മാപ്പിളകലയെ സമ്പന്നമാക്കിയ പി.കെ.കെ വിട പറഞ്ഞിട്ട് അര വ്യാഴവട്ടം പ്രവാചക റസൂലുല്ലാ തെൻറ ചെറുപ്പത്തില്‍..... ഹലീമാബീ വസതിയിലാകുമ്പോള്‍, അധിപതിയോന്‍ ഫദ്ലേറ്റിയ രാത്രി...... അഷ്‌റഫുല്‍ ഹല്‍ഖ് പിറന്നൊരു രാത്രി, തങ്കമണി മഹതി ആമിന പെറ്റ നബിയേ....... തങ്കക്കതിരൊളി മിന്നിത്തിളങ്ങുന്ന കനിയേ.... തുടങ്ങി പ്രവാചക സ്തുതികള്‍ നിറഞ്ഞുതുളുമ്പുന്ന ഇസ്‌ലാമിക ഗാനങ്ങള്‍ ഇന്നും മദ്‌റസ കലാമത്സരങ്ങളില്‍ മുഴങ്ങിക്കേള്‍ക്കുന്നു. ഭാവസാന്ദ്രമായ ഇൗ ഭക്തിഗാനങ്ങൾ മൗലവി സമീര്‍ പി.കെ.കെ. വടുതല എന്ന സവ്യസാചിയുടെ തൂലികയിൽ പിറന്ന വരികളാണെന്ന് പലർക്കും അറിയില്ല. മാപ്പിളകലാരംഗത്തിന് അനൽപമായ സംഭാവനകൾ അര്‍പ്പിക്കുകയും ഒരു പുരുഷായുസ്സ് മുഴുവന്‍ മാപ്പിള സാഹിത്യത്തിെൻറ പരിപോഷണത്തിന് പ്രവര്‍ത്തിക്കുകയും ചെയ്ത മൗലവി സമീര്‍ പി.കെ.കെ. വടുതല എന്ന പി.കെ. കൊച്ചുമുഹമ്മദ് (കൊച്ചാമ്മി) വിട പറഞ്ഞിട്ട് ആറുവര്‍ഷം പൂര്‍ത്തിയാകുന്നു. മാപ്പിളകല പരിപോഷിപ്പിക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ച മൗലവി സമീര്‍ പി.കെ.കെ രചിച്ച കഥാപ്രസംഗങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളം അവതരിപ്പിച്ച് പ്രശസ്തരായവര്‍ ഒട്ടേറെയാണ്. അദ്ദേഹത്തിെൻറ ഉടമസ്ഥതയിലും പത്രാധിപത്യത്തിലും ആലപ്പുഴയില്‍നിന്ന് പ്രസിദ്ധീകരിച്ചുപോന്ന 'തബ്‌ലീഗ്' മാസിക തെക്കന്‍ കേരളത്തില്‍ ഏറെ പ്രചാരം നേടിയ ഇസ്‌ലാമിക പ്രസിദ്ധീകരണമായിരുന്നു. ലാഭേച്ഛയില്ലാതെ കലാപ്രവർത്തനം നടത്തിവന്ന അദ്ദേഹം ഇതിെൻറയെല്ലാം പകര്‍പ്പവകാശം പൊതുസമൂഹത്തിന് സമര്‍പ്പിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ, അദ്ദേഹത്തിെൻറ രചനകള്‍ മാപ്പിള കലാവേദികളില്‍ പാടിത്തിമിര്‍ക്കുമ്പോഴും അതിെൻറ രചയിതാവിനെക്കുറിച്ച് അന്വേഷിക്കാന്‍ കലാകാരന്മാര്‍പോലും തയാറാകുന്നില്ല. മദ്‌റസ വിദ്യാഭ്യാസേത്താടൊപ്പം പാഠ്യേതര വിഷയങ്ങള്‍കൂടി ഉള്‍പ്പെടുത്തി വിദ്യാര്‍ഥികളുടെ കഴിവ് വര്‍ധിപ്പിക്കാൻ എന്നും മുന്നില്‍നിന്ന് പ്രവര്‍ത്തിച്ച പി.