റോ റോ സർവിസിനെ ചൊല്ലി തർക്കം മുറുകുന്നു

കൊച്ചി: റോ റോ സർവിസ് പുനരാരംഭിക്കുക, മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച മേയർ രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊച്ചി നഗരസഭ ഓഫിസിന് മുന്നിൽ എൽ.ഡി.എഫ് കൗൺസിലർമാർ ഉപരോധസമരം നടത്തി. പ്രതിപക്ഷ നേതാവ് കെ.ജെ. ആൻറണി ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് പാർലമ​െൻററി പാർട്ടി സെക്രട്ടറി വി.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പൂർണിമ നാരായണൻ, കൗൺസിലർമാരായ ജിമിനി, കെ.ജെ. ബെയ്സി, ഷീബാലാ, ജയന്തി േപ്രംനാഥ്, ബെനഡിക്ട് ഫെർണാണ്ടസ്, ഒ.പി. സുനി എന്നിവർ സംസാരിച്ചു. രാവിലെ 10ന് ആരംഭിച്ച സമരം വൈകീട്ട് അഞ്ച് വരെ തുടർന്നു. കൊച്ചി-വൈപ്പിൻ നിവാസികളുടെ യാത്രക്ലേശത്തിന് പരിഹാരം കാണാൻ നഗരസഭ 16കോടി ചെലവഴിച്ച് പൂർത്തീകരിച്ച റോ റോ ജങ്കാർ സർവിസ് ഉദ്ഘാടനദിവസംതന്നെ നിർത്തിവെക്കേണ്ടിവന്നത് പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാക്കൾ പറഞ്ഞു. വേണ്ടത്ര മുന്നൊരുക്കങ്ങളോ ലൈസൻസോ ഇല്ലാതെയാണ് കപ്പൽ ചാലിലൂടെയുള്ള റോ റോ സർവിസ് ആരംഭിക്കാൻ തീരുമാനിച്ചത്. ജെട്ടി നിർമാണത്തിലെ അപാകത നിരവധി തവണ കൗൺസിലിൽ പ്രതിപക്ഷ കൗൺസിലർമാർ ഉന്നയിച്ചിരുന്നു. ഇത് പൂർണമായി പരിഹരിക്കാതെയാണ് മുഖ്യമന്ത്രിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിച്ചത്. ലൈസൻസ് ഉണ്ടോയെന്നതിനെക്കുറിച്ച പ്രതിപക്ഷ കൗൺസിലർമാരുടെ ചോദ്യത്തിന് എല്ലാ സജ്ജീകരണങ്ങളും പൂർത്തീകരിച്ചിട്ടുണ്ടെന്ന തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയാണ് മേയർ കൗൺസിൽ യോഗത്തിൽ പറഞ്ഞത്. മേയറുടെ നിരുത്തരവാദ നടപടിക്കെതിരെ പൊലീസ് കേസെടുക്കണമെന്ന് വി.പി. ചന്ദ്രൻ പറഞ്ഞു. വിഷയം ചർച്ച ചെയ്യാൻ അടിയന്തര കൗൺസിൽ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ മേയർക്ക് കത്ത് നകിയിട്ടുണ്ട്. മേയറുടെ രാജി ആവശ്യപ്പെട്ടുള്ള സമരം അടുത്ത ദിവസങ്ങളിലും തുടരുമെന്നും നേതാക്കൾ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.