പെരുമ്പാവൂര്‍: വെങ്ങോല പഞ്ചായത്തില്‍ അവിശ്വാസപ്രമേയ ചര്‍ച്ച സംഘര്‍ഷത്തെതുടര്‍ന്ന് മാറ്റിെവച്ചു. ബുധനാഴ്ച രാവിലെമുതല്‍ പഞ്ചായത്തിന് അകത്തുംപുറത്തും പ്രശ്‌നങ്ങള്‍ നിലനിന്നതിനാല്‍ വന്‍ പൊലീസ് സംഘം എത്തി. കമ്മിറ്റി ആരംഭിക്കുന്നതിന് മുന്നോടിയായി യു.ഡി.എഫിലെ 11 അംഗങ്ങളും പിന്തുണക്കുന്ന വിമത അംഗം സ്വാതി റെജിയും ഒപ്പിട്ട മിനിറ്റ്സ് ബുക്ക് പൊലീസ് നോക്കിനില്‍ക്കെ ഇടതുപക്ഷ അംഗം തട്ടിയെടുത്ത് ജനല്‍വഴി താഴേക്കിട്ടു. ഇത് ജനലിനുസമീപം തമ്പടിച്ച രണ്ടുപേര്‍ മാറ്റി. മിനിറ്റ്സ് ബുക്ക് കണ്ടെത്താനാവാതെ വന്നതോടെ റിട്ടേണിങ് ഓഫിസര്‍ വിജയകുമാര്‍ യോഗം പിരിച്ചുവിട്ടു. രാവിലെ പ്രസിഡൻറിനും ഉച്ചക്കുശേഷം വൈസ് പ്രസിഡൻറിനും എതിരെയുള്ള അവിശ്വാസം അജണ്ടയാക്കിയാണ് കമ്മിറ്റി വിളിച്ചത്. പെരുമ്പാവൂര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസിെൻറ മൗനാനുവാദത്തോടെയാണ് മിനിറ്റ്സ് ബുക്ക് മാറ്റിയതെന്ന് യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു. യു.ഡി.എഫ് അംഗങ്ങള്‍ക്കും ഇവരെ പിന്തുണക്കുന്ന വിമത അംഗത്തിനും സംരക്ഷണം നല്‍കണമെന്ന് ഹൈകോടതി ഉത്തരവുണ്ടായിരുന്നു. പഞ്ചായത്ത് ഓഫിസിനുപുറത്ത് പലഘട്ടത്തിലും ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാഗ്വാദം ഏറ്റുമുട്ടലിലേക്ക് എത്തി. ഈ സമയം പൊലീസുകാര്‍ ഇടപെട്ടില്ല. ഇതിനിടെ കോണ്‍ഫറന്‍സ് ഹാളില്‍ അംഗങ്ങള്‍ തമ്മില്‍ കൈയാങ്കളി നടന്നു. പരിക്കേറ്റ ഇരുപക്ഷത്തെയും വനിത അംഗങ്ങള്‍ ഉള്‍പ്പെടെ ആശുപത്രിയില്‍ ചികിത്സ തേടി. യു.ഡി.എഫിലെ 11 അംഗങ്ങളെ തിങ്കളാഴ്ച അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. യു.ഡി.എഫ് പ്രസിഡൻറ് സ്ഥാനാര്‍ഥിയായി തീരുമാനിച്ച സ്വാതി റെജിയെ രണ്ടാഴ്ചമുമ്പേ മാറ്റിപ്പാര്‍പ്പിച്ചു. ഇതിനിടെ, യു.ഡി.എഫ് അംഗങ്ങള്‍ക്ക് പ്രവേശിക്കാന്‍ പഞ്ചായത്ത് രാവിലെ ആറിന് തുറന്നുകൊടുത്തെന്നും അംഗങ്ങളെ മര്‍ദിച്ചെന്നും ആരോപിച്ച് സി.പി.എം നേതാക്കള്‍ രംഗത്തെത്തി. ഉച്ചക്കുശേഷം സബ് കലക്ടര്‍ ഉൾപ്പെടെ പഞ്ചായത്തിലെത്തി സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്തു. തെരഞ്ഞെടുപ്പ് കമീഷന്‍ ബി.ഡി.ഒയുമായി ബന്ധപ്പെട്ടു. പഞ്ചായത്തില്‍ സ്ഥാപിച്ച കാമറ പരിശോധിച്ച് റിപ്പോര്‍ട്ടുമായി വെള്ളിയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലീഗ് വിമതന്‍ എം.എം. റഹീമിെൻറ പിന്തുണയോടെ യു.ഡി.എഫാണ് തുടക്കത്തില്‍ പഞ്ചായത്ത് ഭരിച്ചിരുന്നത്. ഇവരുമായുണ്ടായ അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് റഹീം 2017 ഏപ്രിലില്‍ പിന്തുണ പിന്‍വലിച്ച് എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണക്കുകയായിരുന്നു. പ്രസിഡൻറ് ധന്യ ലെജുവിന് രണ്ടരവര്‍ഷ കാലാവധിയാണ് വാക്കാല്‍ പാര്‍ട്ടി നല്‍കിയത്. ശേഷം അല്ലപ്ര പെരിയാര്‍നഗറിലെ സ്വാതി റെജിയെ പ്രസിഡൻറാക്കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, മൂന്നുവര്‍ഷം പിന്നിട്ടിട്ടും പാര്‍ട്ടി വാക്കുപാലിക്കാത്തതില്‍ പ്രതിഷേധിച്ച് സ്വാതി രംഗത്തിറങ്ങി. ഇത് മുതലെടുത്ത് കഴിഞ്ഞ 24ന് യു.ഡി.എഫ് ഭരണപക്ഷത്തിനെതിരെ അവിശ്വാസത്തിന് നോട്ടീസ് കൊടുത്തു. ഇതിനിടെ, സ്വാതിയുമായി സമവായത്തിലെത്താന്‍ സി.പി.എം നേതൃത്വം തയാറായെങ്കിലും പിന്തുണ പിന്‍വലിക്കുമെന്ന റഹീമിെൻറ ഭീഷണി വിലങ്ങുതടിയായി. 23 സീറ്റുള്ള പഞ്ചായത്തില്‍ യു.ഡി.എഫിന് 11 സീറ്റുണ്ട്. സ്വാതിയുടെ പിന്തുണയോടെ ഇപ്പോള്‍ 12 ആയി. എല്‍.ഡി.എഫിന് റഹീം ഉൾപ്പെടെ 11 അംഗങ്ങളാണുള്ളത്. തങ്ങളുടെ അംഗങ്ങളെ മര്‍ദിച്ചെന്ന് ആരോപിച്ച് യു.ഡി.എഫും എല്‍.ഡി.എഫും വെങ്ങോലയില്‍ പ്രതിഷേധപ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.