കൊച്ചി: പ്രളയാനന്തര കേരളത്തിെൻറ പുനർനിര്‍മാണത്തിന് കൈത്താങ്ങുമായി കൊച്ചിയില്‍ പ്രശസ്ത കലാകാരന്മാര്‍ പങ്കെടുക്കുന്ന സംഗീതവിരുന്ന് നടത്തുന്നു. സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസി നേതൃത്വം നല്‍കുന്ന 'വീ ഷാല്‍ ഓവര്‍കം' സംഗീതപരിപാടി 29ന് വൈകിട്ട് ആറിന് എറണാകുളം മറൈന്‍ഡ്രൈവില്‍ അരങ്ങേറും. സംഗീതപരിപാടിയുടെ സ്‌പോണ്‍സര്‍ഷിപ്പിലൂടെ സമാഹരിച്ച 6.85 കോടി രൂപ പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കും. മന്ത്രിമാരായ എ.സി. മൊയ്തീൻ, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും പങ്കെടുക്കുമെന്ന് കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല വാർത്തസമ്മേളനത്തില്‍ അറിയിച്ചു. പൊതുജനങ്ങൾക്ക് സംഗീതപരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ജില്ല ഭരണകൂടവും ടൂറിസം വകുപ്പും റോട്ടറി ഇൻറര്‍നാഷനലും സ്റ്റീഫന്‍ ദേവസിയുടെ സുഹൃദ്‌സംഘവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രതിഫലം വാങ്ങാതെയാണ് കലാകാരന്മാര്‍ പങ്കെടുക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാനുള്ള കൗണ്ടറും മറൈന്‍ഡ്രൈവിലെ വേദിക്ക് സമീപമുണ്ടാകും. പണമായും ചെക്കായും തുക സ്വീകരിക്കും. പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവരെ സംഗീതപരിപാടിയില്‍ ആദരിക്കുമെന്ന് സ്റ്റീഫന്‍ ദേവസി പറഞ്ഞു. ആന്‍ഡ്രിയ ജെറെമിയ, നരേഷ് അയ്യർ, സുനിത സാരഥി എന്നിവര്‍ ഗാനങ്ങളുമായി വേദിയിലെത്തും. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ ത്രയം, കരുണ മൂര്‍ത്തിയുടെ തവില്‍ പ്രകടനം, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ അന്തേവാസികളായ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ഗാനമേള, അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന പ്രത്യേക പരിപാടി എന്നിവയും ഇതിെൻറ ഭാഗമായി നടക്കും. ബാലഭാസ്‌കര്‍ക്ക് ആദരവേകി അറബ് പൗരന്‍ സാജ് സാബ്രിയുടെ വയലിന്‍ ആലാപനവുമുണ്ടാകും. ഫോര്‍ട്ട്കൊച്ചി സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, ടൂറിസം വകുപ്പ് ജോയൻറ് ഡയറക്ടര്‍ കെ.പി. നന്ദകുമാര്‍, റോട്ടറി ഇൻറര്‍നാഷനല്‍ പ്രതിനിധി പി.കെ. സുധീര്‍ തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.