ജനറല്‍ ആശുപത്രിക്ക് അപൂർവ നേട്ടം; രോഗിയെ മയക്കാതെ തലച്ചോറിലെ ട്യൂമര്‍ നീക്കി

കൊച്ചി: ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രോഗിയെ പൂര്‍ണമായും മയക്കാതെ തലച്ചോറിലെ ട്യൂമര്‍ വിജയകരമായി നീക്കി. കേരളത്തിലെ ചുരുക്കം ആശുപത്രികളില്‍ മാത്രം നടക്കുന്ന ശസ്ത്രക്രിയ ആദ്യമായാണ് ജനറൽ ആശുപത്രിയില്‍ ചെയ്യുന്നത്. ന്യൂറോ സര്‍ജറി വിഭാഗത്തിലെ ഡോ. ഡാല്‍വിന്‍ തോമസ്, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. വി.ആർ. ബിന്ദുമോള്‍, ഡോ. സമീര്‍ സിയാവുദ്ദീന്‍, നഴ്‌സുമാരായ അംബുജം, ശ്യാമള എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഫോര്‍ട്ട്കൊച്ചി സ്വദേശി ജംഹറി​െൻറ തലച്ചോറില്‍ കൈകാലുകളുടെ ചലനശേഷിയെ നിയന്ത്രിക്കുന്ന ഭാഗെത്ത ട്യൂമറാണ് നീക്കിയത്. മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ ലോക്കല്‍ അനസ്‌തേഷ്യയും നിയന്ത്രിത സെഡേഷനും നല്‍കിയാണ് നിര്‍വഹിച്ചത്. ശസ്ത്രക്രിയയിലുടനീളം രോഗി ഉണര്‍ന്നിരിക്കുകയും ഡോക്ടർമാരുമായി സംസാരിക്കുകയും നിർദേശാനുസരണം കൈകാലുകള്‍ ചലിപ്പിക്കുകയും ചെയ്തു. ശസ്ത്രക്രിയക്കുശേഷം സുഖം പ്രാപിച്ചുവരുന്ന രോഗി ഇപ്പോള്‍ നടന്നുതുടങ്ങി. കോട്ടയം മെഡിക്കല്‍ കോളജാണ് കേരളത്തില്‍ ഇതിനുമുമ്പ് ഇത്തരം ശസ്ത്രക്രിയ നടത്തിയ സര്‍ക്കാര്‍ ആശുപത്രി. സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങള്‍ ചെലവുവരുന്ന ശസ്ത്രക്രിയ കാരുണ്യ ചികിത്സ സഹായ പദ്ധതിയിലൂടെ പൂര്‍ണമായും സൗജന്യമായാണ് ചെയ്തത്. ആസ്റ്റര്‍ മെഡ്സിറ്റിയിലെ ന്യൂറോ സര്‍ജനായിരുന്ന ഡോ. ഡാല്‍വിന്‍ തോമസ് രണ്ടുമാസം മുമ്പാണ് നാഷനല്‍ ഹെല്‍ത്ത് മിഷന്‍ മുഖേന ജനറല്‍ ആശുപത്രിയില്‍ നിയമിതനായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.