ചെങ്ങന്നൂർ: പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ മാന്നാർ സബ്ട്രഷറിക്ക് സ്വന്തമായി കെട്ടിടം. സംസ്ഥാന പാതയിലെ മാന്നാർ കുറ്റിയിൽ ജങ്ഷനിലെ നായർ സമാജം വക കെട്ടിടത്തിെൻറ ഒന്നാംനിലയിൽ 2006 ഒക്ടോബറിലാണ് മാന്നാറിലെ ഏകാംഗ ട്രഷറി പ്രവർത്തനം ആരംഭിച്ചത്. അന്ന് മുതൽ തുടങ്ങിയതാണ് സ്വന്തമായി കെട്ടിടമെന്ന ആവശ്യം. പല ഘട്ടങ്ങളിലായി ഓരോരോ കാരണങ്ങളാൽ വഴുതിപ്പോയ പദ്ധതിയാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്. രണ്ടുകോടിയാണ് കെട്ടിട നിർമാണത്തിനായി കേരള ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് അനുവദിച്ചത്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽപെട്ട ചെങ്ങന്നൂർ, മാവേലിക്കര, തിരുവല്ല, കാർത്തികപ്പള്ളി എന്നീ താലൂക്കുകളിലെ മാന്നാർ, കടപ്ര, വീയപുരം, നിരണം, ബുധനൂർ എന്നീ പഞ്ചായത്തുകൾ പൂർണമായും പാണ്ടനാട്, ചെന്നിത്തല-തൃപ്പെരുന്തുറ എന്നിവയുടെ ഭാഗികമായും ട്രഷറിയുടെ അധികാര പരിധിയിൽ വരും. 136ഓളം സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം, മറ്റ് ബില്ലുകൾ, ആയിരത്തോളം പെൻഷൻകാരും ഈ സർക്കാർ സ്ഥാപനത്തിെൻറ ഗുണഭോക്താക്കളാണ്. പ്രായമായവർ വീതി കുറഞ്ഞതും നന്നേ ഇടുങ്ങിയതുമായ 20ൽപരം ചവിട്ട് പടികളിലൂടെ വേണമായിരുന്നു കയറിയിറങ്ങേണ്ടത്. പെൻഷൻകാരുടെ നിരന്തരമായ ഇടപെടലുകളെ തുടർന്ന് 2011ൽ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് 62.5 ലക്ഷം ആദ്യമായി അനുവദിച്ചു. എന്നാൽ, പഞ്ചായത്തിന് യഥാസമയം സ്ഥലം ട്രഷറി വകുപ്പിന് കൈമാറാൻ കഴിയാതിരുന്നതിനെ തുടർന്ന് ഫണ്ട് നഷ്്ടമായി. 2013ൽ സ്റ്റോർ മുക്കിലെ ബസ് സ്റ്റാൻഡ്, കമ്യൂണിറ്റി ഹാൾ, വൃദ്ധസദനം എന്നിവയുടെ സമീപത്തായി എട്ടര സെൻറ് സ്ഥലം വിട്ടുകൊടുത്തതോടെയാണ് ട്രഷറി കെട്ടിടത്തിന് പുതുജീവൻ വെച്ചത്. അന്തരിച്ച എം.എൽ.എ കെ.കെ. രാമചന്ദ്രൻ നായരുടെ പ്രത്യേക താൽപര്യപ്രകാരം കഴിഞ്ഞ വർഷം ജൂലൈയിൽ 2.75 കോടി കെട്ടിട നിർമാണത്തിന് ഭരണാനുമതി നൽകി ഉത്തരവിട്ടു. തുടർന്നുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് കഴിഞ്ഞ ഏപ്രിൽ 27ന് ഇൻെകലിന് രണ്ടുകോടി രൂപക്ക് കെട്ടിട നിർമാണത്തിന് സാങ്കേതികാനുമതി കൊടുത്ത് തീരുമാനം ഉണ്ടായി. എന്നാൽ, ചെങ്ങന്നൂർ നിയമസഭ ഉപതെരഞ്ഞെടുപ്പ് കാലമായതിനാൽ വീണ്ടും കാലതാമസം ഉണ്ടായി. ഒടുവിൽ കഴിഞ്ഞ തിങ്കളാഴ്ച ഇതുസംബന്ധിച്ച ഉത്തരവ് പ്രസിദ്ധീകരിച്ചു. മാന്നാർ ട്രഷറിക്ക് പിന്നിൽ എം.കെ.