ഡാറ്റ ബാങ്കിൽനിന്ന്​ ഒഴിവാക്കണമെന്ന അപേക്ഷ മൂന്നു​മാസത്തിനകം പരിഗണിക്കണം -ഹൈകോടതി

കൊച്ചി: നെൽവയൽ-തണ്ണീർത്തടം എന്ന നിലയിൽ ഡാറ്റ ബാങ്കിൽ ഉൾപ്പെടുത്തിയ ഭൂമിയെ അതിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെടുന്ന പരാതികൾ മൂന്നുമാസത്തിനകം പ്രാദേശികതല മേൽനോട്ട സമിതി (ലോക്കൽ ലെവൽ മോണിറ്ററിങ് കമ്മിറ്റി) പരിഗണിക്കണമെന്ന് ഹൈകോടതി. 2008ലെ നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിൽ കൊണ്ടുവന്ന ഭേദഗതിയിലെ വ്യവസ്ഥകൾക്കനുസൃതമായി അപേക്ഷകൾ നിയമപരമായി പരിഗണിക്കാനാണ് നിർദേശം. 1967ലെ ഭൂവിനിയോഗ നിയമം വരുന്നതിനുമുമ്പ് നികത്തിയ പാടങ്ങള്‍ ക്രമപ്പെടുത്താനുള്ള 2018ലെ വ്യവസ്ഥകൾ ശരിവെച്ചാണ് സിംഗിൾ ബെഞ്ച് ഉത്തരവ്. നിയമഭേദഗതി ചോദ്യം ചെയ്ത് സമർപ്പിച്ച 56 ഹരജിയാണ് കോടതി തീർപ്പാക്കിയത്. ഭൂവിനിയോഗ നിയമത്തിനോ 2008ലെ നിയമത്തിനോ വിരുദ്ധമല്ലെന്ന് വ്യക്തമാക്കിയാണ് ഭേദഗതി കോടതി ശരിവെച്ചത്. നിർമാണാനുമതി തേടിയുള്ള അപേക്ഷകൾ പരിഗണിക്കേണ്ടത് ആർ.ഡി.ഒമാരാണെന്ന വ്യവസ്ഥ ശരിവെച്ച കോടതി കലക്ടർമാരുടെ പരിഗണനയിലുള്ള അപേക്ഷകൾ തീർപ്പിന് ആർ.ഡി.ഒമാർക്ക് കൈമാറാൻ നിർദേശിച്ചു. പ്രാദേശികതല മേൽനോട്ട സമിതിയുടെ ഉത്തരവ് കിട്ടിയാൽ വില്ലേജ് ഒാഫിസറുടെ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ മൂന്നുമാസത്തിനകം ഇൗ അപേക്ഷകൾ ആർ.ഡി.ഒമാർ പരിഗണിക്കണം. ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തിലും പരാതികൾ തീർപ്പാക്കിയും ഡാറ്റ ബാങ്ക് അന്തിമമാക്കിയാൽ പിന്നീട് പ്രാേദശിക സമിതികൾക്ക് പരാതി കേൾക്കാൻ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. അടിസ്ഥാന നികുതി രേഖകളിലെ (ബി.ടി.ആർ) തെറ്റായ രേഖപ്പെടുത്തൽ തിരുത്തി ക്രമപ്പെടുത്താനുള്ള അേപക്ഷകളിന്മേലും ബന്ധപ്പെട്ട അധികാരികളുടെ ഉത്തരവുണ്ടെങ്കിൽ അനുകൂല തീരുമാനമെടുക്കണം. ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടതാണെങ്കിലും 4.04 ആർ സ്ഥലത്ത് പരമാവധി 120 ചതുരശ്ര മീറ്റർ വീട് നിർമാണത്തിനും 2.02 ആർ സ്ഥലത്ത് 40 ചതുരശ്ര മീറ്റർ വാണിജ്യ കെട്ടിടനിർമാണത്തിനും അനുമതി വേണ്ടതില്ലെന്നാണ് ഭേദഗതിയിലെ വ്യവസ്ഥ. ഇതിനനുസൃത തീരുമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് ഉണ്ടാകണം. ഭേദഗതി ചട്ടം തയാറാവാത്തതിനാൽ നിർദിഷ്ട ഫോറത്തിൽ അപേക്ഷ ആവശ്യപ്പെടരുത്. അതേസമയം, ചട്ടം വരുേമ്പാൾ നിർദിഷ്ട ഫോറം നടപ്പാക്കിയാൽ അതിനനുസൃതമായിതന്നെ നടപടി സ്വീകരിക്കുകയും വേണം. ഭേദഗതി വ്യവസ്ഥകളുമായി ബന്ധപ്പെട്ട നിയമപരവും വസ്തുതാപരവുമായ അപാകതകളെ ബന്ധപ്പെട്ട നടപടികളിലൂടെ ചോദ്യം ചെയ്യുന്നതിൽ തടസ്സമില്ലെന്നും ഉത്തരവിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.