പുതുമുഖങ്ങള്‍ക്ക് തിയറ്റര്‍ ലഭിക്കാൻ പ്രയാസം -ആസിഫ് അലി ബിടെക് സിനിമയുടെ വിഷയം ചർച്ച ചെയ്യപ്പെടേണ്ടത് കൊച്ചി: പുതുമുഖതാരങ്ങള്‍ അണിനിരക്കുന്ന സിനിമകള്‍ക്ക് തിയറ്റര്‍ ലഭിക്കാന്‍ പ്രയാസമാണെന്ന് നടന്‍ ആസിഫ് അലി. താരമൂല്യമുള്ള നടന്മാര്‍ക്ക് സിനിമയില്‍ നിര്‍ണായക സ്വാധീനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവാഗതനായ മൃദുല്‍ നായര്‍ സംവിധാന ചെയ്ത് ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ 'ബിടെക്' ചിത്രത്തിെൻറ പ്രചാരണാർഥം എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ്. ജനപ്രീതിയുള്ള താരങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനാണ് തിയറ്ററുകള്‍ക്ക് ഇഷ്ടം. പുതുമുഖങ്ങളുടെ ചിത്രങ്ങള്‍ പ്രദര്ശിപ്പിക്കുന്നതിെൻറ പ്രത്യാഘാതം ഏറ്റെടുക്കാന്‍ പൊതുവെ തിയറ്റര്‍ ഉടമകള്‍ മടിക്കാറുണ്ട്. പണം മുടക്കി തിയറ്ററിലെത്തുന്നവര്‍ മുൻനിര താരങ്ങളുടെ ചിത്രം കാണാന്‍ ഇഷ്ടപ്പെടുന്നതാകാം തിയറ്റര്‍ ഉടമകളെ ഇത്തരത്തില്‍ ചിന്തിപ്പിക്കുന്നത്. ബിടെക് സിനിമക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പേര് നോക്കി ഒരാളെ തീവ്രവാദിയായി ചിത്രീകരിക്കുന്ന സമൂഹത്തിലെ പ്രവണതകള്‍ മാറണമെന്ന സന്ദേശം സിനിമ പറയുന്നുണ്ടെന്ന് സംവിധായകന്‍ മൃദുല്‍ നായര്‍ പറഞ്ഞു. യഥാർഥസംഭവങ്ങളിൽ നിന്നാണ് സിനിമയുടെ പിറവി. നല്ല സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അപര്‍ണ ബാലമുരളി പറഞ്ഞു. ചിത്രത്തില്‍ അഭിനയിച്ച നിരഞ്ജന അനൂപും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.