അരൂർ: കമ്പാർട്ട്മെൻറ് മാറിക്കയറിയതിന് ടി.ടി.ഇ ട്രെയിനിൽനിന്ന് ഇറക്കിവിട്ടതിനെ തുടർന്ന് ആന്ധ്രയിൽ കൊള്ളക്കാരുടെ പിടിയിലകപ്പെട്ട അരൂർ സ്വദേശി സാഹസികമായി രക്ഷപ്പെട്ട് നാട്ടിലെത്തി. കൈയിലുണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ടെങ്കിലും ജീവനോടെ തിരിച്ചെത്തിയതിൽ വീട്ടുകാർക്ക് ആശ്വാസം. അരൂർ വിലങ്ങൂർ വീട്ടിൽ സതീശനാണ് (55) ജോലി സ്ഥലത്തുനിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ദുരനുഭവമുണ്ടായത്. ആന്ധ്രയിലെ സ്വകാര്യ കമ്പനിയിൽ തൊഴിലാളികൾക്ക് ആഹാരം പാചകം ചെയ്യുന്ന ജോലിയാണ് സതീശന്. ഇൗമാസം ഒമ്പതിന് രണ്ടുദിവസത്തെ അവധിയിൽ നാട്ടിലേക്ക് മടങ്ങുന്നതിനിെടയാണ് സംഭവം. നാട്ടിലേക്ക് വരുന്ന വിവരം വീട്ടിൽ അറിയിച്ചിരുന്നു. ന്യൂഡൽഹി-തിരുവനന്തപുരം ട്രെയിനിൽ കയറാൻ നെല്ലൂർ സ്റ്റേഷനിൽനിന്ന് സ്ലീപ്പർ ക്ലാസ് ടിക്കറ്റാണ് സതീശൻ എടുത്തത്. മാറിക്കയറിയത് എ.സി കമ്പാർട്മെൻറിലും. ട്രെയിൻ തിരുപ്പതിയിൽ എത്തിയപ്പോൾ ടിക്കറ്റ് പരിശോധനക്കെത്തിയ ടി.ടി.ഇ സതീശനെ ഇറക്കിവിട്ടു. മറ്റൊരു കമ്പാർട്മെൻറിൽ കയറുന്നതിന് മുമ്പ് ട്രെയിൻ നീങ്ങി. തിരുപ്പതിയിലെ ഏതോ ചെറിയ സ്റ്റേഷനായിരുന്നു. രാത്രി വിജനമായ സ്റ്റേഷനിലെ െബഞ്ചിൽ കിടന്നുറങ്ങുകയായിരുന്ന തന്നെ തടിമാടന്മാരായ അഞ്ചുപേർ പൊക്കിയെടുത്ത് കൊണ്ടുപോയതായി സതീശൻ പറയുന്നു. തുടർന്ന് തകരഷീറ്റുകൊണ്ടുള്ള ഷെഡിൽ തള്ളി. ബാഗിലുണ്ടായിരുന്ന 10,000 രൂപയുമായി അവർ കടന്നുകളഞ്ഞു. കുടിക്കാൻ കുപ്പിവെള്ളം വല്ലപ്പോഴും കിട്ടി. 12ന് ധൈര്യം സംഭരിച്ച സതീശൻ ഷെഡിലുണ്ടായിരുന്ന കമ്പിക്കഷ്ണംകൊണ്ട് ഷീറ്റ് വളച്ച് ഊർന്നിറങ്ങി. മൊബൈൽ ഫോണും തിരിച്ചറിയൽ കാർഡുമെല്ലാം പണം സൂക്ഷിച്ച ബാഗിലായിരുന്നു. മടിയിൽ കരുതിയ 2000 രൂപ മാത്രമാണ് ശേഷിച്ചത്. രാത്രി സ്റ്റേഷനിലെത്തിയപ്പോൾ കൊള്ളക്കാർ തന്നെ തിരക്കി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. മറ്റ് യാത്രക്കാരുടെ മറപറ്റിയാണ് ട്രെയിനിൽ കടന്നുകൂടിയത്. സതീശനെ ബന്ധപ്പെടാൻ കഴിയാതിരുന്ന വീട്ടുകാർ ആശങ്കയിലായി. അരൂർ പൊലീസിൽ പരാതി നൽകി. അന്വേഷിച്ച് മകൻ രഞ്ജിത്തും പൊലീസുകാരും ആന്ധ്രയിലേക്ക് പോയശേഷമാണ് 13ന് ഉച്ചയോടെ സതീശൻ നാട്ടിലെത്തിയത്. സതീശൻ എത്തിയതറിഞ്ഞ് രഞ്ജിത്തും പൊലീസുകാരും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. കർണാടക ഫലം ചെങ്ങന്നൂരിൽ പ്രതീക്ഷ നൽകുന്നു -ബി.ജെ.പി ചെങ്ങന്നൂർ: കർണാടക തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയം ആഘോഷമാക്കി ചെങ്ങന്നൂരിലെ എൻ.ഡി.എ പ്രവർത്തകർ. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനായി പ്രചാരണം നടത്തുന്ന പ്രവർത്തകർക്ക് ആത്മവിശ്വാസവും ആവേശവും നൽകുന്നതാണ് കർണാടക ഫലമെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു. നിയോജക മണ്ഡലം കമ്മിറ്റി ഓഫിസ് പരിസരത്തുനിന്ന് ആഹ്ലാദപ്രകടനം നടത്തി. സ്ഥാനാർഥിയും ചേർന്നതോടെ പ്രകടനം റോഡ് ഷോയായി മാറി. ലഡു വിതരണം ചെയ്താണ് പ്രവർത്തകർ കർണാടക വിജയം ആഘോഷമാക്കിയത്. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും പ്രകടനത്തിൽ പങ്കാളിയായി. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ എൻ. ശിവരാജൻ, സെക്രട്ടറി ബി. ഗോപാലകൃഷ്ണൻ, ജില്ല പ്രസിഡൻറ് കെ. സോമൻ, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ കണ്ണാട്ട്, യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രകാശ് ബാബു, മഹിള മോർച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷ്, ബി.ജെ.പി നേതാക്കളായ വെള്ളിയാകുളം പരമേശ്വരൻ, എം.വി. ഗോപകുമാർ, ഡി. അശ്വനിദേവ്, പി.കെ. വാസുദേവൻ, സജു ഇടക്കല്ലിൽ, ഡി. വിനോദ് കുമാർ, സജു കുരുവിള, എം.കെ. സത്യപാലൻ, സതീഷ് ചെറുവല്ലൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.