തനിക്ക് അങ്ങനെയൊരു ബന്ധുവില്ല; ആരോപണമുന്നയിച്ചവർക്കെതിരെ നിയമനടപടി

കൊച്ചി: കെവിൻ കൊലക്കേസിലെ പ്രധാനപ്രതി ഷാനു ചാക്കോയുടെ ബന്ധുവാണ് താനെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് കോട്ടയം മുൻ എസ്.പി മുഹമ്മദ് റഫീഖ്. തനിക്ക് കൊല്ലം ജില്ലയിൽ അങ്ങനെയൊരു ബന്ധുവില്ല. ബോധപൂർവം തനിക്കെതിരെ ആരോപണമുന്നയിച്ച എ.എസ്.ഐ ബിജുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോടതിയിൽ ഇങ്ങനെയൊരു ആരോപണം ഉന്നയിച്ച അഭിഭാഷകനെതിരെ ബാർ കൗൺസിലിലും പരാതി നൽകും. ഇവർക്കെതിരെ മാനനഷ്ടത്തിന് കേസ് നൽകും. ഇക്കാര്യത്തിൽ ഏത് അന്വേഷണം നേരിടാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രപതിയുടെ പൊലീസ് മെഡലടക്കം കരസ്ഥമാക്കിയിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് താൻ. മേലുദ്യോഗസ്ഥർക്കും കോട്ടയത്തെ പൗരാവലിക്കും നന്നായി അറിയാം. കാര്യങ്ങൾ വിശദീകരിക്കുന്നതിനിടെ അദ്ദേഹം പലവട്ടം വികാരാധീനനായി വിതുമ്പി. തനിക്കും കുടുംബമുള്ളതാണ്. ഇത്രയും കാലം ജോലി ചെയ്തിട്ട് ഇതുവരെ ആരും ഇത്തരം ആരോപണങ്ങള്‍ തനിക്കെതിരെ ഉന്നയിച്ചിട്ടില്ല. താൻ സത്യസന്ധമായാണ് ജോലിചെയ്യുന്നത്. കെവിനെ തട്ടിക്കൊണ്ടുപോയ വിവരം തന്നെ അറിയിച്ചിരുന്നില്ല. മുഖ്യമന്ത്രി തന്നോട് കാര്യങ്ങൾ ചോദിക്കുന്നതിന് ഏതാനും സമയം മുമ്പാണ് കാര്യം അറിഞ്ഞത്. അപ്പോൾതന്നെ അന്വേഷണത്തിന് ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് പറയുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി അടക്കമുള്ളവർ മുൻകൂട്ടി കാര്യങ്ങൾ ഒന്നും അറിയിച്ചില്ല. കേസ് കൃത്യസമയത്ത് രജിസ്റ്റർ ചെയ്തിട്ടില്ല എന്നത് എല്ലാവർക്കും വ്യക്തമായ കാര്യമാണ്. അങ്ങനെ ചെയ്തിരുെന്നങ്കിൽ പിറ്റേദിവസം രാവിലെ പ്രധാന കേസുകളെ സംബന്ധിച്ച വിശകലനം നടക്കുന്ന 'സാട്ട' എന്ന അവലോകന യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുകയും കാര്യങ്ങൾ താൻ അറിയുകയും െചയ്യുമായിരുന്നു. തട്ടിക്കൊണ്ടുപോയതായി സംഭവം സ്റ്റേഷനിൽ പരാതി ലഭിച്ചപ്പോഴും അതിനുശേഷവും കാര്യങ്ങൾ അറിഞ്ഞവർ വയർലെസിൽപോലും വിവരം നൽകാൻ തയാറായില്ല. ഇപ്പോൾ തന്നെയും കുടുംബത്തെയും അപമാനിക്കുന്ന സാഹചര്യമാണെന്നും വികാരാധീനനായി അദ്ദേഹം പ്രതികരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.