ഇന്ത്യ സ്​കിൽസ്​ കേരള: ആഗോള മികവിന് നൂതന സാങ്കേതികവിദ്യ അത്യാവശ്യം

കൊച്ചി: പ്രാദേശികതലം മുതൽ അനുയോജ്യ സാങ്കേതികവിദ്യക്ക് പ്രാധാന്യം നൽകിയാലേ ആഗോള തലത്തിൽ മികവ് പുലർത്താനാകൂ എന്ന് കഴിഞ്ഞവർഷം അബൂദബിയിൽ നടന്ന ലോക നൈപുണ്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനംചെയ്ത എസ്.എം. ഷഹദ് അഭിപ്രായപ്പെട്ടു. കൊച്ചിയിൽ സംഘടിപ്പിച്ച ഇന്ത്യ സ്കിൽസ് കേരള -2018 നൈപുണ്യമേള സന്ദർശിക്കാനെത്തിയതാണ് ഷഹദ്. 2016ൽ കാർ പെയിൻറിങ് വിഭാഗത്തിൽ ദേശീയ വിജയിയായിരുന്ന ഈ കോഴിക്കോട്ടുകാരൻ അബൂദബിയിൽ മെഡാലിയൻ ഓഫ് എക്സലൻസും സസ്റ്റയ്നബിൾ പ്രാക്ടീസ് വിഭാഗത്തിൽ മൂന്നാംസ്ഥാനവും കരസ്ഥമാക്കിയിരുന്നു. അബൂദബിയിൽ നടന്ന മത്സരത്തിൽ തനിക്ക് കിട്ടിയ ഉപകരണവും അസംസ്കൃത വസ്തുക്കളും ഏറെ നൂതനമായിരുന്നു. അതിനാൽ പരിചയക്കുറവ് തനിക്ക് തിരിച്ചടിയായി. അന്താരാഷ്്ട്ര മത്സരരംഗത്ത് മികവ് പുലർത്താൻ നൂതന സാങ്കേതികവിദ്യയിൽ സംസ്ഥാനത്തെ മത്സരാർഥികൾക്കും പരിശീലനം ലഭിക്കണമെന്നും ഷഹദ് പറഞ്ഞു. ബംഗളൂരുവിൽ നടന്ന ദക്ഷിണേന്ത്യ മേഖല മത്സരങ്ങളിൽ ഒന്നാംസ്ഥാനം നേടിയാണ് ഷഹദ് ദേശീയതലത്തിലേക്ക് യോഗ്യത നേടിയത്. അന്താരാഷ്്ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി ലണ്ടൻ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ പരിശീലനത്തിന് പോയെങ്കിലും ഉപകരണങ്ങളിലെ പരിചയക്കുറവ് പോരായ്മയായി. അബൂദബിയിൽ 26 പേരാണ് ഷഹദി​െൻറ മത്സരയിനത്തിൽ ഉണ്ടായിരുന്നത്. ചൈന, യു.കെ, ഫ്രാൻസ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. കോഴിക്കോട് കുറ്റിച്ചിറ സ്വദേശിയായ 22കാരൻ പ്ലസ് ടു പഠനത്തിനുശേഷം പോപുലർ മാരുതിയിൽ പെയിൻറിങ് വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചു. പ്രവൃത്തിയിലെ നൈപുണ്യവും കഴിവും മനസ്സിലാക്കിയ കമ്പനിയാണ് ഇന്ത്യ സ്കിൽസ് മത്സരങ്ങളിൽ പങ്കെടുക്കാനുള്ള പ്രചോദനം നൽകിയതെന്ന് ഇദ്ദേഹം പറഞ്ഞു. ഇപ്പോൾ പോപുലർ മാരുതിയിൽ മാസ്റ്റർ ടെക്നീഷ്യനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.