െകാച്ചി: മദ്യപിക്കാൻ പണം നൽകാത്തതിെൻറ വൈരാഗ്യത്തിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്. പറവൂർ മൂത്തകുന്നം തുരുത്തിപ്പുറം മടപ്ലാതുരുത്ത് കോളരിക്കല്‍ സന്തോഷിനെയാണ് (51) എറണാകുളം അഡീഷനൽ സെഷൻസ് (സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി) ജഡ്ജി പി.ജെ. വിൻസൻറ് ശിക്ഷിച്ചത്. ജീവപര്യന്തം തടവിന് പുറമെ 10,000 രൂപ പിഴ അടക്കാനും നിർദേശമുണ്ട്. പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടി തടവ് അനുഭവിക്കണം. 2016 ജൂലൈ 24 നാണ് പ്രതി ഭാര്യ ഷെർലിയെ (46) കൊല ചെയ്തത്. സംശയ രോഗിയായിരുന്ന പ്രതി ഭാര്യയോട് മദ്യപിക്കാൻ പണം ആവശ്യപ്പെട്ടു. നൽകാത്ത വൈരാഗ്യത്തിൽ കഴുത്ത് ഞെരിച്ച പ്രതി ഭിത്തിയിലിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മകൻ പുറത്തുപോയ സമയത്തായിരുന്നു സംഭവം. മകൻ എത്തിയപ്പോൾ പ്രതി തന്നെയാണ് കൊല ചെയ്ത വിവരം പറഞ്ഞത്. മുറിയിൽ ചെന്ന് നോക്കിയപ്പോൾ ഷെർലി ചലനമറ്റ് കിടക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസിെൻറ സഹായത്തോടെ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിനുശേഷം പ്രതി സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. മകൻ അടക്കം 26 പേരെ വിസ്തരിച്ചാണ് പ്രോസിക്യൂഷൻ കുറ്റം തെളിയിച്ചത്. 21രേഖകളും രണ്ട് തൊണ്ടികളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. നിരപരാധിയാണെന്നും കുറ്റമൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു വിചാരണയുടെ അവസാനം വരെയും പ്രതിയുടെ നിലപാട്. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ, അപൂർവങ്ങളിൽ അപൂർവമായ കേസായി ഇതിനെ പരിഗണിക്കാൻ കഴിയില്ലെന്ന് നിരീക്ഷിച്ചാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. വടക്കേക്കര സി.െഎയാണ് കേസിൽ അന്തിമ റിപ്പോർട്ട് നൽകിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ബി.സന്ധ്യ റാണി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.