കൊച്ചി: ''അമ്മയുടെ പ്രസിഡൻറായതിെൻറ പേരിൽ ഞാൻ എന്തിനാണ് ഇങ്ങനെ അടി കൊള്ളുന്നത്?. എല്ലാവരും കൂടി പറഞ്ഞിട്ടാണ് സ്ഥാനമേറ്റെടുത്തത്. ദേശീയ മാധ്യമങ്ങളിൽപോലും എന്നെ കുറ്റപ്പെടുത്തിയാണ് വാർത്ത വരുന്നത്. ദിലീപിനെ ഞാൻ സംരക്ഷിക്കുന്നു എന്ന രീതിയിലാണ് വാർത്ത. ഇത് വ്യക്തിപരമായി ഒരുപാട് സങ്കടമുണ്ടാക്കി''-അഭിനേതാക്കളുടെ സംഘടനയായ അമ്മയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിലും ഡബ്ല്യു.സി.സി ഉന്നയിച്ച ആരോപണങ്ങളിലുമുള്ള കടുത്ത അസംതൃപ്തി വെളിപ്പെടുത്തി മോഹൻലാലിെൻറ വാക്കുകൾ. 'അമ്മ' എക്സിക്യൂട്ടിവിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് തന്നെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്ന പരിഭവം മോഹൻലാൽ പങ്കുവെച്ചത്. ദിലീപിെൻറ വിഷയം വലിയ ചർച്ചയായി. പ്രശ്നങ്ങൾ പരിഹരിക്കാൻ അൽപ്പം സമയം വേണമെന്ന് മാത്രമാണ് ഡബ്ല്യു.സി.സിയോട് ആവശ്യപ്പെട്ടത്. കാര്യങ്ങൾ തീരുമാനിക്കുന്നതിനിടെ അവർ വാർത്തസമ്മേളനം നടത്തി. 'അമ്മ'യിൽ പ്രശ്നങ്ങളും പൊട്ടിത്തെറിയുമുണ്ടെന്ന് വരുത്താനാണ് ചിലരുടെ ശ്രമം. സംഘടനയുടെ പേരിനെ എ.എം.എം.എ എന്നാണ് ചില മാധ്യമങ്ങളടക്കം വിശേഷിപ്പിക്കുന്നത്. ചർച്ച മുഴുവൻ തന്നിലേക്ക് മാത്രം കേന്ദ്രീകരിച്ചു. ഒരുതരത്തിലും പരിചയമില്ലാത്തവർപോലും ചാനൽ ചർച്ചകളിൽ വന്നിരുന്ന് തന്നെ വിചാരണ ചെയ്യുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നു. എന്തിനാണ് മോഹൻലാൽ എന്ന വ്യക്തിയിലേക്ക് മാത്രം ഇങ്ങനെ വിരൽചൂണ്ടുന്നത്? മറ്റുള്ളവരോട് ആലോചിക്കാതെ തനിക്ക് മാത്രമായി തീരുമാനം എടുക്കാനാവില്ല. ആരോടും പ്രതികാരമനോഭാവത്തോടെ പെരുമാറിയിട്ടില്ല. നടിമാരുടെ പേര് പറയാൻ തനിക്ക് മടിയില്ല. അവർ മൂന്നുപേരും അടുത്ത സുഹൃത്തുക്കളാണ്. നിലവിലെ അവസ്ഥയിൽ 'അമ്മ'യുടെ പ്രസിഡൻറ് സ്ഥാനത്ത് താൻ സംതൃപ്തനല്ല. തന്നെ ആവശ്യമാണെന്നും സംഘടന പ്രസിഡൻറ് എന്നത് ബഹുമാനിക്കപ്പെടേണ്ട പദവിയാണെന്നും എല്ലാ അംഗങ്ങൾക്കും തോന്നിയാൽ മാത്രമേ തുടരൂ. അല്ലെങ്കിൽ രാജിവെക്കാൻ മടിയില്ല -മോഹൻലാൽ പറഞ്ഞു. മോഹൻലാലിനെ ഒറ്റപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ലെന്നും അദ്ദേഹത്തിന് വ്യക്തിപരമായി പ്രയാസങ്ങളുണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടാകാതിരിക്കാൻ ഒാരോ അംഗവും ശ്രദ്ധിക്കുമെന്നും നടൻ സിദ്ദീഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.