നെടുമ്പാശ്ശേരി: ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിന് പുറപ്പെടുന്ന തീർഥാടകർക്കുള്ള സൗകര്യങ്ങൾ ഒരുക്കാൻ ആന്ധ്ര ഹജ്ജ് കമ്മിറ്റിയും കേരള മോഡൽ പിന്തുടരുന്നു. അപേക്ഷ പൂരിപ്പിച്ചുനൽകുന്നത് മുതൽ ഹജ്ജ് നിർവഹിച്ച് മടങ്ങിവരുന്നതുവരെ കേരള ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന പ്രവർത്തനങ്ങൾ ദേശീയശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. പല സംസ്ഥാനങ്ങളും ഈ മാതൃക പിന്തുടരാൻ ഹജ്ജ് കമ്മിറ്റി പ്രതിനിധികൾ കേരളത്തിലെത്തി പഠനം നടത്തി. ഇക്കാര്യങ്ങൾ മറ്റുസംസ്ഥാനങ്ങളിൽ നടപ്പാക്കാൻ കേരള ഹജ്ജ് കമ്മിറ്റിയുടെ സഹായം തേടുകയും ചെയ്തിരുന്നു. ആന്ധ്രപ്രദേശ് ഹജ്ജ് കമ്മിറ്റി കേരള മാതൃകയിൽ സൗകര്യങ്ങൾ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനുവേണ്ട പ്രവർത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു.ഹജ്ജ് ട്രെയിനർമാരെ നിയമിക്കുകയും ട്രെയിനർമാർക്കും വളൻറിയർമാർക്കും ഫലപ്രദമായ ട്രെയിനിങ് നൽകി അവരുടെ സേവനം ക്രിയാത്മകമായി ഉപയോഗപ്പെടുത്താനാണ് ആദ്യ നടപടി. ഹാജിമാർക്കൊപ്പം യാത്രതിരിക്കുന്ന വളൻറിയർമാർക്കും (ഖാദിമുൽ ഹജ്ജാജ്) ട്രെയിനർമാർക്കും പ്രത്യേക ട്രെയിനിങ് ക്ലാസുകൾ സംഘടിപ്പിച്ചു. ഹജ്ജ് കമ്മിറ്റി മുൻ കോഓഡിനേറ്റർ മുജീബ് റഹ്മാൻ പുത്തലത്താണ് ആന്ധ്രയിൽനിന്നുള്ള ഹജ്ജ് വളൻറിയർമാർക്കും ട്രെയിനർമാർക്കും പരിശീലനം നൽകിയത്. വിജയവാഡയിൽ നടന്ന ട്രെയിനിങ് പ്രോഗ്രാമിൽ ആന്ധ്ര ഹജ്ജ് കമ്മിറ്റി മെംബർ ശൈഖ് ഹസൻ ബാഷ, എക്സിക്യൂട്ടിവ് ഓഫിസർ ലിയാഖത്ത് അലി എന്നിവരും പങ്കെടുത്തു. ഹജ്ജ് ക്യാമ്പ് പ്രവർത്തനങ്ങളും തീർഥാടകർക്ക് യാത്രസൗകര്യങ്ങൾ ഒരുക്കുന്നതും ഉൾപ്പെടെ കാര്യങ്ങൾ ഈ വർഷം കേരള മാതൃകയിൽതന്നെ ചെയ്യാനാണ് ആന്ധ്ര ഹജ്ജ് കമ്മിറ്റിയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.