ആലുവ: പഴയ പുസ്തകങ്ങൾക്ക് പുതുജീവൻ പകർന്ന വ്യക്തിയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച പെൻ ബുക്സ് ഉടമ പോളി കെ. അയ്യമ്പിള്ളി. ആയിരക്കണക്കിന് പുസ്തകങ്ങളാണ് ഇത്തരത്തിൽ വീണ്ടും കൂടുതൽ വായനക്കാരിലെത്തിയത്. പണമില്ലാത്തതിനാൽ ഇഷ്‌ടപ്പെട്ട ഗ്രന്ഥങ്ങൾ വായിക്കാൻ കഴിയാതെ വിഷമിച്ചവർക്ക് ഇത് അനുഗ്രഹമായി. പഴയ പുസ്തകങ്ങൾ ചെറിയ വിലയ്ക്ക് വാങ്ങി വിപണിയിലെത്തിക്കാമെന്ന ആശയം വൻ നേട്ടമാണ് അദ്ദേഹത്തിന് ഉണ്ടാക്കികൊടുത്തത്. ഇതിലൂടെ പുതിയ പ്രസാധകെൻറ ജനനവും നടക്കുകയായിരുന്നു. 'പഴയ പുസ്തകങ്ങളുടെ മേള' സംഘടിപ്പിച്ചാണ് പുസ്തക വിൽപന മേഖലയിലേക്ക് കടന്നത്. ഈ ആശയം അവതരിപ്പിച്ചതും പോളി കെ. അയ്യമ്പിള്ളിയാണ്. എറണാകുളം ടൗൺഹാളിലായിരുന്നു ഇത്തരത്തിലെ ആദ്യ മേള ആരംഭിച്ചത്. ആദ്യ സംരംഭം വൻ വിജയമായി. ഇതോടെ സമാന രീതിയിൽ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ മേളകൾ സംഘടിപ്പിച്ചു. ചില സ്‌ഥലങ്ങളിൽ പതിവ് മേളകളും വിൽപനകേന്ദ്രങ്ങളും ആരംഭിച്ചു. പഴയ പുസ്തകങ്ങളുടെ മേളകളിലെ വിജയമാണ് അദ്ദേഹത്തെ പെൻ ബുക്സ് എന്ന പേരിൽ സ്വന്തം സ്‌ഥാപനം ആരംഭിക്കുന്നതിന് പ്രേരിപ്പിച്ചത്. ഇംഗ്ലീഷ് പഠിക്കാൻ ഒരു ഫോർമുല, ഇംഗ്ലീഷ് റിവേഴ്സ് ഡിക്ഷണറി, കർണാടക സംഗീത പഠനസഹായിയായ സപ്‌തസ്വരങ്ങൾ, കമ്പ്യൂട്ടർ കംപാനിയൻ, കമ്പ്യൂട്ടർ പഠിക്കാനൊരു ഫോർമുല തുടങ്ങി നിരവധി പുസ്തകങ്ങൾ പുറത്തിറക്കി. ഇവക്കെല്ലാം വൻ പ്രചാരം ലഭിച്ചു. ചുരുങ്ങിയ നാളുകൾക്കകം 1500ഓളം പുസ്തകങ്ങൾ പുറത്തിറക്കി. ഏഴ് ലക്ഷത്തോളം കോപ്പിയാണ് ഇംഗ്ലീഷ് പഠിക്കാൻ ഒരു ഫോർമുല വിറ്റുപോയത്. ആലുവ യു.സി കോളജിൽ ബിരുദ വിദ്യാർഥിയായിരിക്കെ കലാരംഗത്ത് തെൻറ കഴിവ് അദ്ദേഹം തെളിയിച്ചിരുന്നു. അന്നേ കഥയിലും കവിതയിലുമെല്ലാം മികവ് തെളിയിച്ച പോളി തന്നെയാണ് പുസ്തകങ്ങളുടെ പരസ്യങ്ങളും തയാറാക്കിയിരുന്നത്. വി.എസ്. അച്യുതാനന്ദൻ, കവി എ. അയ്യപ്പൻ, നവാബ് രാജേന്ദ്രൻ എന്നിവരുടെ ആത്മകഥകൾ പോളിയുടെ നേതൃത്വത്തിലാണ് പുറത്തിറക്കിയത്. പുസ്തക പ്രസാധക മേഖലയിൽനിന്നും ലഭിച്ച വരുമാനമെല്ലാം റിയൽ എസ്‌റ്റേറ്റ് മേഖലയിലാണ് അദ്ദേഹം നിക്ഷേപിച്ചത്. പെൻ പ്രോപ്പർട്ടീസ്, പെൻ ബിൽഡേഴ്സ് എന്നിവക്കായാണ് പണം മുടക്കിയത്. മൂന്നാറിനടുത്ത് ഹോട്ടലും തുറന്നിരുന്നു. എന്നാൽ, ഇത് വൻ പരാജയമായി മാറുകയായിരുന്നു. ഇതോടെ പെൻ ബുക്സിനും മരണമണിയായി. ഇതേതുടർന്ന് പെൻ ബുക്സിെൻറ ഷോപ്പുകൾ അടച്ചുപൂട്ടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.