കൊച്ചി: രാവും പകലും വ്യത്യാസമില്ലാതെ മൂളിയടുക്കുന്ന കൊതുക് കൂട്ടം കൊച്ചിക്കാരുടെ ഉറക്കംകെടുത്തിത്തുടങ്ങിയിട്ട് കാലമേറെയായി. കൈകൊണ്ടടിച്ചും ഓടിച്ചും കൊതുകുമായി മല്ലിട്ട് നേരംവെളുപ്പിക്കുന്ന രാത്രികളാണ് നഗരത്തിലിപ്പോൾ. കൂട്ടമായെത്തുന്ന കൊതുകുകളെ തുരത്താൻ ഇതുവരെ അധികൃതർ ചെയ്ത പ്രവർത്തനങ്ങൾക്കൊന്നും കഴിഞ്ഞിട്ടില്ല. യഥാർഥ പ്രശ്നം അഭിമുഖീകരിക്കാതെ തൊലിപ്പുറത്ത് നടത്തുന്ന ചികിത്സയാണ് ഇതിന് കാരണമെന്ന് ജനങ്ങൾ പറയുന്നു. മാലിന്യം നിറഞ്ഞ കനാലുകളും തോടുകളുമാണ് കൊതുക് പെരുകാൻ കാരണം. ഇവ ശുചീകരിക്കാനുള്ള പദ്ധതികളൊന്നും ഇതുവരെ ഫലംകണ്ടില്ല. മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി, കലൂർ, കടവന്ത്ര, മേനക തുടങ്ങി സ്ഥലങ്ങളിലെല്ലാം കൊതുക് ജനജീവിതം ദുസ്സഹമാക്കി. മാലിന്യം കുന്നുകൂടിയതും ഓടകളിൽ വെള്ളം കെട്ടിനിൽക്കുന്നതുമെല്ലാം കൊതുക് മുട്ടയിട്ട് പെരുകാൻ കാരണമാകുന്നു. ഓടകൾ ഭൂരിഭാഗവും ഒഴുക്ക് നിലച്ച അവസ്ഥയിലാണ്. ഇവിടെയാണ് പ്രധാനമായും കൊതുക് വളരുന്നത്. മുല്ലശ്ശേരി, പേരണ്ടൂർ കനാലുകൾ മാലിന്യവാഹിയായിട്ട് വർഷങ്ങളേറെയായി. കൊതുക് നിയന്ത്രണത്തിന് ഇത്തവണ ഇതുവരെ ഫോഗിങ്ങും നടത്തിയിട്ടില്ല. കിലോമീറ്ററുകളോളം നീളംവരുന്ന കൊച്ചിയിലെ കാനകൾ കൊതുകുകൾക്കുവേണ്ടി മാത്രമാണെന്ന അവസ്ഥയിലാണ്. ഇവിടെ കൊതുക് ലായനി സ്പ്രേ ചെയ്യുന്നത് കടലിൽ കായം കലക്കുന്നതിന് തുല്യമാണെന്ന് നഗരവാസികൾ പറയുന്നു. എന്നിരുന്നാലും ഫോഗിങ് അടക്കമുള്ള കൊതുക് നിർമാർജന പ്രവർത്തനങ്ങൾ നടത്താത്തതിൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്. വൃത്തിഹീനമായ എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്ത് കൊതുകിന് വളരാനുള്ള എല്ലാ സാഹചര്യവുമുണ്ട്. ഇവിടെ ബസ് കാത്തുനിൽക്കുന്നവർക്കും വലിയ കൊതുക് ശല്യമാണ് സഹിക്കേണ്ടിവരുന്നത്. സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനുകളിലെയും അവസ്ഥ സമാനമാണ്. അധികൃതർ അടിയന്തര നടപടി കൈക്കൊള്ളണമെന്നാണ് ജനങ്ങളുടെ ആവശ്യം. സ്പ്രേയിങ് ശക്തമാക്കും- വി.കെ. മിനിമോൾ (കൊച്ചി കോർപറേഷൻ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ) കൊതുക് പ്രജനനം തടയാൻ കാനകളിലും മറ്റും സ്പ്രേയിങ് ശക്തമാക്കാനാണ് തീരുമാനം. സാധാരണയിൽ കവിഞ്ഞ കൊതുക് സാന്ദ്രതയാണ് ഇപ്പോഴുള്ളത്. ഫോഗിങ് നടക്കുന്നുണ്ടെങ്കിലും വേണ്ടത്ര ഫലവത്തായിട്ടില്ല. ഉൾപ്രദേശങ്ങളിലാണ് കൂടുതലായി ഫോഗിങ് നടക്കുന്നത്. നിലവിെല മാർഗങ്ങൾ ഉപയോഗിച്ച് കൊതുകിെൻറ പ്രജനനം തടയാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.