വി പിള്ളയുടെ ഒറ്റയാൾ പോരാട്ടം ചെങ്ങന്നൂർ: മാന്നാർ ട്രഷറിക്ക് സ്വന്തമായി കെട്ടിടം ഉയരുമ്പോൾ എം.കെ.വി. പിള്ളയുടെ പതിനെട്ടുവർഷം നീണ്ട നിരന്തരമായ പരിശ്രമങ്ങൾ വിസ്മരിക്കാനാവില്ല. 33 വർഷക്കാലം മൃഗസംരക്ഷണ വകുപ്പിൽ ഫീൽഡ് ഓഫിസറായി പ്രവർത്തിച്ച മാന്നാർ കുരട്ടിശ്ശേരി ഇന്ദ്രപ്രസ്ഥത്തിൽ വാസുദേവൻ പിള്ളയാണ് സർക്കാർ സ്ഥാപനത്തിന് വേണ്ടിയുള്ള ഓട്ടത്തിെൻറ മുൻപന്തിയിൽ നിന്നത്. 75 വയസ്സായെങ്കിലും പ്രായം ഒരിക്കലും മനസ്സിനെയും ശരീരത്തെയും തളർത്തിയില്ല. സംസ്ഥാന സർവിസ് പെൻഷനേഴ്സ് യൂനിയെൻറ 600ൽപരം അംഗങ്ങളുള്ള മാന്നാർ യൂനിറ്റ് കമ്മിറ്റിയുടെ സെക്രട്ടറിയായി കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി പ്രവർത്തിക്കുന്നു. 204 സ്ഥാപനങ്ങളുടെ കത്തുമായി സബ് ട്രഷറിയായി ഉയർത്തുന്നതിന് വേണ്ടി ഒാടിയതും പിള്ള തന്നെ. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് മാന്നാർ-പുലിയൂർ റോഡിെൻറ ഉദ്ഘാടനത്തിന് മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് എത്തിയ ദിവസം സബ്ട്രഷറി കെട്ടിട നിർമാണത്തിന് ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് പ്ലക്കാർഡുമേന്തി പരുമല കടവിൽനിന്നും ട്രഷറിക്ക് കൈമാറിയ പഞ്ചായത്തിെൻറ സ്ഥലം വരെ ഒറ്റയാൾ പ്രകടനം നടത്തി ശ്രദ്ധനേടിയിരുന്നു. എം.എൽ.എമാരായിരുന്ന എം. മുരളി, ശോഭന ജോർജ്, പി.സി. വിഷ്ണനാഥ്, കെ.പി.സി.സി സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ്, സി.പി.എം ഏരിയ സെക്രട്ടറി പ്രഫ. പി.ഡി. ശശിധരൻ, പരേതരായ കെ.എസ്. വാസുദേവശർമ, എം. ദേവരാജൻ നായർ തുടങ്ങിയവരുടെ നിർലോഭമായ പിന്തുണയും സഹകരണവും തനിക്ക് ലഭിച്ചിരുന്നതായി എം.കെ.വി. പിള്ള 'മാധ്യമ'ത്തോട് പറഞ്ഞു. ഇപ്പോൾ സർക്കാർ സ്ഥലത്ത് സ്വന്തമായി കെട്ടിടം എന്ന സ്വപ്നം യാഥാർഥ്യമാകുമെന്ന് ഉറപ്പായെങ്കിലും ജില്ലയിൽ ജൂനിയർ സൂപ്രണ്ടില്ലാത്ത ഏക ട്രഷറിയായ മാന്നാറിൽ ആ തസ്തിക സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഇടപെടലുകളിലാണ് ഇപ്പോൾ അദ്ദേഹം. ജില്ലയിൽ മാന്നാറിലടക്കം 15 ട്രഷറികളാണ് നിലവിൽ പ്രവർത്തിക്കുന്നത്. ചിലയിടങ്ങളിൽ രണ്ട് ജൂനിയർ സൂപ്രണ്ടുമാരുണ്ട്. അതിൽ ഒരാളെ ഇവിടേക്ക് നിയമിച്ചാലും മതിയാകും -പിള്ള വിശദീകരിക്കുന്നു. തികഞ്ഞ കലാഹൃദയൻ കൂടിയായ എം.കെ.വി. പിള്ളയുടെ ഭാര്യ ലളിതകുമാരിയും സർവേ വകുപ്പിൽനിന്നാണ് വിരമിച്ചത്. ഇന്ദു, വിനു എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.