ചാരപ്പാട്ട് മല ഇടിച്ചുനിരത്തി മണ്ണെടുപ്പ് ആരംഭിച്ചു

മൂവാറ്റുപുഴ: നാട്ടുകാരുടെ പ്രതിഷേധത്തിൽ നിർത്തിവെച്ച ചാരപ്പാട്ട് മല വീണ്ടും ഇടിച്ചുനിരത്തി മണ്ണെടുപ്പ് ആരംഭിച്ചു. ഒരു നാടിൻെറ മുഴുവൻ ആവാസവ്യവസ്ഥയെ തകിടംമറിച്ച് എല്ലാ നിയമങ്ങളും കാറ്റിൽപറത്തിയാണ് രാഷ്ട്രീയ-ഉദ്യോഗസ്ഥ ഒത്താശയോടെ മണ്ണ് കടത്താരംഭിച്ചിരിക്കുന്നത്. ജിയോളജി, പഞ്ചായത്ത്, റവന്യൂ, പൊലീസ് വകുപ്പുകളുടെ ഒത്താശയോടെയാണ് ചാരപ്പാട്ട് മല ഇടിച്ചുനിരത്തി മണ്ണെടുപ്പ് നടത്തുന്നത്. നൂറുകണക്കിന് ലോഡ് മണ്ണാണ് വ്യാഴാഴ്ച രാവിലെ മുതൽ വൈകീട്ടുവരെ ഇവിടെനിന്ന് കൊണ്ടുപോയത്. രാവിലെ മണ്ണെടുപ്പ് വിവരമറിഞ്ഞ് തടയാനെത്തിയവരെ മണ്ണ് മാഫിയ ഭീഷണിപ്പെടുത്തി ഓടിക്കുകയായിരുന്നു. ബുധനാഴ്ച മണ്ണെടുപ്പ് തടയാനെത്തിയ പലരെയും സംഘം വിലക്കെടുത്തതോടെ വ്യാഴാഴ്ച കാര്യമായ ചെറുത്തുനിൽപ് ഉണ്ടായില്ല. മണ്ണെടുപ്പിനെത്തുടർന്ന് പ്രദേശത്തെ വീടുകൾ അപകട ഭീഷണിയിലാണ്. മണ്ണെടുക്കുന്നതിന് സമീപത്ത് സ്ഥിതിചെയ്യുന്ന മുതിരക്കാലായിൽ നിജാസിൻെറ വീടാണ് അപകടാവസ്ഥയിലായതിലൊന്ന്. മണ്ണെടുപ്പ് തുടർന്നാൽ വീട് നിലംപൊത്തുന്ന അവസ്ഥയിലാണ്. ഇതുസംബന്ധിച്ച് നിജാസ് രാവിലെതന്നെ റവന്യൂവകുപ്പിന് പരാതി നൽകിയെങ്കിലും ജിയോളജി വകുപ്പിൻെറ അനുമതിയുള്ളതിനാൽ ഒന്നുംചെയ്യാൻ കഴിയില്ലെന്ന നിലപാടാണ് റവന്യൂ വകുപ്പ് സ്വീകരിച്ചത്. ചാരപ്പാട് മലയിലെ മണ്ണെടുപ്പ് പായിപ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നിരീക്ഷണത്തിലേ നടത്താവൂ എന്നതാണ് ജിയോളജി വകുപ്പിൻെറ നിർദേശമെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. വീടുവെക്കാൻ പത്തുസൻെറ് സ്ഥലത്തെ മണ്ണെടുക്കാൻ അനുമതി നൽകേണ്ടതിനുപകരം ഒരു പ്രദേശത്തെ മുഴുവൻ മണ്ണടുക്കാൻ അനുമതി നൽകിയതിലും ദുരൂഹതയുണ്ടെന്നും നാട്ടുകാർ പറഞ്ഞു. 3600 എം.ക്യൂബ് ടൺ മണ്ണെടുക്കാനാണ് അനുമതി നൽകിയിരുന്നത്. വൻ പാരിസ്ഥിതിക ആഘാതം സൃഷ്ടിച്ചേക്കും മൂവാറ്റുപുഴ: പായിപ്രയെയും പള്ളിച്ചിറങ്ങരയെയും വേർതിരിക്കുന്ന മലയാണ് ചാരപ്പാട് മല. മലയുടെ അടിവാരത്തുകൂടി തൃക്കളത്തൂർ കാവുംപടിയിലേക്ക് എത്തിചേരുന്ന റോഡുമുണ്ട്. അടുത്തിടെ നിർമിച്ച റോഡിലെ ഓട മണ്ണിട്ട് നികത്തിയാണ് മണ്ണെടുപ്പ് നടത്തുന്നത്. റോഡിന് ഇരുവശവും പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന ചാരപ്പാട് ഹരിജൻ സെറ്റിൽമൻെറ് കോളനിയാണ്. രണ്ട് കിലോമീറ്ററോളം ദൂരത്തിലായി വ്യാപിച്ചുകിടക്കുന്ന മല മുഴുവനായി ഇടിച്ചുനിരത്തുകയാണ് സംഘം. കെട്ടിട നിർമാണം നടത്തുന്നുവെന്ന വ്യാജേന പഞ്ചായത്തിൻെറ സഹായത്തോടെ അനുമതി സംഘടിപ്പിച്ച് ജിയോളജി വകുപ്പിൻെറ ഒത്താശയോടെ മണ്ണെടുക്കാനുള്ള പെർമിറ്റ് സമ്പാദിക്കുകയാണ്. ചാരപ്പാട് മല ഇടിച്ചുനിരത്തിയാൽ പായിപ്ര, മാനാറി, തൃക്കളത്തൂർ, ചാരപ്പാട് കോളനി, പള്ളിച്ചിറങ്ങര പ്രദേശങ്ങളിൽ താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതമാണ് ഭീഷണിയിലാകുന്നത്. കടുത്ത വേനലിൽ മലകളിൽ തങ്ങിനിൽക്കുന്ന നീരുറവ ഇല്ലാതാകുന്നതോടെ മരുഭൂമിക്ക് സമാനമാകും. ശക്തിയായി വീശിയടിക്കുന്ന കാറ്റിൽനിന്ന് രക്ഷിക്കുന്ന മല അപൂർവയിനം മരുന്നുചെടികളും മരങ്ങളുമുൾപ്പടെയുള്ള ജൈവ വൈവിധ്യപ്രദേശമാണ്. വിലകൂടിയ വലിയ ഉരുളൻകല്ലുകളും നിരവധിയാണ്. ഇവയെല്ലാം തകർക്കുന്നത് വരുംകാലങ്ങളിൽ വൻ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്്ടിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.