കെ.കെയുടെ മാപ്പിളപ്പാട്ടുകള്‍ മുഴങ്ങിക്കേള്‍ക്കാത്ത ഇസ്‌ലാമിക കലാസാഹിത്യ മത്സരവേദികള്‍ തെക്കന്‍ കേരളത്തില്‍ ഇല്ലായിരുന്നെന്നുവേണം കരുതാന്‍. പ്രവാചക സ്തുതി ഗീതങ്ങള്‍ക്കൊപ്പം മൈലാഞ്ചിപ്പാട്ടുകളുടെ വലിയൊരു ശേഖരംതന്നെ അദ്ദേഹത്തിെൻറ രചനകളിലുണ്ടായിരുന്നു. ഇതിനും പുറമെ, പ്രവാചകന്മാരുടെയും മറ്റും കഥകള്‍ അനാവരണം ചെയ്യുന്ന കഥാപ്രസംഗങ്ങളും അദ്ദേഹത്തിെൻറ രചനകളില്‍ നിറഞ്ഞുനിന്നിരുന്നു. ദക്ഷിണ കേരളത്തില്‍നിന്ന് ഉദയം ചെയ്തിട്ടുള്ള കഥാപ്രസംഗകരില്‍ അധികംപേര്‍ക്കും പി.കെ.കെ വഴികാട്ടിയായിരുന്നത് അദ്ദേഹത്തിെൻറ രചനാവൈഭവത്തിന് മതിയായ തെളിവാണ്. കഥാപ്രസംഗ വേദികളിലെ മഹിളാരത്‌നങ്ങളായ ഐഷാബീഗം, റംലാബീഗം, ആബിദാബീഗം തുടങ്ങിയവരെല്ലാം പി.കെ.കെ രചന നടത്തിയ കഥകള്‍ പാടി ആസ്വാദകരുടെ മനം കവര്‍ന്നവരാണ്. വടുതല നദ്‌വത്ത്‌നഗര്‍ യു.പി സ്‌കൂളില്‍ പഠനം നടത്തുന്ന കാലം മുതല്‍ പി.കെ.കെ മാപ്പിളഗാന രചനക്ക് തുടക്കം കുറിച്ചിരുന്നു. അഞ്ചാംക്ലാസില്‍ താന്‍ സ്വന്തമായി എഴുതി ഈണം നല്‍കിയ മാപ്പിളപ്പാട്ട് അവതരിപ്പിച്ച് സ്‌കൂള്‍ മാനേജരും പൗരപ്രമുഖനുമായിരുന്ന ആമിറ്റത്ത് മൂപ്പെൻറ കൈകളില്‍നിന്ന് പ്രത്യേക സമ്മാനം കരസ്ഥമാക്കിയത് അദ്ദേഹം എപ്പോഴും സുഹൃത്തുക്കളോട് പങ്കുവെക്കുമായിരുന്നു. മാപ്പിളകലാരംഗത്തിന് ഒട്ടേറെ സംഭാവനകളര്‍പ്പിച്ച ആ മഹദ്ജീവിതം പുണ്യംനിറഞ്ഞ റമദാന്‍ 27ാം രാവിനാണ് അസ്തമിച്ചത്. വടുതലയിലെ പ്രശസ്തമായ കാട്ടുപുറം പള്ളി ഖബര്‍സ്ഥാനില്‍ അന്ത്യവിശ്രമം കൊള്ളുന്നു. മാപ്പിളകലയുടെ വളര്‍ച്ചക്കും പ്രചാരണത്തിനും ഇത്രയേറെ സംഭാവന നല്‍കിയ പി.കെ.കെയുടെ സ്മരണ നിലനിര്‍ത്താനോ അദ്ദേഹത്തിെൻറ കുടുംബത്തെ സഹായിക്കാനോ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളോ സംഘടനകളോ ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളോ തയാറായിട്ടില്ലെന്നതാണ് ഏറെ ഖേദകരം. എസ്. മാനേഴത്ത് ചിത്രവിവരണം എ.പി 103 -മൗലവി സമീര്‍ പി.കെ.കെ വടുതല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.