നിയമവിദ്യാർഥിനി വീട്ടുതടങ്കലിൽ: ഡിവൈ.എസ്​.പി അന്വേഷിക്കണമെന്ന്​ മനുഷ്യാവകാശ കമീഷൻ

കൊച്ചി: ഗവ. ലോ കോളജിൽ പഠിക്കുന്ന അവസാന സെമസ്റ്റർ വിദ്യാർഥിനിയെ വീട്ടുതടങ്കലിലാക്കിയെന്ന പരാതി ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിച്ച് റിപ്പോർട്ട് ഹാജരാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്. സഹപാഠിയായ വിദ്യാർഥിനി രഹസ്യമായി കമീഷന് അയച്ച പരാതിയിലാണ് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് റൂറൽ ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകിയത്. പെരുമ്പാവൂർ സ്വേദശിനിയായ വിദ്യാർഥിനിയെയാണ് രക്ഷാകർത്താക്കൾ വീട്ടുതടങ്കലിലാക്കിയത്. പഠനം മതിയാക്കി വിവാഹം കഴിപ്പിക്കുന്നതിനുവേണ്ടിയാണെത്ര ഇത്. എന്നാൽ, വിദ്യാർഥിനിക്ക് പഠിക്കാനാണ് താൽപര്യം. ഇൗ മാസം 31ന് സെമസ്റ്റർ അവസാനിക്കും. വിദ്യാർഥിനി കഴിഞ്ഞ കുറെ ദിവസങ്ങളായി ക്ലാസിൽ വരുന്നില്ല. സഹപാഠികൾ നടത്തിയ അന്വേഷണത്തിൽ വിദ്യാർഥിനിയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് അറിഞ്ഞു. വിദ്യാർഥിനി ക്ഷീണിതയാണെന്ന് പരാതിയിൽ പറയുന്നു. ക്ലാസിൽ വന്നില്ലെങ്കിൽ പരീക്ഷ എഴുതാനാവില്ല. പരാതിക്കാരിയുടെ പേരില്ലെങ്കിലും സംഗതി അതിഗുരുതരമാണെന്ന് കമീഷൻ ഉത്തരവിൽ പറയുന്നു. എറണാകുളം ജില്ല റൂറൽ പൊലീസ് മേധാവി സംഭവം ഗൗരവതരമായി കണക്കിലെടുത്ത് അന്വേഷണം നടത്തണമെന്ന് കമീഷൻ ആവശ്യെപ്പട്ടു. കേസ് ഏപ്രിൽ 16ന് എറണാകുളത്ത് നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.