ആലുവ മറക്കരുത് ഈ യുവാക്കളെ

ആലുവ: നഗരവും സമീപപ്രദേശങ്ങളും പ്രളയത്തി‍​െൻറ പിടിയിൽ അമർന്നപ്പോൾ രക്ഷകരായത് പേങ്ങാട്ടുശ്ശേരി മേഖലയിലെ ഒരുപറ്റം യുവാക്കൾ. പേങ്ങാട്ടുശ്ശേരിയിൽ പ്രളയം കാര്യമായി ബാധിച്ചിരുന്നില്ല. പേങ്ങാട്ടുശ്ശേരി, എം.ഇ.എസ് ജാറം യതീംഖാന കവല, ചുണങ്ങംവേലി, കുഞ്ചാട്ടുകര തുടങ്ങിയ സ്‌ഥലങ്ങളിലെ ചെറുപ്പക്കാർ മുൻപിൻ നോക്കാതെ ദിവസങ്ങൾ നീണ്ട രക്ഷാപ്രവർത്തനമാണ് നടത്തിയത്. ടിപ്പർ ലോറിയിൽ ചെറുവള്ളങ്ങളും വടവും അലുമിനിയം കോണിയും കയറ്റിയാണ് ഇവർ ദുരിതമേഖലകളിൽ വന്നിറങ്ങിയത്. ആംബുലൻസും ഇവർ കരുതിയിരുന്നു. ഓരോ സ്‌ഥലങ്ങളിലെ ഭീകരത വാട്സ്ആപ് വഴിയും ഫോണിലും സമീപപ്രദേശങ്ങളിലെ ചെറുപ്പക്കാരെ അറിയിച്ച് വലിയ സംഘമായി എത്താൻ ഇവർക്കായി. അതുവഴി നിരവധി ആളുകളെ രക്ഷിച്ചു. പിഞ്ചുകുട്ടികൾ, ഗർഭിണികൾ തുടങ്ങി നൂറുകണക്കിനുപേരെ രക്ഷപ്പെടുത്തി. ആലുവക്കുപുറമെ പറവൂർ മേഖലകളിലും ഇവർ രക്ഷാപ്രവർത്തനം നടത്തി. പുറമെ, ആയിരങ്ങൾക്ക് ഭക്ഷണം നൽകാനും ഇവർക്കായി. തുടക്കത്തിൽ വീടുകളിൽനിന്ന് പൊതിച്ചോറുകൾ തയാറാക്കി പല ഭാഗങ്ങളിൽ വിതരണം ചെയ്തു. പിന്നീട് പേങ്ങാട്ടുശ്ശേരി കേന്ദ്രീകരിച്ച് വലിയതോതിൽ ഭക്ഷണം തയാറാക്കി പല പ്രദേശങ്ങളിലും നൽകി. പ്രളയത്തിൽ മുങ്ങിയ ആലുവക്കാരിൽ ഭൂരിഭാഗംപേരും ഇവരുടെ കാരുണ്യത്തി‍​െൻറ വിലയറിഞ്ഞു. ആലുവക്കാർ ഒരിക്കലും മറക്കാൻ പാടില്ലാത്ത മുഖങ്ങളാണ് ഈ ചെറുപ്പക്കാരുടേത്. എടത്തല പഞ്ചായത്തുതലത്തിൽ കൂട്ടായ്മ രൂപവത്കരിക്കണമെന്ന് പൊതുപ്രവർത്തകനും ദുരന്തമേഖലയിൽ സേവനം ചെയ്തയാളുമായ മുഹമ്മദാലി പേങ്ങാട്ടുശ്ശേരി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.