ഉപഭോക്തൃ ഫോറങ്ങളിൽ കെട്ടിക്കിടക്കുന്നത്​ മൂന്നുലക്ഷം കേസ്​

കൊച്ചി: രാജ്യത്തെ ജില്ല ഉപഭോക്തൃ ഫോറങ്ങളിൽ തീർപ്പുകാത്ത് കിടക്കുന്നത് മൂന്നുലക്ഷത്തോളം കേസുകൾ. ഉപഭോക്തൃസേവനത്തിലെ വീഴ്ചകൾ സംബന്ധിച്ച പരാതികൾ പരിഹരിക്കാനും പരാതിക്കാരന് നഷ്ടപരിഹാരം ലഭ്യമാക്കാനും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഉപഭോക്തൃ ഫോറങ്ങളുടെ പ്രവർത്തനം പല സംസ്ഥാനത്തും മന്ദഗതിയിലാണെന്ന് ഇതുസംബന്ധിച്ച കണക്കുകൾ സൂചിപ്പിക്കുന്നു. പ്രവർത്തനം കാര്യക്ഷമമാക്കുന്നതിൽ സംസ്ഥാന സർക്കാറുകൾ പുലർത്തുന്ന അനാസ്ഥയാണ് ഫോറങ്ങളെ പ്രതികൂലമായി ബാധിക്കുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്തെ 29 സംസ്ഥാനത്തും ഏഴ് കേന്ദ്രഭരണ പ്രദേശത്തുമായി 2,98,033 കേസാണ് കെട്ടിക്കിടക്കുന്നത്. കേരളത്തിൽ 10,221 കേസ് തീർപ്പാകാനുണ്ട്. ഇതിൽ പത്തുവർഷത്തിലേറെ പഴക്കമുള്ള പരാതികൾ വരെയുണ്ട്. പ്രസിഡൻറും രണ്ട് അംഗങ്ങളും ഉൾപ്പെടുന്നതാണ് ജില്ല ഉപഭോക്തൃഫോറത്തി​െൻറ ക്വോറം. പല ഫോറത്തിലും അംഗങ്ങളുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നതിനാൽ ക്വോറം തികയാറില്ല. ഇതാണ് പരാതികൾ തീർപ്പാക്കുന്നതിലെ പ്രധാന തടസ്സവും. മറ്റ് ഫോറങ്ങളിലുള്ളവർക്ക് അധിക ചുമതല നൽകിയാണ് പലപ്പോഴും അംഗബലമില്ലാത്ത ഫോറങ്ങളിലെ പരാതികൾ കുറച്ചെങ്കിലും തീർപ്പാക്കുന്നത്. ഫോറത്തിൽ മതിയായ അംഗങ്ങളില്ലാതെ പ്രവർത്തനം മന്ദഗതിയിലാകുേമ്പാൾ അനുബന്ധ സംവിധാനങ്ങളും ജീവനക്കാരുമെല്ലാം അനാവശ്യമായി സാമ്പത്തികച്ചെലവ് വരുത്തിവെക്കുന്ന ഘടകങ്ങളാവുകയാണ്. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ കേസുകൾ കെട്ടിക്കിടക്കുന്നത്: 76,915. മഹാരാഷ്ട്ര (37,457), രാജസ്ഥാൻ (35,823), മധ്യപ്രദേശ് (20,840), ഗുജറാത്ത് (18,403) എന്നിവയാണ് തൊട്ടുപിന്നിൽ. എന്നാൽ, സിക്കിമിൽ 14 കേസ് മാത്രമാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.