ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി മുൻവർഷത്തെക്കാൾ കൂടുതൽ മികവോടെ കാണികളിലേക്ക് എത്തിക്കാനൊരുങ്ങി സംഘാടക സമിതി. ബോട്ട് ലീഗ് കൂടി തുടങ്ങുന്ന വേളയിൽ നടത്തിപ്പിൽ ഒട്ടേറെ മാറ്റങ്ങൾ ഉണ്ടാകും. വിനോദസഞ്ചാരികൾക്കും സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്നവർക്കും അവിസ്മരണീയമായ വള്ളംകളി ദിനമാണ് ലക്ഷ്യം. ഇതുവരെ കുടുംബസമേതമുള്ള വള്ളംകളി കാണൽ, വൃദ്ധജനങ്ങളുടെ പരിപാലനം തുടങ്ങിയ പ്രശ്നങ്ങൾ വെല്ലുവിളിയായിരുന്നു. വിവിധ നിറങ്ങളിലുള്ള ജഴ്‌സികൾ അണിഞ്ഞ വളൻറിയർമാർ സദാ സേവനസന്നദ്ധരായി ആദ്യവസാനം വരെ രംഗത്തുണ്ടാകും. ഇതിന് സൊസൈറ്റി സെക്രട്ടറിയായ സബ്കലക്ടർ വി.ആർ. കൃഷ്ണതേജ തയാറാക്കിയ പദ്ധതിയുടെ ലഘുലേഖ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, കലക്ടർ എസ്. സുഹാസിന് കൈമാറി പ്രകാശനം ചെയ്തു. പച്ച, മഞ്ഞ, ചുവപ്പ്, നീല, കറുപ്പ് നിറങ്ങളിലുള്ള ജഴ്‌സികളിലാകും വളൻറിയർമാർ അണിയുക. പച്ച വളൻഡിയർ, വള്ളംകളി പരിസരത്തെ ഹരിതച്ചട്ട പ്രവർത്തനങ്ങൾ ചെയ്യും. മഞ്ഞ വളൻറിയർമാർ കുട്ടികളെയും വനിതകളെയും പരിപാലിക്കും. ചുവപ്പ് വളൻറിയർ മുതിർന്ന പൗരന്മാർക്ക് സേവനം ചെയ്യും. ഭിന്നശേഷിയുള്ളവരുടെ പരിചരണം നീല വളൻറിയർമാർ നിർവഹിക്കും. എല്ലാവരെയും സഹായിക്കുന്നതിനായാണ് കറുപ്പ് വളൻറിയർമാർ. വിവിധ വകുപ്പുകളിലെ ജീവനക്കാരെയാണ് ഇതിന് പ്രത്യേകം പരിശീലനം നൽകി രംഗത്തിറക്കുന്നത്. കുട്ടികൾക്കും വനിതകൾക്കുമായി ഓരോ ഗാലറിയിലും പ്രത്യേക സൗകര്യങ്ങൾ ഒരുക്കും. മുതിർന്ന പൗരന്മാർക്ക് ഇരിപ്പിടങ്ങൾ പ്രത്യേകം സജ്ജമാക്കുന്നതിനൊപ്പം ലഘുഭക്ഷണവും നൽകും. എല്ലാ ഗാലറിയിലും ഭിന്നശേഷിക്കാർക്ക് കയറാൻ റാമ്പുൾെപ്പടെയുള്ള സംവിധാനം ഒരുക്കും. നിറച്ചാർത്ത് മത്സരം മൂന്നിന് ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായി പബ്ലിസിറ്റി കമ്മിറ്റി നഴ്സറി-സ്‌കൂൾ വിദ്യാർഥികൾക്ക് നടത്തുന്ന 'നിറച്ചാർത്ത്' മത്സരങ്ങൾ ആഗസ്റ്റ് മൂന്നിന് രാവിലെ 9.30ന് നഗരസഭ ടൗൺഹാളിൽ നടക്കും. നഴ്സറി-എൽ.പി സ്‌കൂൾ വിദ്യാർഥികൾക്ക് കളറിങ്, യു.പി-ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് ചിത്രരചന (പെയിൻറിങ്) മത്സരങ്ങളാണ് നടത്തുക. കളർ പെൻസിൽ, ക്രയോൺ, ഓയിൽ പേസ്റ്റൽസ്, ജലച്ചായം, പോസ്റ്റർ കളർ തുടങ്ങി ഇഷ്ടമുള്ള വിഷയം തെരഞ്ഞെടുത്ത് ഉപയോഗിക്കാം. എല്ലാ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർക്ക് സർട്ടിഫിക്കറ്റും ട്രോഫിയും സമ്മാനിക്കും. കളറിങ് മത്സരത്തിന് ജില്ലയിലെ നഴ്സറി-എൽ.പി സ്‌കൂൾ വിദ്യാർഥികൾക്ക് പങ്കെടുക്കാം. നിറം നൽകാനുള്ള രേഖാചിത്രം സംഘാടകർ നൽകും. മറ്റുപകരണങ്ങൾ മത്സരാർഥികൾ കൊണ്ടുവരണം. ഒരു മണിക്കൂറാണ് മത്സരസമയം. ചിത്രരചന മത്സരത്തിന് വരക്കാനുള്ള പേപ്പർ സംഘാടകർ നൽകും. മറ്റുപകരണങ്ങൾ മത്സരാർഥികൾ കൊണ്ടുവരണം. രണ്ട് മണിക്കൂറാണ് സമയം. ഏറ്റവും കൂടുതൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുന്ന മൂന്ന് വിദ്യാലയങ്ങൾക്ക് ട്രോഫി സമ്മാനിക്കും. സമ്മാനം സ്വീകരിക്കാനെത്തുമ്പോൾ വിദ്യാർഥിയാണെന്ന സ്‌കൂൾ അധികാരിയുടെ സാക്ഷ്യപത്രം, ഐഡൻറിറ്റി കാർഡ് എന്നിവ ഹാജരാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.