ജില്ലയിൽ പകർച്ചവ്യാധി ഭീഷണി വീണ്ടും; ആശങ്കയിൽ ജനം

ആലപ്പുഴ: നിപ വൈറസി​െൻറ ഭീതി നിലനിൽക്കെ പകർച്ച വ്യാധികൾ വീണ്ടും പിടിമുറുക്കുന്നത് ജില്ലയെ ആശങ്കയിലാക്കുന്നു. എലിപ്പനി, ഡെങ്കിപ്പനി, ചിക്കൻപോക്സ്, മഞ്ഞപ്പിത്തം, വയറിളക്കം, മലമ്പനി തുടങ്ങിയ രോഗങ്ങൾ ഇതിനോടകം വിവിധ ഇടങ്ങളിൽ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും പൂർണമായും രോഗങ്ങളെ അകറ്റി നിർത്താൻ കഴിയാത്തത് ആരോഗ്യവകുപ്പി​െൻറയും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെയും പരാജയമായാണ് വിലയിരുത്തപ്പെടുന്നത്. മഴക്കാലപൂർവ ശുചീകരണം തയാറെടുപ്പുകൾ തദ്ദേശസ്ഥാപനങ്ങൾ വൈകിപ്പിച്ചതാണ് രോഗനിയന്ത്രണം താളം തെറ്റാൻ കാരണമായി പറ‍യുന്നത്. മേയ് 30 വരെ പകർച്ച വ്യാധികളുടെ കണക്ക് ഇപ്രകാരമാണ്. എലിപ്പനി- 20, ഡെങ്കിപ്പനി- 19, മഞ്ഞപ്പിത്തം നാല്, വയറൽ പനി- 49,633, വയറിളക്കം- 6194, മലമ്പനി- ഏഴ്. കൊതുകുജന്യ രോഗങ്ങളും എലിപ്പനിയുമാണ് ആലപ്പുഴയുടെ ഉറക്കം കെടുത്തുന്ന വ്യാധികൾ. ഇക്കൊല്ലവും ഇതിന് ശമനമില്ല. എലിപ്പനി ബാധിച്ച് ഒരു മരണവും ഉണ്ടായി. രോഗപ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയിടത്തുതന്നെ ഇപ്പോഴും നിൽക്കുകയാണ്. വകുപ്പുകൾ തമ്മിലെ ഏകോപനം ഇല്ലാത്തതാണ് പ്രതിരോധം പാളുന്നതിന് ഇടയാക്കുന്നത്. കേട്ട് കേൾവിപോലുമില്ലാത്ത പുതിയ രോഗങ്ങൾ പടരുന്ന സാഹചര്യങ്ങൾ നിലനിൽക്കുന്നത് ആരോഗ്യവകുപ്പും കാണാതെപോകുന്നു. മാലിന്യ സംസ്കരണത്തിലും പൊതുജലാശയങ്ങളും കാനകളും വൃത്തിയായി സൂക്ഷിക്കുന്നതിലും തദ്ദേശസ്ഥാപനങ്ങളും സർക്കാറും കടുത്ത അലംഭാവമാണ് കാട്ടുന്നത്. പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് വീട് കയറിയുള്ള പ്രചാരണത്തിനാണ് മുൻതൂക്കം നൽകുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.