ആന്ധ്രയിൽനിന്ന് ആലപ്പുഴയിൽ റമദാൻ നാളുകളിൽ എത്താൻ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടാകുന്നു ആലപ്പുഴ: 'ഉഠോ മുഅ്മിൻ സഹറിക്ക് ജൽധി മുസൽമാൻ...' ഇൗ ഉർദുഗാനത്തിെൻറ അർഥം 'ഉണരുക മുസ്ലിം സഹോദരങ്ങളേ നന്മയുടെ ഒരു ദിവസത്തേക്ക്' എന്നാണ്. ആലപ്പുഴ നഗരവാസികൾക്ക് സുപരിചിത ഗാനം. പ്രത്യേകിച്ച് റമദാൻ നാളുകളിൽ വിശ്വാസികളുടെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞ വരികൾ. ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽ മല്ലസമുദ്രം ദാദപ്പള്ളി സ്വദേശിയായ മുഹമ്മദ് ബാഷയാണ് ശ്രുതിമധുരമായി ഇൗ വരികൾ ആലപിക്കുന്നത്. അറബനയുടെ താളത്തിൽ വിശ്വാസികളെ കൊട്ടിയുണർത്താൻ 29ാം വർഷത്തിലും ഇൗ 50കാരൻ കിഴക്കിെൻറ വെനീസിലെത്തി. ബാഷയുടെ ഉണർത്തുപാട്ട് ഇക്കുറിയും കേൾക്കാൻ കഴിഞ്ഞതിെൻറ ചാരിതാർഥ്യത്തിലാണ് വിശ്വാസികൾ. പഴയകാലത്ത് റമദാൻ രാത്രികളിൽ അത്താഴക്കൊട്ടുകാർ സജീവമായിരുന്നു. വിശ്വാസികളെ പാതിരാത്രിക്കുശേഷം വിളിച്ചുണർത്താൻ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവർ മുമ്പും ഇവിടെ എത്തിയിരുന്നു. കാലം മാറിയപ്പോൾ അത്താഴക്കൊട്ടുകാരും കുറഞ്ഞു. പാരമ്പര്യത്തിെൻറ ഓർമകൾ ഉണർത്തിയാണ് ഓരോ വർഷവും മുഹമ്മദ് ബാഷ വരുന്നത്. 1989ലാണ് ആലപ്പുഴയിൽ ആദ്യമായി എത്തിയത്. അന്ന് കൈയിൽ റാന്തലുമേന്തിയാണ് നഗരവീഥികളിലൂടെ സഞ്ചരിച്ചത്. ജനങ്ങൾ നഗരത്തിലൊരു താമസ സൗകര്യവും ഈ പാട്ടുകാരന് ഒരുക്കി നൽകി. നിലവിൽ ചാത്തനാട് മഠത്തിൽപറമ്പിൽ സലീമിെൻറ വീട്ടിലാണ് റമദാൻ മാസത്തെ സ്ഥിരതാമസം. പുലർച്ച ഒന്നുമുതൽ നാലുവരെയാണ് ഉണർത്തുപാട്ടുമായി ഇറങ്ങുക. ചാത്തനാട്, കൈചൂണ്ടി, ആശ്രമം, കളരിക്കൽ എന്നിവിടങ്ങളിൽ കാൽനടയായി സഞ്ചരിച്ചാണ് മുഹമ്മദ് ബാഷ വിശ്വാസികളെ ഉണർത്തുക. കാലം പോയപ്പോൾ റാന്തലിന് പകരം കൈയിൽ ടോർച്ചും വടിയും വന്നു. തെരുവുനായ്ക്കളുടെ ആക്രമണം ഭയന്നാണ് വടി. റമദാൻ മുഴുവൻ കേരളത്തിൽ തങ്ങിയശേഷം വിശ്വാസികൾ സ്നേഹത്തോടെ നൽകുന്ന സകാത്തും സദഖയും സ്വീകരിച്ച് നാട്ടിലേക്ക് മടങ്ങും. ഫസലുംബിയാണ് മുഹമ്മദ് ബാഷയുടെ ഭാര്യ. മുഹമ്മദ് അഷ്റഫ്, മുഹമ്മദ് ആഷിഖ്, മുഹമ്മദ് അൻഷാദ് എന്നിവർ മക്കളാണ്. ആർ. ബാലചന്ദ്രൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.