തിങ്കളാഴ്​ച നല്ലദിവസം; അക്ഷരം കുറിക്കാൻ മൂവർ സംഘങ്ങൾ

പള്ളുരുത്തി: പശ്ചിമകൊച്ചി മേഖലയിൽനിന്ന് രണ്ട് മൂവർ സംഘമാണ് എൽ.കെ.ജി പ്രവേശനോത്സവ ദിനമായ തിങ്കളാഴ്ച ആദ്യക്ഷരം കുറിക്കാൻ അക്ഷരമുറ്റത്ത് എത്തുന്നത്. പള്ളുരുത്തി കച്ചേരിപ്പടി പട്ടാളത്ത് പറമ്പിൽ കണ്ണച്ചാമുറി വീട്ടിൽ കെ.ജെ. ഷാജി എന്ന കെ.എസ്.ആർ.ടി.സി ൈഡ്രവർക്കും പെരുമ്പടപ്പ് ഫാത്തിമ ആശുപത്രിയിലെ ജീവനക്കാരിയായ ആശക്കും വിവാഹം കഴിഞ്ഞ് 18 വർഷത്തിനുശേഷമാണ് കുഞ്ഞുങ്ങൾ ഉണ്ടായത്. ലഭിച്ചതാകട്ടെ ഒരുമിച്ച് മൂന്നുകുഞ്ഞുങ്ങൾ. മിശാൽ, മിഖാവ്, എന്നീ രണ്ട് ആൺകുട്ടികളും ഇളയത് മിഖ എന്ന പെൺകുട്ടിയും. പൊന്നോമനകളെ ഓമനിച്ചുവളർത്താൻ ആശ ജോലി ഉപേക്ഷിച്ചു. ആൺകുട്ടികൾ ഇരുവർക്കും ചിത്രങ്ങൾ കോറിയിടുന്നതാണ് താൽപര്യമെങ്കിൽ മിഖ നന്നായി പാടും. പെരുമ്പടപ്പ് സ​െൻറ് ജൂലിയാന പബ്ലിക് സ്കൂളിലെ എൽ.കെ.ജിയിലാണ് ഇവർ ആദ്യക്ഷരം കുറിക്കാനെത്തുന്നത്. മുണ്ടംവേലിയിലാണ് മറ്റൊരു മൂവർ സംഘം. മുണ്ടംവേലി പോസ്റ്റ് ഒാഫിസിന് എതിർവശത്ത് താമസിക്കുന്ന കാട്ടിപറമ്പിൽ ജോസ്ലിൻ-നിഷ ദമ്പതികൾക്ക് ആവ്ലിൻ, ആൻസലിൻ, അലക്സാണ്ടറ എന്നീ മൂന്നു പെൺമക്കളാണ് ഒറ്റ പ്രസവത്തിൽ പിറന്നത്. മൂത്ത മകൾ എയ്ഞ്ചലീന മറിയ ജനിച്ച് 10വർഷം കഴിഞ്ഞാണ് മൂവർ സംഘം പിറന്നത്. ഫോർട്ട്കൊച്ചി സ​െൻറ് മേരീസ് കോൺവൻറ് സ്കൂളിലെ എൽ.കെ.ജിയിലാണ് ഇവർ ആദ്യക്ഷരം കുറിക്കാൻ എത്തുന്നത്. ഫോർ എയ്ഞ്ചൽസ് എന്ന പേരിൽ കാറ്ററിങ് സർവിസ് നടത്തുകയാണ് ജോസ്ലിനും കുടുംബവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.