക്കൂടി കൊണ്ടുപോകാൻ അധികൃതർ നീക്കംനടത്തുന്നത്. അഭയാരണ്യത്തിൽ ലക്ഷങ്ങൾ ചെലവഴിച്ച് സൗകര്യമൊരുക്കിയശേഷം ആനകളെ മാറ്റിയാൽ ചെലവഴിക്കുന്ന പണം പാഴാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.