മൂവാറ്റുപുഴ നഗരസഭക്കെതിരെ വിജിലൻസ് കോടതിയിൽ കൗൺസിലറുടെ ഹരജി

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുടെ പച്ചക്കറി മാർക്കറ്റ് സമുച്ചയം നഗരസഭക്ക് നഷ്ടം വരുത്തി സ്വകാര്യ വ്യക്തികൾക്ക് നടത്താൻ കൊടുത്തതായി കാണിച്ച് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹരജി. നഗരസഭയിലെ ആറ് പ്രതിപക്ഷ കക്ഷി കൗൺസിലർമാരും ഒരു ഭരണകക്ഷി അംഗവും ഭരണകക്ഷിക്ക് പിന്തുണയുള്ള ഒരു സ്വതന്ത്ര അംഗവും ചേർന്നാണ് മൂവാറ്റുപുഴ വിജിലൻസ് കോടതിയെ സമീപിച്ചിരിക്കുന്നത്. 1.24 കോടി രൂപക്ക് നിർമിച്ച കെട്ടിടത്തിന് കോടിക്കണക്കിന് രൂപ സെക്യൂരിറ്റി നിക്ഷേപവും ലക്ഷക്കണക്കിന് രൂപ പ്രതിമാസം വാടകയും ലഭിക്കേണ്ടതാണ്. എന്നാൽ, ഇവയൊക്കെ നഷ്ടപ്പെടുത്തി നഗരസഭ ഉദ്യോഗസ്ഥരും കൗൺസിൽ ഭരണാധികാരികളും ചേർന്ന് ഗൂഢാലോചന നടത്തി സ്വകാര്യ വ്യാപാരികൾക്ക് നൽകിയെന്നാണ് പരാതി. നഗരസഭ ചെയർപേഴ്‌സൻ, വൈസ് ചെയർമാൻ, ഉപസമിതി ചെയർമാൻമാർ, മുനിസിപ്പൽ സെക്രട്ടറി, റവന്യൂ ഓഫിസർ, കെട്ടിടം എടുത്ത 11 ഗുണഭോക്താക്കൾ എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹരജി നൽകിയിരിക്കുന്നത്. 20ാം വാർഡ് കൗൺസിലർ ജയകൃഷ്ണൻ നായരാണ് പരാതിക്കാരൻ. മറ്റ് ഏഴ് കൗൺസിൽ അംഗങ്ങൾ സാക്ഷികളാണ്. ഹരജിയിന്മേൽ കോടതി വ്യാഴാഴ്ച വിധി പറയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.