സമ്പൂർണ നീന്തൽ ഗ്രാമമാകാൻ തോട്ടുമുഖം

ആലുവ: ഓരോ വേനലവധിയും തോട്ടുമുഖം ഗ്രാമത്തിന് നീന്തല്‍ പരിശീലനത്തി‍​െൻറ ഉത്സവകാലമാണ്. ആറുവര്‍ഷമായി തോട്ടുമുഖം റെസിഡൻറ്സ് അസോസിയേഷന്‍ തുടരുന്ന നീന്തല്‍ പരിശീലന ക്യാമ്പുകളിലൂടെ പെണ്‍കുട്ടികളടക്കം മുന്നൂറോളം കുട്ടികളാണ് നീന്തൽ പരിശീലിച്ചത്. ഈ വര്‍ഷം പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ നാല്‍പതോളം കുട്ടികള്‍ക്ക് അന്‍വര്‍ സാദത്ത്‌ എം.എൽ.എ സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു. ആറുവര്‍ഷം മുമ്പുവരെ മുങ്ങിമരണങ്ങള്‍ ഇവിടെ തുടര്‍ക്കഥയായിരുന്നു. സമീപത്തെ സ്കൂളിലെ മൂന്നു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചതാണ് ദുരന്ത പരമ്പരയിലെ അവസാനത്തേത്. ഇതേ തുടര്‍ന്ന് ഇനി ഈ ഗ്രാമത്തില്‍ ആരും മുങ്ങിമരിക്കരുതെന്ന ലക്ഷ്യത്തോടെ 2012ലാണ് റെസിഡൻറ്സ് അസോസിയേഷന്‍ നീന്തല്‍ പരിശീലനത്തിന് തുടക്കമിടുന്നത്. നിര്‍ജീവമായിരുന്ന തോട്ടുമുഖത്തെ കടവുകള്‍ അതോടെ സജീവമായി. ആദ്യ വര്‍ഷങ്ങളില്‍ കുട്ടികളെ പരിശീലനത്തിന് വിടാന്‍ രക്ഷിതാക്കള്‍ക്ക് മടിയായിരുന്നു. അസോസിയേഷന്‍ ഭാരവാഹികൾ ധൈര്യം പകര്‍ന്നതോടെ പിന്നീട് കുട്ടികള്‍ എത്തി. കുട്ടികളുടെ സുരക്ഷയെകരുതി അസോസിയേഷൻ എണ്ണം നിയന്ത്രിച്ചു. അഞ്ചിനും 16 വയസ്സിനും ഇടയിലുള്ള കുട്ടികളാണ് കൂടുതലായും പരിശീലനത്തിന് എത്തുന്നത്. മുഖ്യ പരിശീലകന്‍ നജീബ് പെരിങ്ങാട്ടി​െൻറ നേതൃത്വത്തില്‍ നടക്കുന്ന ഈ ക്യാമ്പില്‍ പഞ്ചായത്തി‍​െൻറ മറ്റ് ഭാഗങ്ങളിലുള്ള കുട്ടികളെയും ചേര്‍ക്കുന്നുണ്ട്. ആദ്യകാലത്തെ വിദ്യാര്‍ഥികളില്‍ പലരും ഇപ്പോള്‍ പരിശീലനത്തിന് സഹായികളായി എത്തുന്നുണ്ട്. പ്രൈമറി ക്ലാസ് വിദ്യാര്‍ഥിനികളായ ഐഷയും അമീനയും എല്ലാ ദിവസവും രാവിലെ പെരിയാറിന് കുറുകെ നീന്തി തിരിച്ചുവരുന്നത് നീന്തല്‍ പഠിക്കാനെത്തുന്നവര്‍ക്ക് അദ്ഭുതവും ആത്മവിശ്വാസവും നല്‍കുന്ന കാഴ്ചയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.