റോ-റോ ജങ്കാർ സർവിസ്; തർക്കം രൂക്ഷമാകുമ്പോൾ ജനം ആശങ്കയിൽ

മട്ടാഞ്ചേരി: റോ റോ ജങ്കാർ സർവിസ് സംബന്ധിച്ച് കൊച്ചി കോർപറേഷനും കിൻകോയും തമ്മിലുള്ള തർക്കം രൂക്ഷമാകുമ്പോൾ ജനം ആശങ്കയിൽ. ഒരുമാസമായിട്ടും പൂർണതോതിൽ സർവിസ് നടത്താൻ കഴിയാത്തതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അതിനിടയിലാണ് സർവിസ് നടത്തിപ്പ് സംബന്ധിച്ച തർക്കം മുറുകുന്നത്. ഫോർട്ടുകൊച്ചി-വൈപ്പിൻ മേഖലയിൽ സർവിസ് നടത്തുന്നതിനുള്ള അത്യാധുനിക ജങ്കാർ സർവിസ് തുടക്കം മുതലെ വിവാദത്തിലാണ്. മെയ് 13ന് സേതുസാഗർ-ഒന്ന് എന്ന ജങ്കാർ സർവിസ് തുടങ്ങിയെങ്കിലും ഇത് പരിപൂർണ സർവിസാക്കി മാറ്റാൻ ഇന്നും കിൻകോക്ക് കഴിഞ്ഞിട്ടില്ല. രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെ 23 സർവിസുകൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. തിരക്കേറിയ ഞായറാഴ്ച അവധിയും. ജങ്കാർ ഓടിക്കാനുള്ള ഡ്രൈവർമാരുടെ ലഭ്യതയാണ് ഇന്നും പ്രശ്നം. സേതുസാഗർ-രണ്ട് ജങ്കാർ ഇതുവരെ സർവിസിന് ഇറക്കാനായിട്ടല്ല. ഇത് എന്ന് സർവിസിനിറക്കുമെന്ന് ഇരുകൂട്ടരും പറയുന്നുമില്ല. ആദ്യഘട്ടത്തിൽ കടുത്ത ജനരോഷമുയർന്നപ്പോൾ ഡ്രൈവർമാരെ പരിശീലിപ്പിക്കുകയാണെന്നും രണ്ടാഴ്ചക്കുള്ളിൽ പൂർണതോതിൽ സർവിസ് നടത്തുമെന്നാണ് കിൻകോ അറിയിച്ചത്. പ്രതിദിനം രാവിലെ ആറുമുതൽ രാത്രി ഒമ്പതുവരെ ഇരുവെസ്സലുകളും കൂടി 47 സർവിസ് നടത്തണമെന്നാണ് കരാർ വ്യവസ്ഥ. ഡ്രൈവറില്ലെന്ന് ആവർത്തിച്ച് പറഞ്ഞ് രണ്ട് റോ റോ സർവിസും നടത്തുന്നതിൽനിന്ന് കിൻകോ തടിയൂരി ജനദ്രോഹ സമീപനം കൈക്കൊള്ളുകയാണന്ന് വിവിധ സംഘടനകൾ ആരോപിക്കുന്നത്. റോറോ സർവിസ് കാര്യക്ഷമമാക്കുന്നതിൽ കിൻകോ സംമ്പൂർണ പരാജയമെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. കരാർ വ്യവസ്ഥ സംബന്ധമായ വിഷയങ്ങളിൽ കോർപഷൻ ഭരണ കേന്ദ്രം നൽകുന്ന എഴുത്തുകൾക്ക് മറുപടി നൽകാൻപോലും കിൻകോ തയാറാകുന്നില്ല. കിൻകോ രാഷ്ട്രീയ നാടകം നടത്തുകയാണന്നാണ് ആരോപണം. ഇതിനിടെ റോ റോ സർവിസ് വിഷയത്തിൽ ചീഫ് സെക്രട്ടറിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കോർപറേഷൻ. കാലവർഷം തുടങ്ങിയിട്ടും അഴിമുഖയാത്ര സുരക്ഷിതമാക്കുന്നതിൽ അധികൃതർ പുലർത്തുന്ന അനാസ്ഥക്കെതിരെ യാത്രക്കാർ മനുഷ്യാവകാശ കമീഷനെ സമീപിക്കാനൊരുങ്ങുകയാണ്. കിൻകോ-കോർപറേഷൻ അധികൃതർക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ജനകീയ സംഘടനകളും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.