ഹയർ സെക്കൻഡറി പ്രവേശനം; 38,069 സീറ്റിലേക്ക് 43,639 അപേക്ഷ

കൊച്ചി: ഹയർസെക്കൻഡറിയിലേക്ക് ഏകജാലക സംവിധാനംവഴി അപേക്ഷിച്ചവരുടെ എണ്ണം ജില്ലയിലെ മൊത്തം സീറ്റുകളേക്കാളേറെ. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 43,639 അപേക്ഷ പ്ലസ് വൺ പ്രവേശനത്തിന് ലഭിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാർഥികളുടെ ഫലം കൂടി വന്നുകഴിഞ്ഞപ്പോഴുള്ള കണക്കുപ്രകാരമാണിത്. ജില്ലയില്‍ ആകെ 38,069 പ്ലസ് വണ്‍ സീറ്റാണുള്ളത്. ആദ്യഘട്ടത്തിൽ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതിയായി മേയ് 18 ആണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഫലങ്ങൾ വൈകിയതോടെയാണ് തീയതി നീട്ടിയത്. വൊക്കേഷനൽ ഹയർസെക്കൻഡറി, സി.ബി.എസ്.ഇ പ്ലസ്ടു എന്നിവയിലെ സീറ്റുകൾ കൂടാതെയുള്ള കണക്കാണിത്. ജില്ലയിൽ വി.എച്ച്.എസ്.ഇയിൽ 2930 സീറ്റുണ്ട്. ഹയർസെക്കൻഡറിയിലേക്ക് അപേക്ഷിച്ചവരിൽ നിരവധിപേർ ഇവിടേക്കും പ്രവേശനം ആഗ്രഹിക്കുന്നവരാണ്. സമീപ ജില്ലകളിൽനിന്നുള്ള അപേക്ഷകരും ഇതിലുണ്ട്. അവർ അതത് ജില്ലകളിലും അപേക്ഷിച്ചവരാണ്. അതിനാൽ സീറ്റ് ലഭിക്കാത്ത സാഹചര്യമുണ്ടാകാൻ സാധ്യത കുറവാണെന്ന് വേണം കരുതാൻ. മെയ് 18 വരെ 35,682 വിദ്യാര്‍ഥികളായിരുന്നു അപേക്ഷിച്ചിരുന്നത്. ആകെ ലഭിച്ച അപേക്ഷകളിൽ 38,870 പേരുടെ അപേക്ഷകള്‍ മാത്രമാണ് 31ന് വൈകീട്ട് ആറു വരെ സ്‌കൂളുകള്‍ വഴി ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ നടത്തിയത്. അപേക്ഷകരില്‍ 34,341 വിദ്യാര്‍ഥികൾ സംസ്ഥാന വിദ്യാഭ്യാസ ബോർഡി​െൻറ എസ്.എസ്.എല്‍.സി കഴിഞ്ഞവരാണ്. 7455 വിദ്യാർഥികൾ സി.ബി.എസ്.ഇയിൽനിന്നുള്ളവരാണ്. സി.ബി.എസ്.ഇ വിദ്യാർഥികളുടെ എണ്ണത്തില്‍ ഏറ്റവും കൂടിയ അപേക്ഷ നിലയാണിത്. ഐ.സി.എസ്.ഇ -769, മറ്റു സിലബസിലെ വിദ്യാര്‍ഥികള്‍ -1074 എന്നിങ്ങനെയാണ് അപേക്ഷകരുടെ എണ്ണം. 23,718 മെറിറ്റ് സീറ്റും 13,583 നോണ്‍ മെറിറ്റ് സീറ്റും 768 സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റുമാണ് ജില്ലയിലുള്ളത്. ഇതില്‍ 21,469 സീറ്റ് സയന്‍സ് ബാച്ചിലാണ്. 11,660 സീറ്റാണ് കോമേഴ്‌സ് ബാച്ചിലുള്ളത്. ഹ്യൂമാനിറ്റീസിൽ വെറും 4940 മാത്രം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 102 സയന്‍സ് ബാച്ചും 30 ഹ്യൂമാനിറ്റീസ് ബാച്ചും 65 കോമേഴ്‌സ് ബാച്ചുമാണുള്ളത്. എയിഡഡ് സ്‌കൂളുകളില്‍ 191 സയന്‍സ് ബാച്ചും ഹ്യൂമാനിറ്റീസിന് 49 ബാച്ചും കോമേഴ്‌സിന് 101 ബാച്ചുമുണ്ട്. സയന്‍സ്-78, ഹ്യുമാനിറ്റീസ്-04, കോമേഴ്‌സ്-34 എന്നിങ്ങനെയാണ് അണ്‍എയിഡഡ് സ്‌കൂളുകളിലെ ബാച്ചുകളുടെ എണ്ണം. ജില്ലയില്‍ ആകെ 209 ഹയര്‍സെക്കൻഡറി സ്‌കൂളാണുള്ളത്. ഇതില്‍ 92 എണ്ണം എയിഡഡ് മേഖലയിലാണ്. സര്‍ക്കാര്‍ മേഖലയില്‍ 67ഉം അണ്‍എയിഡഡ് മേഖലയില്‍ 45ഉം സ്‌കൂളുണ്ട്. മൂന്ന് ടെക്‌നിക്കല്‍ സ്‌കൂളുകള്‍ക്കൊപ്പം ഓരോ സ്‌പെഷല്‍, റെസിഡൻഷ്യല്‍ സ്‌കൂളുകളുമുണ്ട്. സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളില്‍ ഒരു ബാച്ചില്‍ 60 സീറ്റും അണ്‍എയിഡഡ് സ്‌കൂളുകളില്‍ ഒരു ബാച്ചില്‍ 50 സീറ്റുമായിരിക്കും ഉണ്ടാവുക. എസ്.എസ്.എല്‍.സി പരീക്ഷയിൽ വൻ വിജയമാണ് ജില്ല കരസ്ഥമാക്കിയത്. 99.12 ശതമാനം വിജയം നേടി ജില്ല സംസ്ഥാന തലത്തിൽ ഒന്നാമതെത്തിയിരുന്നു. 33,074 പേർ പരീക്ഷ എഴുതിയതിൽ 32,784 പേരും വിജയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.