കൊച്ചി: മുറിക്കുള്ളിൽ കുടുങ്ങി പൊട്ടിക്കരയുന്ന കുരുന്നുകളെ കാണാതെ പുറത്ത് നിസ്സഹായതയോടെ നിൽക്കാനേ ആ അമ്മക്ക് കഴിഞ്ഞുള്ളൂ. സഹായത്തിന് കഴിയുന്നത്ര ഉച്ചത്തിൽ അവർ അലമുറയിട്ടു. ഈ സമയം വാതിലിനരികിൽനിന്ന് നിലവിളിക്കുകയായിരുന്ന മൂന്നു വയസ്സുള്ള ലഘ്നക്കും ഒമ്പതുമാസം മാത്രം പ്രായമുള്ള ജസ്നക്കും ഒടുവിൽ ഫയർ ഫോഴ്സ് രക്ഷകരായി. വ്യാഴാഴ്ച രാവിലെ പുല്ലേപ്പടി എഫ്.എസ്.ഐ സ്റ്റാഫ് ക്വാർട്ടേഴ്സിലാണ് സംഭവം. ആന്ധ്ര സ്വദേശി പ്രദീപ് കുമാറിെൻറ മക്കളാണ് മൂന്നാം നിലയിലെ മുറിയിൽ കുടുങ്ങിയത്. അകത്ത് അവർ എന്താണ് ചെയ്യുന്നതെന്നോ എവിടെയാണ് നിൽക്കുന്നതെന്നോ നോക്കാൻ ജനലോ മറ്റ് മാർഗമോ ഇല്ലായിരുന്നു. സൺഷേഡിലൂടെയും കടന്നുചെല്ലാൻ കഴിയില്ലായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഉടൻ ഗാന്ധിനഗർ ഫയർഫോഴ്സിൽ വിവരം അറിയിച്ചു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി തള്ളിത്തുറക്കാൻ നോക്കിയെങ്കിലും കുട്ടികൾ വാതിലിനടുത്തുതന്നെ ഇരുന്നതോടെ അതും നടന്നില്ല. തള്ളിത്തുറന്ന് വന്നപ്പോൾ വാതിലിനും കട്ടിളക്കുമിടയിലുണ്ടായ ചെറിയ വിടവിലൂടെ കുട്ടികൾ വിരൽ കടത്തിയതും കാര്യങ്ങൾ കൂടുതൽ ഗുരുതരമാക്കി. തള്ളിത്തുറക്കാനുള്ള ശ്രമം ഇതോടെ പൂർണമായി ഉപേക്ഷിച്ച് കട്ടർ ഉപയോഗിച്ച് മുറിച്ചാണ് വാതിൽ തുറന്നത്. അപ്പോഴും കുട്ടികളുടെ മുകളിലേക്ക് വാതിൽ ചരിയാതിരിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചു. പരമാവധി ജാഗ്രതയോടെ അരമണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് കുട്ടികളെ പുറത്തെത്തിച്ചത്. മുറിയിൽ കയറിയ കുട്ടികൾ അറിയാതെ വാതിൽ പൂട്ടിടുകയായിരുന്നു. അസി. സ്റ്റേഷൻ ഓഫിസർ പി.കെ. സുരേഷ്, ലീഡിങ് ഫയർമാൻ അജയകുമാർ, ഫയർമാൻമാരായ ബെഞ്ചമിൻ, ബി. ബിനോയ്, സിൻമോൻ എന്നിവരടങ്ങിയ സംഘമാണ് കുട്ടികളെ രക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.