പെരുമ്പാവൂർ: അവകാശപ്പെട്ട ഭൂമിക്കായി നിയമ പോരാട്ടം നടത്തുന്ന സ്വാമിനാഥനും കുടുംബവും വ്യാഴാഴ്ച രാത്രി കഴിഞ്ഞത് പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ. മൂവാറ്റുപുഴ താലൂക്കിലെ ഇലഞ്ഞിയിൽ ഇവർക്കുള്ള മൂന്ന് സെൻറ് ബന്ധുക്കൾ തട്ടിയെടുത്തെന്ന് ആരോപിച്ച് നിയമ നടപടി തേടുകയാണ് സ്വാമിനാഥൻ. തുടർന്ന് കൂത്താട്ടുകുളത്തിന് സമീപം ചാരംചിറയിൽ വാടകക്ക് താമസിക്കുകയായിരുന്നു കുടുംബം. പ്രളയത്തെ തുടർന്ന് സ്വാമിനാഥന് ജോലിക്ക് പോകാൻ കഴിഞ്ഞില്ലേത്ര. വാടക മുടങ്ങിയതിനാൽ വീടൊഴിയേണ്ടി വന്നു. സ്വാമിനാഥനും ഭാര്യ ശ്രീക്കുട്ടിയും മക്കളായ സ്നേഹനാഥനും, സൂര്യനാഥനുമാണ് സ്റ്റാൻഡിൽ അഭയം തേടിയത്. സ്നേഹനാഥൻ വൃക്കരോഗിയാണ്. ഒരു ശസ്ത്രക്രിയ ഇതിനകം കഴിഞ്ഞു. തുടർ ചികിത്സക്ക് ആശുപത്രിയും സ്ഥല സംബന്ധമായ കാര്യങ്ങൾക്ക് കോടതിയും സർക്കാർ ഓഫിസുകളും കയറി ഇറങ്ങി ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയാണെന്ന് സ്വാമിനാഥൻ പറയുന്നു. അവകാശപ്പെട്ട ഭൂമി അളന്ന് തിരിക്കാൻ ഫെബ്രുവരിയിൽ താലൂക്ക് സർവേയർക്കൊപ്പം ചെന്ന തനിക്ക് എതിരാളികളിൽനിന്ന് മർദനം ഏറ്റെന്ന് സ്വാമിനാഥൻ പറയുന്നു. 'ഞങ്ങൾ വീണ്ടും തെരുവിലാണ്', 'ഇതാണോ ഞങ്ങളുടെ വിധി' തുടങ്ങി ജീവിതത്തിലെ ദുരനുഭവങ്ങളുടെ കുറിപ്പുകൾ നോട്ടീസ് രൂപത്തിലാക്കിയാണ് ഇവരുടെ യാത്ര. സ്വാമിനാഥൻ സ്നേഹമല എന്ന ഫേസ് ബുക്ക് പോസ്റ്റിൽ തങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഉണ്ടെന്ന് നോട്ടീസിൽ പറയുന്നു. സ്വാമിനാഥെൻറ സാക്ഷ്യ പത്രങ്ങളിലെ വാസ്തവം എത്രത്തോളമെന്ന് കാണുന്നവർക്ക് അറിയില്ല. പക്ഷെ, ഇയാളുടെ കൂട്ടത്തിലുള്ള രണ്ട് മക്കൾ ജീവിത യാഥാർഥ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.