തിരൂരങ്ങാടി: ''ഇനിയെന്തുവേഷമാണവൾക്കാടാൻ, ജീവിതത്തിലിനി'' എന്ന് തുടങ്ങുന്ന കവിത ചൊല്ലി യാത്ര പറഞ്ഞിറങ്ങിയ തഹസിൽദാറുടെ മരണം താങ്ങാനാകാതെ സഹപ്രവർത്തകർ വിതുമ്പി. സ്ഥാനക്കയറ്റം ലഭിച്ച് സഹപ്രവർത്തകരുടെ യാത്രയയപ്പ് ഏറ്റുവാങ്ങി നാട്ടിലെത്തിയ തിരൂരങ്ങാടി താലൂക്ക് തഹസിൽദാർ (ഭൂരേഖ വിഭാഗം) പെരുമ്പാവൂർ ഇരിങ്ങോൾ സൗത്ത് സ്വദേശി മണലിക്കുടി ലത പുരുഷോത്തമനാണ് (48) രാത്രിയോടെ മരിച്ചത്. ഒന്നരവർഷമായി തിരൂരങ്ങാടിയിൽ തഹസിൽദാറായിരുന്ന ഇവർ സ്ഥാനക്കയറ്റം ലഭിച്ചതിൻെറ ഭാഗമായി രണ്ട് മാസമായി പരിശീലനത്തിലായിരുന്നു. എറണാകുളം ഫോർട്ട് കൊച്ചി ആർ.ഡി.ഒ ഓഫിസിൽ സീനിയർ സൂപ്രണ്ടായതിനെതുടർന്ന് ബുധനാഴ്ച വൈകീട്ട് നാലിനാണ് തിരൂരങ്ങാടി താലൂക്ക് ഓഫിസിൽ സഹപ്രവർത്തകർ യാത്രയയപ്പ് നൽകിയത്. ചടങ്ങിൽ ലത നന്ദി പറഞ്ഞത് താൻ രചിച്ച ഒരു കവിത ചൊല്ലിയായിരുന്നു. ഇതിനുശേഷം നാട്ടിലേക്ക് പുറപ്പെട്ട ഇവരുടെ ഫോണിൽനിന്ന് രാത്രി പത്തിന് താലൂക്ക് ഓഫിസ് ജീവനക്കാരുടെ വാട്സ്ആപ് ഗ്രൂപ്പിലേക്ക് നന്ദി അറിയിച്ചുള്ള സന്ദേശമെത്തി. ഏതാനും മണിക്കൂറുകൾക്ക് ശേഷം രാത്രി രണ്ടിന് ഇതേ ഫോണിൽനിന്ന് ലഭിച്ചത് ഇവർ മരിച്ചെന്ന വിവരമായിരുന്നു. വീട്ടിലെത്തി മണിക്കൂറുകൾക്കകം ദേഹാസ്വസ്ഥത അനുഭവപ്പെടുകയും ഉടൻ മരിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.