കൊച്ചി: സമയനിഷ്‌ഠയിൽ അണുവിട വിട്ടുവീഴ്ചക്ക് തയാറല്ല എറണാകുളത്തെ എൻ.ഡി.എ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനം. പ്രചാ രണം മുൻകൂട്ടി നിശ്ചയിച്ച സമയത്തുതന്നെ തുടങ്ങണമെന്ന കാര്യത്തിൽ കണിശക്കാരൻ. കൂടെയുള്ളവരെ അക്കാര്യം ഇടക്കിടെ ഓർമിപ്പിക്കുകയും ചെയ്യും. വ്യാഴാഴ്ചയും അതിന് മാറ്റമുണ്ടായില്ല. രാവിലെ 8.15നുതന്നെ തൃപ്പൂണിത്തുറ മണ്ഡലത്തിലെ എരൂരിൽ പ്രചാരണം ആരംഭിച്ചു. ബാലഭദ്ര ക്ഷേത്രത്തിലായിരുന്നു തുടക്കം. മറ്റ് സ്ഥാനാർഥികളിൽനിന്ന് വ്യത്യസ്തമായി പൊതുസമ്പർക്ക പരിപാടിക്ക് പ്രാധാന്യം കൊടുത്താണ് പ്രചാരണം. പരമാവധി സമുദായനേതാക്കളെയും പ്രമുഖവ്യക്തികളെയും നേരിൽ കാണും. പൊതുസ്ഥാപനങ്ങളും ആരാധനാലയങ്ങളും വ്യാപാരസ്ഥാപനങ്ങളും കഴിയുന്നത്ര വീടുകളും സന്ദർശിക്കും. കുശലാന്വേഷണവുമായി സ്ഥാനാർഥി അടുത്തെത്തിയപ്പോൾ റോഡരികിൽ ലോട്ടറിവിൽക്കുന്ന ശാന്തയുടെ മുഖത്ത് അമ്പരപ്പ്. അപ്പോഴേക്കും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയെത്തി. കണ്ണന്താനത്തെ കാണാൻ എറണാകുളത്ത് എത്തിയപ്പോഴാണ് സ്ഥാനാർഥി പ്രചാരണത്തിലാണെന്ന് ശ്രീധരൻ പിള്ള അറിഞ്ഞത്. ഉടൻ എരൂർ നോർത്തിൽ കോഴിവെട്ടുംവെളിയിൽ എത്തിയ അദ്ദേഹം ഒരുമണിക്കൂറോളം കണ്ണന്താനത്തിനൊപ്പം കാൽനടയായി പ്രചാരണത്തിൽ പങ്കാളിയായി. കോഴിവെട്ടുംവെളി മസ്‌ജിദിലെത്തിയ ഇരുവരെയും കെ.എ. അബ്‌ദുൽ റഷീദ് മൗലവി സ്വീകരിച്ചു. പിന്നീട്, കഴിഞ്ഞവർഷം കൊച്ചി കപ്പൽശാലയിൽ കപ്പലിലെ വാതകചോർച്ചയെത്തുടർന്നുള്ള പൊട്ടിത്തെറിയിൽ മരിച്ച കണ്ണൻെറ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചു. പാമ്പാടിത്താഴം പുനരധിവാസ കോളനി സന്ദർശിച്ച ശേഷം നേരെ പോയത് സമീപത്തെ പകൽവീട്ടിലേക്കാണ്. മുതുകുളങ്ങര സന്താന ഗോപാല ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം, എരൂർ എൻ.എസ്.എസ് കരയോഗമന്ദിരം, ശ്രീ പോട്ടയിൽ ഭഗവതി ക്ഷേത്രം, ശ്രീസുബ്രഹ്മണ്യ സ്വാമിക്ഷേത്രം എന്നിവിടങ്ങളിലാണ് പിന്നീട് എത്തിയത്. എസ്.ഡി.കെ.വൈ കിൻഡർഗാർട്ടനിൽ അധ്യാപകരെയും കുഞ്ഞുങ്ങളെയും കണ്ടു. കുഞ്ഞുങ്ങൾക്കൊപ്പം നിലത്തിരുന്ന് ഫോട്ടോസെഷൻ. ലോട്ടസ് ഗാർഡനിലെ വസതിയിലെത്തി കൊച്ചി രാജവംശത്തിലെ ഇപ്പോഴത്തെ അവകാശി ഹൈമാവതി തമ്പുരാട്ടിയും കുടുംബാംഗങ്ങളുമായി കൂടിക്കാഴ്‌ച നടത്തി. ശ്രീപൂർണത്രയീശൻ ക്ഷേത്രത്തിലാണ് പര്യടനം അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.