ഫ്ലാറ്റിലെ തീപിടിത്തം; പൊള്ളലേറ്റ യുവതി അപകടനില തരണംചെയ്തു

ചെങ്ങമനാട്: ചൊവ്വാഴ്ച രാവിലെ ദേശം കുന്നുംപുറം സ്വര്‍ഗം റോഡിലെ ഫ്ലാറ്റില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ എയര്‍ഹോസ്റ്റസ് ജാക്യൂലിന്‍ ട്രീസ (27) അപകടനില തരണംചെയ്തു. വിദഗ്ധചികിത്സക്ക് എറണാകുളം മെഡിക്കല്‍ സ​െൻറര്‍ ആശുപത്രിയിലെ തീവ്ര പരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതിനിടെ, പാചകവാതകം എങ്ങനെയാണ് ചോര്‍ന്ന് അപകടമുണ്ടായതെന്നും ഏതു കമ്പനിയുടെ സിലിണ്ടറുകളാണെന്നുമുള്ള കാര്യം യുവതിയുടെ മൊഴിയെടുത്ത ശേഷം മാത്രമേ വ്യക്തമാകൂ. ഫിലിപ്പ് കുരുവിളയുടെ ഉടമസ്ഥതയിലുള്ള 13 നിലകളുള്ള പ്രൈംറോസ് എന്ന ഫ്ലാറ്റി​െൻറ ഒമ്പതാംനിലയിലായിരുന്നു എയര്‍ഹോസ്റ്റസും മൂന്ന് വയസ്സുള്ള പെണ്‍കുഞ്ഞും താമസിച്ചിരുന്നത്. ഭര്‍ത്താവ് വടക്കെ ഇന്ത്യയില്‍ ബിസിനസുകാരനാണ്. അടുക്കളയിലെ ഗ്യാസ് അടുപ്പില്‍ ലൈറ്റര്‍ കത്തിച്ച ഉടൻ ഉഗ്രസ്ഫോടന രൂപത്തിലായിരുന്നു തീപാറിയത്. ഉടൻ അടുക്കളയില്‍നിന്ന് രക്ഷപ്പെട്ട് മുറിയില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞിനെയുമെടുത്ത് പുറത്തുകടക്കാന്‍ സാധിച്ചതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. തീപിടിത്തത്തിലും പൊട്ടിത്തെറിയിലും കിടപ്പുമുറി ഒഴികെ ഫര്‍ണീച്ചറുകളും ഇലക്ട്രിക് ഉപകരണങ്ങളടക്കം കത്തിനശിച്ചു. അതിനിടെ, ചട്ടങ്ങള്‍ പലതും ലംഘിച്ചാണ് പ്രദേശത്തെ അഞ്ച് ഫ്ലാറ്റുകളും പ്രവര്‍ത്തിക്കുന്നതെന്ന് ആക്ഷേപമുണ്ട്. യുവതി സുഖം പ്രാപിച്ചുവന്ന ശേഷമായിരിക്കും മൊഴിയെടുക്കുക. അതിനു ശേഷമായിരിക്കും ഫ്ലാറ്റുടമയുടെ പേരില്‍ നടപടിയെടുക്കുന്നതടക്കമുള്ള കാര്യം ആലോചിക്കുകയെന്നും നെടുമ്പാശ്ശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എം. ബൈജു 'മാധ്യമ'ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.