ആലുവ: എടത്തലയിൽ ബൈക്ക് യാത്രികൻ ഉസ്മാനെ പൊലീസ് മർദിച്ച സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലുണ്ടായ സംഘർഷത്തിനിടെ വനിത എസ്.ഐക്ക് പരിക്കേറ്റെന്ന പരാതിയിൽ 12 പേരെ അറസ്‌റ്റ് ചെയ്തു. ആലുവ സ്‌റ്റേഷനിലെ വനിത എസ്.ഐ ജെർട്ടീന ഫ്രാൻസിസിന് പരിക്കേറ്റെന്ന പരാതിയിലാണ് പൊലീസ് വീടുവളഞ്ഞ് ഇവരെ കസ്‌റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. എടത്തല സ്വദേശികളായ മുരിങ്ങാശ്ശേരി ഹാരിസ്, തേക്കുംപറമ്പിൽ രാജ്, കുഞ്ചാട്ടുകര സ്വദേശികളായ നെല്ലിക്കാത്തുകുടി ഇബ്രാഹിം, നിതീഷ്, കൈപ്പിള്ളി വീട്ടിൽ അനസ്, ചേനക്കാര അബ്‌ദുസ്സലാം, മാടപ്പിള്ളി വീട്ടിൽ ഷമീർ, വടക്കേടത്ത് അൻവർ, നെല്ലിക്കാത്തുകുഴി കുഞ്ഞുമുഹമ്മദ്, പെങ്ങാട്ടുശേരി കോന്നംകുളം വീട്ടിൽ ഹാരിസ്, എടത്തല കൈപ്പിള്ളി യാസിർ, നൊച്ചിമ ചന്ദ്രത്തിൽ ഷഫീക് എന്നിവരെയാണ് പിടികൂടിയത്. 11 പേർ കോൺഗ്രസുകാരും ഒരാൾ എസ്.ഡി.പി.ഐക്കാരനുമാണ്. സ്ത്രീത്വത്തെ അപമാനിച്ചതിനും കൃത്യനിർവഹണത്തിന് തടസ്സം വരുത്തിയതിനും കടുത്ത ദേഹോപദ്രവം ഏൽപ്പിച്ചതിനുമാണ് കേസ്. കണ്ടാലറിയാവുന്ന 200ഓളം പേർക്കെതിരെയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരുന്നത്. വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. 14 പേരെ പിടികൂടിയെങ്കിലും രണ്ടുപേരെ പ്രതികളല്ലെന്ന് വ്യക്തമായതിനെ തുടർന്ന് വിട്ടയച്ചു. ജൂൺ അഞ്ചിന് രാത്രി ആലുവ ജില്ല ആശുപത്രിയിലാണ് കേസിനാസ്പദമായ സംഭവം. പൊലീസ് മർദനമേറ്റ ഉസ്മാന് ജില്ല ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയശേഷം തിരികെ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാനുള്ള നീക്കം തടഞ്ഞതിനിടെയാണ് വനിത എസ്.ഐക്ക് പരിക്കേറ്റതായി പരാതി. പ്രതികളെ ആലുവ കോടതി റിമാൻഡ് ചെയ്തു. നാലാംമൈൽ പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തിയ 30ഓളം പേർക്കെതിരെയും എസ്.പി ഓഫിസിലേക്ക് മാർച്ച് നടത്തിയ 200 ഓളം പേർക്കെതിരെയും മറ്റൊരു കേസെടുത്തിട്ടുണ്ട്. ഇതുവരെ ആരെയും അറസ്‌റ്റ് ചെയ്തിട്ടില്ല. എന്നാൽ, ജില്ല ആശുപത്രിയിൽ നടന്ന സംഭവത്തിൽ പങ്കുണ്ടെന്ന് മുഖ്യമന്ത്രി പോലും ആരോപിച്ചയാളെ അറസ്‌റ്റ് ചെയ്യാതെ വിട്ടതിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. ചൊവ്വാഴ്ച രാത്രിയാണ് പ്രതികളെ പൊലീസ് വീടുവളഞ്ഞ് പിടികൂടിയത്. ചൊവ്വാഴ്ച വൈകീട്ട് വരെ വീട്ടിൽ ഉണ്ടായിരുന്ന ആരോപണവിധേയന് പൊലീസ് തന്നെ രക്ഷപ്പെടാൻ വഴിയൊരുക്കിയെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി ആരോപിച്ചു. റെയ്ഡ് നിശ്ചയിച്ച പൊലീസുകാർ തന്നെ ഇയാൾക്ക് വിവരം ചോർത്തി നൽകുകയായിരുന്നെന്നും വിശദ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.