കാലടി: കാലടി- മലയാറ്റൂർ റോഡിലെ പുറമ്പോക്ക് ഒഴിപ്പിക്കാനും ടെലിഫോൺ ഇലക്ട്രിക് പോസ്റ്റുകൾ മാറ്റാനും ഹൈകോ ടതി ജില്ല കലക്ടർക്ക് ഉത്തരവ് നൽകി. പൊതുപ്രവർത്തകനും മുൻ പഞ്ചായത്ത് അംഗവുമായ ടി.ഡി. സ്റ്റീഫൻ ഹൈകോടതിയിൽ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് രണ്ട് മാസത്തിനകം അടിയന്തര നടപടി സ്വീകരിക്കാൻ ഉത്തരവിട്ടത്. കാലടി-മലയാറ്റൂർ റോഡിലെ എട്ട് കിലോ മീറ്റർ ദൂരത്തിൽ പുറമ്പോക്ക് ഒഴിപ്പിച്ച് റോഡ് വീതി കൂട്ടണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ നിരവധി സമരങ്ങൾ നടത്തിയിരുന്നു. പി.ഡബ്ല്യു.ഡി, കെ.എസ്.ഇ.ബി., ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്ത് അധികാരികളും നടപടി സ്വീകരിക്കാൻ കൂട്ടാക്കിയിരുന്നില്ല. 10 കോടി മുടക്കി കാലടി-മലയാറ്റൂർ റോഡിൻെറ പണികൾ 2014 ൽ നടത്തുന്നതിന് മുമ്പ് ഈ ആവശ്യം ഉന്നയിച്ച് ജനകീയ സമരങ്ങൾ ആക്ഷൻ കൗൺസിലിൻെറ നേതൃത്വത്തിൽ നടന്നിരുന്നു. എന്നാൽ, റോഡ് ടാറിങ് തീരുന്ന മുറയ്ക്ക് വീതി കൂട്ടലും കാന നിർമാണവും ഉൾപ്പെടെ പണികൾ നടത്തിക്കൊള്ളാമെന്ന ഉദ്യോഗസ്ഥരുടെ വാക്കാലുള്ള ഉറപ്പിൻെറ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. എന്നാൽ, നാളിതുവരെ ഇക്കാര്യത്തിൽ ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയാത്തതിനാൽ ഈ റോഡിൽ അപകട മരണം തുടരെയുണ്ടാകുന്നു. 2015 മുതൽ 2017 വരെ 88 റോഡപകടങ്ങളും 9 മരണവും നടന്നതായി കാലടി പൊലീസ് സ്റ്റേഷൻ രേഖകളിൽനിന്നും വ്യക്തമാകുന്നു. 2019 ജനുവരി ഒന്നു മുതൽ അഞ്ച് വരെ ഈ റോഡിൽ അഞ്ച് അപകടവും മൂന്ന് മരണവുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.