* ആരോപണങ്ങളെ പ്രതിരോധിക്കാൻ സംസ്ഥാന െസക്രേട്ടറിയറ്റ് തീരുമാനം തിരുവനന്തപുരം: ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധിയെതുടർന്ന് ബി.ജെ.പിയും കോൺഗ്രസും നടത്തുന്ന രാഷ്ട്രീയ നീക്കം പ്രതിരോധിക്കാൻ അണികളെ യുദ്ധകാലാടിസ്ഥാനത്തിൽ സജ്ജരാക്കാൻ സി.പി.എം. ഇതിെൻറ ഭാഗമായി ബ്രാഞ്ച് സെക്രട്ടറിമാർ വരെയുള്ളവരുടെയും മുഴുവൻ പാർട്ടിയംഗങ്ങളുടെയും യോഗം വിളിച്ചുചേർക്കും. വിധിയുടെ പശ്ചാത്തലവും സർക്കാർ, സി.പി.എം നിലപാടുകൾ വിശദീകരിച്ച് ആരോപണങ്ങളെ പ്രതിരോധിക്കാനും വെള്ളിയാഴ്ച ചേർന്ന സംസ്ഥാന െസക്രേട്ടറിയറ്റ് തീരുമാനിച്ചു. ജില്ല പ്രവർത്തക യോഗങ്ങളും ജനറൽ ബോഡി അടക്കമാണ് വിളിച്ചുചേർക്കുക. വിമോചന സമരത്തിന് അടിത്തറ ഒരുക്കിയതിന് സമാനമായ അസാധാരണ രാഷ്ട്രീയ സാഹചര്യമാണ് രാഷ്ട്രീയ ശത്രുക്കളും ചില സാമുദായിക ശക്തികളും ഒരുക്കുന്നതെന്ന വിലയിരുത്തലിലാണ് ഇൗ തീരുമാനം. എൽ.ഡി.എഫ് നേതൃത്വത്തിൽ മുഖ്യമന്ത്രിയെ മുൻനിർത്തി പൊതുയോഗം അടക്കം നടത്താൻ തീരുമാനിച്ചതിനു പുറമെയാണ് സി.പി.എം സ്വന്തം നിലക്ക് രംഗത്തിറങ്ങുന്നത്. ജില്ല, ഏരിയ, ലോക്കൽ കമ്മിറ്റിയംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും പെങ്കടുക്കുന്ന ജില്ല പ്രവർത്തക യോഗങ്ങൾ ഒക്ടോബർ 14ന് എല്ലാ ജില്ലകളിലും ചേരും. സംസ്ഥാന സെക്രേട്ടറിയറ്റംഗങ്ങളാവും നിലപാട് വിശദീകരിക്കുക. ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ തമ്മിലെ ഭിന്നത മറച്ചുവെച്ച് ബി.ജെ.പിയും കോൺഗ്രസും നടത്തുന്ന ഇരട്ടത്താപ്പ്, സർക്കാർ സ്വീകരിച്ച നിലപാട്, കേന്ദ്ര സർക്കാർ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചത് തുടങ്ങിയവ വിശദീകരിക്കും. തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കെ.കെ. ശൈലജയും പെങ്കടുക്കും. ബ്രാഞ്ച് സെക്രട്ടറിമാർ പെങ്കടുക്കുന്ന യോഗങ്ങളിൽ സംസ്ഥാന സെക്രട്ടറി റിപ്പോർട്ട് ചെയ്യുന്നത് സി.പി.എമ്മിൽ അസാധാരണമാണ്. തുടർന്ന് 15നും 16നും ലോക്കൽ കമ്മിറ്റി അടിസ്ഥാനത്തിൽ ബ്രാഞ്ച് അംഗങ്ങൾ വരെയുള്ളവരെ പെങ്കടുപ്പിച്ച് ജനറൽ ബോഡികളും ചേരും. എല്ലാ ജില്ലകളിലും വ്യാഴാഴ്ച ഏരിയ കമ്മിറ്റി അടിസ്ഥാനത്തിൽ മുഴുവൻ ബ്രാഞ്ച് സെക്രട്ടറിമാരുടെ യോഗം ചേർന്നിരുന്നു. ശനിയാഴ്ച മുഴുവൻ ബ്രാഞ്ച് യോഗങ്ങളും വിളിക്കാനും നിർദേശിച്ചു. ഇന്ന് ചേരുന്ന സംസ്ഥാന സമിതിയാവും അന്തിമ രൂപരേഖ നൽകുക. ഹിന്ദുത്വ ശക്തികളെ ഏകോപിപ്പിക്കാനാണ് ആർ.എസ്.എസ്-ബി.ജെ.പി ശ്രമമെന്നും ഇതിന് കുടപിടിക്കുന്ന കോൺഗ്രസിന് രാഷ്ട്രീയ തിരിച്ചടി ലഭിക്കുമെന്നും സെക്രേട്ടറിയറ്റ് വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.