അമ്പലപ്പുഴ: മഴയിലും പ്രതിഷേധം അണയാതെ തീരദേശവാസികള്‍ വില്ലേജ് ഒാഫിസ് ഉപരോധിച്ചു. കടലാക്രമണത്തില്‍ കിടപ്പാടം നഷ്ടപ്പെട്ട് നീര്‍ക്കുന്നം എസ്.ഡി.വി.യു.പി സ്‌കൂളിലെ ക്യാമ്പില്‍ കഴിയുന്നവരെ മാറ്റാനുള്ള അധികൃതരുടെ നീക്കം അവസാനിപ്പിക്കുക, അടിയന്തരമായി ഷെൽട്ടര്‍ നിർമിച്ച് നല്‍കുക, മന്ത്രിതല സംഘം ദുരിതബാധിത പ്രദേശം സന്ദര്‍ശിക്കുക, പുലിമുട്ടോടുകൂടിയ കടല്‍ഭിത്തി നിർമിച്ച് തീരം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അമ്പലപ്പുഴ വടക്ക് വില്ലേജ് ഒാഫിസ് ഉപരോധിച്ചത്. ധീവരസഭ 52ാം നമ്പര്‍ കരയോഗത്തിെൻറ നേതൃത്വത്തില്‍ നീര്‍ക്കുന്നം മാധവന്‍മുക്കില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് വില്ലേജ് ഓഫിസ് പടിക്കൽ പൊലീസ് തടഞ്ഞു. തുടര്‍ന്ന് വില്ലേജ് പടിക്കല്‍ സ്ത്രീകളടക്കമുള്ളവര്‍ കുത്തിയിരുന്നു. ഇതിനിടയില്‍ പ്രതിഷേധക്കാരില്‍ ചിലര്‍ ഓഫിസിെൻറ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് വഴിയൊരുക്കി. പ്രതിഷേധക്കാര്‍ വില്ലേജ് ഓഫിസിനുള്ളിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞു. ബുധനാഴ്ച രാവിലെ 11 ഓടെ ആരംഭിച്ച ധർണക്കിടയിലുണ്ടായ കനത്തമഴക്കും പ്രതിഷേധം തണുപ്പിക്കാനായില്ല. ഇതിനിടയില്‍ സമരക്കാരെ അനുനയിപ്പിക്കാന്‍ രാഷ്ട്രീയനേതാക്കള്‍ എത്തിയതും പ്രതിഷേധത്തിന് വഴിയൊരുക്കി. റവന്യൂവകുപ്പ് ഉദ്യോഗസ്ഥരെത്തി ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉറപ്പുനല്‍കാതെ പിരിയില്ലെന്ന് സമരക്കാര്‍ പറഞ്ഞു. ഉച്ചക്ക് 12.30 ഓടെ തഹസില്‍ദാര്‍ ആശ എബ്രഹാം വില്ലേജ് ഓഫിസിലെത്തി ധീവരസഭ നേതാക്കളുമായി ചര്‍ച്ച നടത്തിയതിനുശേഷം അടിയന്തരമായി ഷെൽട്ടര്‍ നിർമിക്കാമെന്ന് തീരദേശവാസികള്‍ക്ക് ഉറപ്പ് നല്‍കിയതിനുശേഷമാണ് സമരക്കാര്‍ പിരിഞ്ഞത്. അമ്പലപ്പുഴയുടെ തീരപ്രദേശങ്ങളില്‍ കടല്‍ഭിത്തി നിർമിക്കുന്നതിന് സര്‍ക്കാര്‍ 60 കോടി രൂപ അനുവദിച്ചതായി തഹസില്‍ദാര്‍ പറഞ്ഞു. കൂടാതെ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് അടിയന്തരമായി 25,000 രൂപ നല്‍കും. താല്‍ക്കാലിക ഷെൽട്ടര്‍ നിർമിക്കാൻ ഒരു കോടി അനുവദിച്ചു. ഇതിെൻറ നിർമാണം ഉടന്‍ ആരംഭിക്കും. നിർമാണം പൂര്‍ത്തിയാക്കാന്‍ 10 ദിവസത്തോളം വേണ്ടിവരും. അതുവരെ ദുരിതബാധിതര്‍ മെഡിക്കൽ കോളജിലേക്ക് മാറണമെന്ന തഹസില്‍ദാറുടെ ആവശ്യം സമരക്കാര്‍ അംഗീകരിച്ചില്ല. ധീവരസഭ അമ്പലപ്പുഴ താലൂക്ക് പ്രസിഡൻറ് കെ. പ്രദീപന്‍, സെക്രട്ടറി രത്‌നാകരന്‍, ജോ. സെക്രട്ടറി ആര്‍. സജിമോന്‍ കരയോഗം ഭാരവാഹികളായ കെ.കെ. ഗോപി, ജി. രാജേന്ദ്ര തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി. തീരദേശ അവഗണന, ധീവരസഭ പ്രക്ഷോഭം നടത്തും അമ്പലപ്പുഴ: തീരദേശവാസികളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ധീവരസഭ അമ്പലപ്പുഴ താലൂക്ക് യൂനിയന്‍ പ്രക്ഷോഭത്തിലേക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടലാക്രമണത്തില്‍ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിെൻറ തീരപ്രദേശങ്ങളിലെ 27 വീടുകള്‍ പൂര്‍ണമായും 70 ഓളം വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ട് സ്ഥലം എം.എല്‍.എയും മന്ത്രിയുമായ ജി. സുധാകരനോ, കെ.സി. വേണുഗോപാല്‍ എം.പിയോ സന്ദര്‍ശിച്ചിട്ടില്ല. ഇരുസര്‍ക്കാറുകളും തീരവാസികള്‍ക്ക് നിരവധി വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ഒന്നും നടപ്പാക്കുന്നില്ലെന്നും യൂനിയന്‍ നേതാക്കള്‍ കുറ്റപ്പെടുത്തി. തീരവാസികളോടുള്ള അവഗണന അവസാനിപ്പിച്ച് മന്ത്രിതല സംഘം തീരദേശം സന്ദര്‍ശിക്കുക, അമ്പലപ്പുഴ, പുന്നപ്ര തീരപ്രദേശങ്ങളിലെ വീടും സ്ഥലവും നഷ്ടപ്പെട്ട് ക്യാമ്പില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കുക, യുദ്ധകാലാടിസ്ഥാനത്തില്‍ പുലിമുട്ടോടുകൂടിയ കടല്‍ഭിത്തി നിർമിക്കുക, ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തരസഹായം എത്തിക്കുക, മത്സ്യമേഖലയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളില്‍ ധീവരസഭ നേതാക്കളെയും ഉള്‍പ്പെടുത്തുക, തോട്ടപ്പള്ളി കോസ്റ്റല്‍ പൊലീസ് സ്റ്റേഷെൻറ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, ഫിഷിങ് ഹാര്ബറിെൻറ രണ്ടാംഘട്ട വികസന പ്രവര്‍ത്തനം പൂര്‍ത്തിയാക്കുക, പുന്നപ്ര ഫിഷ്‌ലാൻഡിങ് സെൻറര്‍ സംരക്ഷിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്ന് അഖിലകേരള ധീവരസഭ അമ്പലപ്പുഴ താലൂക്ക് യൂനിയന്‍ പ്രസിഡൻറ് കെ. പ്രദീപ്, സെക്രട്ടറി രത്‌നാകരന്‍, ജോ. സെക്രട്ടറി സജിമോന്‍, വൈസ് പ്രസിഡൻറ് വിശ്വംഭരന്‍ തുടങ്ങിയവര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.